അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലോക്‌സഭ, അന്ന് മരണപ്പെട്ടവര്‍ക്ക് അനുശോചനവും രേഖപ്പെടുത്തി. ഇതിനായി സ്പീക്കര്‍ ഓം ബിര്‍ള പ്രമേയം അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ അസ്വസ്ഥരായിരുന്നു. തെറ്റായ കീഴ്‌വഴക്കമായി കുറ്റപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസുകാരെ കുണ്ഠിതരാക്കുന്നതായി രാഷ്‌ട്രപതിയുടെ പ്രസംഗം. അതില്‍ അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. ഭരണഘടനയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ കടന്നുകയറ്റമായിരുന്നു അടിയന്തരാവസ്ഥ എന്നുവരെ പറഞ്ഞു രാഷ്‌ട്രപതി. പോരെ പൂരം. കോണ്‍ഗ്രസുകാര്‍ ഇനിയെന്ത് പറയും?
ഇന്ദിരയെന്നാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ആവേശമാണത്രെ. അവരുടെ കരുത്തും കരുണയും വര്‍ണിക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇപ്പോഴുമുണ്ട്. അടിയന്തരാവസ്ഥയുടെ ദുര്‍ഭൂതമൊന്നും അവരെ അകറ്റുന്നില്ല. കൊടിയ മര്‍ദ്ദനവും തടവറയുമെല്ലാം അവര്‍ ആഗ്രഹിക്കുന്നതുപോലെ നടന്നു. അന്നുനടന്ന ഒരു സംഭവത്തിലും അവര്‍ക്ക് ദുഃഖമില്ല. അന്ന് നടന്നതെല്ലാം നല്ലതുമാത്രം. സിപിഐ പോലും പറഞ്ഞില്ലെ ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥയെന്ന്. നാവടക്കൂ പണിയെടുക്കൂ എന്ന മുന്നറിയിപ്പ് മുഖവിലക്കെടുത്ത് മാടുപോലെ പണിയെടുത്തില്ലെ. അന്ന് ഭരണഘടനയെക്കുറിച്ച് ഓര്‍ത്തതേയില്ല. ഇന്ന് രാഹുലിന്റെ ആഹ്വാനം കേട്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലല്ലൊ. അക്കൂട്ടത്തില്‍ സിപിഎമ്മുകാരുമുണ്ട്. നമ്മുടെ കെ.രാധാകൃഷ്ണും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണല്ലൊ നിന്നത്.
ഇന്‍ഡി മുന്നണിക്കാരെല്ലാം പതിനെട്ടാം ലോക്‌സഭയുടെ ഒന്നാം സമ്മേളനത്തിന് അണിനിരന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണല്ലൊ. സിപിഎമ്മുകാരും ഡിഎംകെക്കാരും ജനതാദള്‍കാരും എന്നുവേണ്ട അടിയന്തരാവസ്ഥയെ എതിര്‍ത്തുനിന്നു എന്നവകാശപ്പെടുന്നവരെല്ലാം ഭരണഘടന പൊക്കിപ്പിടിച്ചു. എന്നാല്‍ അടിയന്തരാവസ്ഥയില്‍ ഭരണഘടന എവിടെയായിരുന്നു? കണ്ടവരുണ്ടോ, കേട്ടവരുണ്ടോ? ഭരണഘടന അനുവദിച്ചുനല്‍കിയ അവകാശങ്ങളെല്ലാം കുഴിച്ചുമൂടി. ചിന്തിക്കാനും ചിരിപ്പിക്കാനും ചലിക്കാനുമുള്ള സ്വാതന്ത്ര്യം പോലും നിഷേധിച്ചു. ഭാരത് മാതാ കി ജയ്, മഹാത്മാഗാന്ധി കി ജയ് എന്ന മുദ്രാവാക്യം പരസ്യമായി മുഴക്കുന്നതിന് പോലും സ്വാതന്ത്ര്യമില്ല. ആ മുദ്രാവാക്യം വിളിച്ചതിനായിരുന്നല്ലൊ നൂറുകണക്കിനാളുകളെ അറസ്റ്റുചെയ്ത് കല്‍ത്തുറുങ്കിലടച്ചത്. എന്തിനാടാ വേറൊരു ഗാന്ധി? ഇന്ദിരാഗാന്ധി മാത്രം പോരെ എന്നായിരുന്നില്ലെ പോലീസുകാരുടെ ചോദ്യം.
