ഗള്‍ഫില്‍ ജോലിക്കാരനായ ഭര്‍ത്താവ് നാട്ടില്‍ സ്വപ്നസൗധം പണിതിട്ട് ഒന്നരവര്‍ഷമേ ആയുള്ളൂ. അതിനിടയിലാണ് പുതുമയുടെ മണം വിട്ടുമാറാത്ത ആ ആഡംബരവീട്ടില്‍,, രക്തം ചിന്തിക്കൊണ്ടുള്ള ഭാര്യയുടെ അപകടമരണം സംഭവിച്ചത്. അതും ആഡംബരത്തിന്റെ പ്രതീകമായി ഫിറ്റ് ചെയ്ത ബാത്ത് റൂമിലെ നിലത്ത് മുട്ടാത്ത (വോള്‍മൗണ്ട്- wall-mount closet ) ക്ലോസറ്റ് മൂലം. നിലത്തുമുട്ടാത്ത വോള്‍ മൗണ്ട് ക്ലോസറ്റ് എങ്ങിനെ തന്റെ സ്വപ്ന ജീവിതം തകര്‍ത്തുകളഞ്ഞു എന്നാണ് സജീഷ് മണ്ണൂര്‍ ഫെയ്സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. വോള്‍ മൗണ്ട് ക്ലോസറ്റിലിരുന്ന തന്റെ ഭാര്യ ക്ലോസറ്റ് തകര്‍ന്ന് വീണ് അതിന്റെ ചില ഭാഗങ്ങള്‍ ശരീരത്തില്‍ തറച്ചുണ്ടായ രക്തസ്രാവത്താല്‍ മരിച്ചുപോയി എന്നും സജീഷ് മണ്ണൂര്‍ കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ കുറിപ്പ് വൈറലായി പ്രചരിക്കുന്നു.
സജീഷ് മണ്ണൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…:
സുഹൃത്തുക്കളെ,
നിങ്ങളിൽ ഭൂരിഭാഗവും എന്റെ (സജീഷ് )ഭാര്യ ഹരിപ്രിയക്ക് സംഭവിച്ച ദുരന്തം അറിഞ്ഞു കാണുമല്ലോ? 16 വർഷം എന്റെ കൂടെ എന്റെ നിഴലായി നടന്ന അവളുടെ ആകസ്മിക മരണത്തിൽ തകർന്നു പോയ എന്നെയും കുടുംബത്തെയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിച്ച എല്ലാവർക്കും നന്ദി.
ഞങ്ങൾ ഞങ്ങളുടെ സ്വപ്ന സൗധം പണിത് താമസം തുടങ്ങിയിട്ട് ഒന്നര വർഷമേ ആകന്നുള്ളൂ. നാട്ടിലില്ലാത്തതിനാൽ വീട് പണിയുവാൻ ഫുൾ കോൺട്രാക്ട് നൽകുകയായിരുന്നു. ബാത്റൂമുകളിൽ കൂടുതൽ ഭംഗിയും വൃത്തിയുമുള്ള പ്രമുഖ കമ്പനിയുടെ വാൾ മൗണ്ട് ക്ലോസറ്റുകൾ കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും ഞങ്ങൾ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ബാത്റൂമിൽ പോയ ഭാര്യ പ്രസ്തുത ക്ലോസറ്റ് പൊട്ടി താഴോട്ട് പതിച്ച് ചിതറിത്തെറിച്ച് അതിന്റെ മൂർച്ചയേറിയ ഭാഗങ്ങൾ തുടയിലും വയറ്റിലും കുത്തിക്കയറി, ചോര വാർന്ന് ആരുമറിയാതെ മരണപ്പെടുകയായിരുന്നു. ഞാൻ ജോലി സംബന്ധമായി തിരുവനന്തപുരത്തും 14 ഉം 11 ഉം വയസ്സുള്ള മക്കൾ കളിക്കുകയുമായിരുന്നു.
ഇപ്പോൾ പലരും പറയുന്നു ഇത്തരം വാൾ മൗണ്ട് ക്ലോസറ്റുകൾ അപകടകാരികൾ ആണ് എന്നും ധാരാളം പേർക്ക് ഇങ്ങനെ പരിക്ക് പറ്റിയിട്ടുണ്ട് എന്നും. ഇത് ഫിറ്റ് ചെയ്യുന്നേരം ആരും ഇങ്ങനെ ഒന്ന് പറയുകയുണ്ടായില്ല.
അത് കൊണ്ട് പുതുതായി വീട് പണിയുന്നവരും ഇത്തരം ക്ലോസറ്റുകൾ ഉപയോഗിക്കുന്നവരും അൽപ്പം ജാഗ്രത പുലർത്തുക. പുറംഭംഗിയിലല്ല കാര്യം. നിലത്ത് സീറ്റിംഗ് ഉള്ള ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാകും നല്ലത് എന്ന് തോന്നുന്നു. കൂടാതെ പരിചയ സമ്പന്നരായ പ്ലംബർമാരെ ജോലി ഏൽപ്പിക്കുക. കാരണം ഇതിന്റെയൊന്നും ABCD അറിയാത്തവരാണ് നമ്മളിൽ ഭൂരിപക്ഷവും . ഇതിന്റെ ദോഷവശങ്ങൾ ഒരു ബിൽഡറോ കമ്പനിയോ നിങ്ങളോട് ഒരിക്കലും പറയുമെന്ന് തോന്നുന്നില്ല.
ഈ ദുരന്തത്തിന്റെ ഭീകരത മനസ്സിലാകാത്തവർക്കായി പ്രസ്തുത ബാത്റൂമിന്റെ ഒരു ഫോട്ടോ കൂടെ ചേർക്കുന്നു.
സജീഷ് മണ്ണൂര്‍
എന്ന് അകാലത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭർത്താവും അമ്മയെ നഷടപ്പെട്ട മക്കളും.(സജീഷ് മണ്ണൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: