ആദ്ധ്യാത്മികതയും ഭൗതികതയും തമ്മിലെന്താണു ബന്ധം? ആലോചിച്ചാല്‍ രസകരമാണ്. ആദ്ധ്യാത്മിക പഠനം എന്നു കേട്ടാല്‍ ഭൂരിഭാഗം പേരും അസ്വസ്ഥരാകും. ഇതൊന്നും നമുക്കു പറ്റുന്നതല്ല, എന്നാണു പലരുടേയും അഭിപ്രായം. അതെന്താണ്?
ആത്മചിന്തയാണ് ആദ്ധ്യാത്മികത. ആത്മാവ് എന്നാല്‍ ആന്തരികബോധം തന്നെയാണ്. അത് നമ്മുടെ അടിസ്ഥാനവുമാണ്. ആത്മാവ് ബ്രഹ്മത്തില്‍ നിന്നുറവെടുക്കുന്നു. അതായത് പ്രപഞ്ച സൃഷ്ടികര്‍ത്താവില്‍ നിന്നും. ആത്മാവിന് പ്രവര്‍ത്തിക്കാന്‍ ശരീരവും അന്ത:കരണങ്ങളും തുന്നു. അതും ആ ഏകമായ ബ്രഹ്മം തന്നെയാണ്തരുന്നത്. ശരീരവും മനസ്സും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഊര്‍ജ്ജസംഭരണത്തിനുള്ള എല്ലാ സംവിധാനങ്ങളും പ്രകൃതി ഒരുക്കിത്തരുന്നു. സൂര്യനും ചന്ദനും ഗ്രഹ, നക്ഷത്ര സമൂഹങ്ങളും സംവിധാനം ചെയ്ത് നിര്‍ത്തിയിട്ടുണ്ട്. ഭൂമിയിലോ വായുവും ജലവും വിവിധ ഭക്ഷ്യവസ്തുക്കളും ഒരുക്കിയിട്ടുണ്ട്.
കോടിക്കണക്കിനു സസ്യജാലങ്ങള്‍ മഴയില്‍ ആര്‍ത്തലച്ചു പൊങ്ങി വരും. അവയിലെ ഇലയും പൂവും കായും പഴങ്ങളും തിന്ന് പക്ഷി-മൃഗങ്ങള്‍ പെറ്റുപെരുകും. സസ്യങ്ങളെല്ലാം സസ്യഭോജികളായ ജന്തുക്കള്‍ തിന്നും. അവ നിറഞ്ഞു കവിയാതെ മാംസഭോജികള്‍ ഭക്ഷണമാക്കും. മാംസഭോജികള്‍ പെരുകുമ്പോള്‍ അവയെ മനുഷ്യന്‍ വേട്ടയാടി നശിപ്പിക്കും. ഭൂമിയില്‍ മനുഷ്യര്‍ നിറയുമ്പോഴോ! പ്രളയമോ മഹാമാരിയോ യുദ്ധമോ വന്ന് മനുഷ്യ ജനസംഖ്യയും നിയന്ത്രിക്കും. ഇങ്ങനെ നമ്മളറിയാതെ തന്നെ ബ്രഹ്മം സുന്ദരമായ രീതിയില്‍ ലോകം മുന്നോട്ടു കൊണ്ടുപോകും. മനുഷ്യര്‍ ബേജാറാവേണ്ട.
പക്ഷേ മനുഷ്യന് മറ്റൊരു ഉത്തരവാദിത്തമുണ്ട്. എന്തെന്നോ?
മനുഷ്യനും ഒരു ജന്തു തന്നെ. വായുവും ജലവും ഭക്ഷണവും കൊണ്ട് ജീവിക്കുന്ന ജന്തു. പക്ഷേ അവന് മറ്റു ജന്തുക്കളേക്കാള്‍ കൂടുതല്‍ ബുദ്ധിയുണ്ട്. ബുദ്ധിപൂര്‍വം ചിന്തിക്കാനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കഴിവുണ്ട്. മറ്റുളള ജന്തുക്കള്‍ക്കെല്ലാം ജന്മവാസനകള്‍ വച്ചു മാത്രമേ ജീവിക്കാനാവൂ. എന്നാല്‍ മനുഷ്യനു സ്വന്തം ജീവിതത്തെപ്പറ്റിയും ഉറവിടത്തെപ്പറ്റിയുമെല്ലാം ചിന്തിക്കാനും തന്റെ അസ്തിത്വത്തെ വിശകലനം ചെയ്ത് യഥാര്‍ത്ഥമായ ആനന്ദം കണ്ടെത്താനുമാവും.
ഒരു ജീവി പരമാനന്ദത്തിലേയ്‌ക്ക് എത്തുന്നതിന് 84 ലക്ഷത്തോളമുള്ള വിവിധ ജീവിവര്‍ഗ്ഗങ്ങളിലെല്ലാം ജന്മമെടുത്തിട്ടാണേ്രത ‘മനുഷ്യന്‍’ എന്ന ഉത്തമ ജന്തുവിലേയ്‌ക്ക് എത്തിപ്പെടുന്നത്. മനുഷ്യനായിത്തന്നെ അനേകം ജന്മങ്ങള്‍ എടുത്താലേ തന്നില്‍ നിറഞ്ഞ പരംപൊരുളായ ബ്രഹ്മത്തെ അറിയാനും അനുഭവിക്കാനുമാവൂ. അതിലേയ്‌ക്കുള്ള വഴിയാണ് ആദ്ധ്യാത്മിക ജ്ഞാനം.