‘ഇന്ത്യ ഈസ് ഇന്ദിര. ഇന്ദിരാ ഈസ് ഇന്ത്യ’ എന്ന മുദ്രാവാക്യം വിളിച്ച ഡി.കെ.ബറുവയെ അറിയില്ലെ? കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു അയാള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞാല്‍ അതുമതിയല്ലോ. ധീരതയോടെ നയിക്കാന്‍ ഇന്ദിരാഗാന്ധിക്ക് മുദ്രാവാക്യം മുഴക്കി കരുത്തേകിയ കോണ്‍ഗ്രസുകാരാണ് കേരളത്തിലും. അവരാണ് പ്രിയങ്കയെ വാഴ്‌ത്തുന്നത്. ഇന്ദിരയുടെ മുഖമാണവര്‍ക്ക്. ഇന്ദിരയുടെ മൂക്കാണവര്‍ക്ക്. ഇന്ദിരയുടെ മുടിയാണവര്‍ക്ക് എന്ന് വാഴ്‌ത്തുന്ന കോണ്‍ഗ്രസുകാര്‍ക്ക് ഇഷ്ടപ്പെടാന്‍ ഇതുതന്നെ ധാരാളമെന്നാണ് പറയുന്നത്. ഇതൊന്നും രാഹുലിന് ഇല്ലല്ലൊ. ഇതോര്‍ക്കുമ്പോഴാണ് പിണറായി പറഞ്ഞത് ഓര്‍ത്തുപോകുന്നത്. ഇയാളുടെ ഡിഎന്‍എ നോക്കണമെന്നത്. പ്രിയങ്കയ്‌ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ലല്ലൊ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് 49 വര്‍ഷം പിന്നിട്ടു. 50-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രിയങ്കയെ അമ്മ സോണിയ തൊട്ടിലില്‍ കിടത്തി ‘രാരിരാരീരം രാരോ’ പാടുന്ന കാലത്താണ് രാജനെ ഉരുട്ടിക്കൊന്നത്. ലക്ഷക്കണക്കിന് ആളുകള്‍ അന്ന് തടവില്‍ കിടക്കുകയായിരുന്നു. ജയിലുകള്‍ നിറഞ്ഞപ്പോള്‍ അറസ്റ്റ് ചെയ്തവരെ കിലോമീറ്ററുകള്‍ അകലെ രാത്രി കാട്ടില്‍ കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു. വാഹന സൗകര്യവും താമസസൗകര്യവും ലഭിക്കാതെ പാവം ജനം കൊടും യാതനകള്‍ അനുഭവിക്കുകയായിരുന്നു. പോലീസിന്റെ ഗരുഡന്‍ തൂക്കവും കസേരയില്ലാതെ കസേരയിലിരുത്തുന്ന അഭ്യാസവുമെല്ലാം സഹിച്ച പാവങ്ങള്‍ ഇന്നും ജീവച്ഛവമായി കഴിയുന്നു.
പല സംസ്ഥാനങ്ങളും ആ സമരത്തെ അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ അങ്ങനയൊരു സംഭവമില്ല. കേരളത്തിലെ മുഖ്യധാരാ പ്രതിപക്ഷമായ സിപിഎം അടിയന്തരാവസ്ഥയെ തത്വത്തില്‍ അംഗീകരിച്ചവരാണ്. തങ്ങള്‍ അടിയന്തരാവസ്ഥയെ ശല്യം ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയവരാണ്. അങ്ങനെ ഉറപ്പുനല്‍കിയതുകൊണ്ടാണ് ഇഎംഎസ് നമ്പൂതിരിപ്പാടടക്കം ജയില്‍ മോചിതനായത്. അടിയന്തരാവസ്ഥക്കെതിരെ സമരം നടത്താന്‍ പ്രൊഫ. എം.പി. മന്മഥന്‍ സാറിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ലോകസംഘര്‍ഷ സമിതിയുമായി സഹകരിക്കാന്‍ കൂട്ടാക്കാത്ത ഇഎംഎസ്, സമരം നടത്തേണ്ടതില്ലെന്ന് അണികള്‍ക്ക് നിര്‍ദേശവും നല്‍കി. ആദ്യം സമരം നടത്തിയ സഖാക്കള്‍ ജയിലില്‍ കിടന്നതല്ലാതെ പിന്നെയാരും ആ വഴിക്ക് ചിന്തിക്കാത്തതിന് കാരണം മറിച്ചല്ല. അന്ന് സമരം നടത്താതിരുന്നതിന്റെ ഫലം 1977 ലെ തെരഞ്ഞെടുപ്പില്‍ കണ്ടു. ഇതര സംസ്ഥാനങ്ങളെല്ലാം കോണ്‍ഗ്രസിനെതിരെ വിധിയെഴുതി. ഇന്ദിരയടക്കം തോറ്റു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വന്‍വിജയം നേടി. ഇഎംഎസ് ജയിലില്‍ കിടന്ന് മോരില്‍ അല്പം വെള്ളം കൂടിപ്പോയി എന്നുപറഞ്ഞാല്‍ തന്നെ പ്രതികരണം വലുതായിരിക്കും. പക്ഷേ അതൊന്നും അന്നുണ്ടായില്ല.
ഇന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികളായ പലരും അന്ന് കോണ്‍ഗ്രസിനൊപ്പമായിരുന്നു. സിപിഐ, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് എന്നിവരെല്ലാം. അടിയന്തരാവസ്ഥക