ആദ്ധ്യാത്മികജ്ഞാനം ലഭിക്കാന്‍ എന്താണു വഴി? ഭൗതിക ജീവിതം മെച്ചപ്പെടുത്തി നല്ല ചിന്തയും നല്ല പ്രവര്‍ത്തിയും ചെയ്താലേ അതു സാധിക്കൂ. അതിനെന്തു വഴി? ഭഗവത് ഗീതയില്‍ ഭഗവാന്‍ പറയുന്നു. ഭൗതിക ജീവിതം നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ ചിന്തകളിലേയ്‌ക്ക് പ്രവഹിക്കുന്ന അറിവുകള്‍ കൊണ്ടാണ് നടക്കുന്നത്. ഈ ചിന്തകള്‍ തെറ്റോ ശരിയോ എന്നു വ്യവച്ഛേദിച്ചറിയുന്നത് ബുദ്ധിയാണ്. ബുദ്ധിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്. അത് നമ്മുടെ ഉള്ളില്‍ ജീവിതത്തെത്തന്നെ നിലനിറുത്തുന്ന മൂന്ന് ഘടകങ്ങളാണ്. സത്വം, രജസ്സ്, തമസ്സ് എന്നിവയാണ് ഈ ഗുണങ്ങള്‍.
ഈ മൂന്നു ഗുണങ്ങളാണ് മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്നത്. ചിന്തകള്‍ സൃഷ്ടിക്കുന്ന സത്വഗുണം, നമ്മളെ പ്രവര്‍ത്തന നിരതമാക്കുന്നതു രജോഗുണം, വിശ്രമത്തിനും
ഉറക്കത്തിനും തമോഗുണം. ഇവയുടെ ഏറ്റക്കുറച്ചിലില്‍ മനുഷ്യ സ്വഭാവത്തിനുവ്യത്യാസം വരും. അവിടെയാണ് ഈശ്വര സൃഷ്ടിയിലെ വര്‍ണ്ണ വൈജാത്യങ്ങളുടെ വിശദീകരണം വരുന്നത്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ,ശൂദ്ര വര്‍ണ്ണങ്ങള്‍ മനുഷ്യരുടെ ഗുണകര്‍മ്മങ്ങള്‍ക്കനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നുവെന്ന് ഭഗവത് ഗീത അദ്ധ്യായം 4-ല്‍ 13-ാം ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു.
സത്വഗുണം കൂടുതലുള്ള മനുഷ്യനാണ് ബ്രാഹ്മണന്‍. പ്രവര്‍ത്തനശേഷി കൂടിയ ക്ഷത്രിയനില്‍ മുന്നിട്ടു നില്‍ക്കുന്നത് രജോഗുണമാണ്. വൈശ്യനാകട്ടെ ആദ്യം രജോഗുണവും പിന്നാലെ തമോഗുണവും മൂന്നാമതായി സത്വഗുണവും വരും. ശൂദ്രനില്‍ തമോഗുണമാണ് മുന്നില്‍. രണ്ടാമതു രജോഗുണവും മൂന്നാമത് സത്വഗുണവും.
വേദകാലത്ത് കുട്ടികളിലെ സ്വഭാവമനുസരിച്ച് ഗുരുക്കന്മാരായിരുന്നു വര്‍ണ്ണം തീരുമാനിച്ചിരുന്നത്. ഒരു കുടുംബത്തില്‍ തന്നെ സഹോദരങ്ങള്‍ പല വര്‍ണ്ണങ്ങളില്‍ പെട്ടിരുന്നു. ഇരട്ടക്കുട്ടികളാണെങ്കില്‍ പോലും ഒരാള്‍ ബ്രാഹ്മണനോ മറ്റേയാള്‍ ശൂദ്രനോ ആകാം. ഇങ്ങനെ വ്യക്തമായ കാഴ്ചപ്പാടോടെ ചലിച്ച ഈ വ്യവസ്ഥിതി കാലക്രമേണ ജന്മ കേന്ദ്രീകൃതമായി.
മനുഷ്യ ജന്മത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നില്‍ നിറഞ്ഞിരിക്കുന്ന ഈശ്വരനെ അറിഞ്ഞ്, ഈ ലോകം മുഴുവന്‍ തന്നില്‍ത്തന്നെയുള്ള ആ ഈശ്വരനാണ് നിറഞ്ഞിരിക്കുന്നതെന്നുള്ള അറിവിലേയ്‌ക്കെത്തുന്ന മോക്ഷപ്രാപ്തിയാണ്. അതിലേയ്‌ക്കെത്താന്‍ അനേകം മനുഷ്യജന്മങ്ങള്‍ എടുക്കേണ്ടി വരും. ഓരോ ജന്മത്തിലും സ്വന്തം ഗുണങ്ങള്‍ കൊണ്ട് കര്‍മ്മഫലങ്ങളായി ആര്‍ജ്ജിക്കുന്ന അനുഭവങ്ങള്‍ തന്നെയാണു ഗുരു. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഭാവിജന്മങ്ങളും നിശ്ചയിക്കപ്പെടുന്നതെന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു.
പൂര്‍വ്വജന്മത്തില്‍ ആര്‍ജ്ജിച്ച വാസനകള്‍ ഓരോരുത്തരിലും ഉണ്ടാകും. പാരമ്പര്യം കഴിവുകളില്‍ പ്രകടമാവാറുണ്ടല്ലോ. മുന്‍വിധികള്‍ മാറ്റി, മനുഷ്യരാശിയേയും പ്രകൃതിയേയും പ്രപഞ്ചത്തേയും ആത്മാവിനേയും സംബന്ധിച്ച് ഋഷിമാര്‍ പകര്‍ന്ന അറിവുകള്‍ ആത്മാര്‍ത്ഥതയോടെ പഠിക്കാനായാല്‍, പ്രചരിപ്പിക്കാനായാല്‍ ഈ ലോകം സ്വര്‍ഗ്ഗമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക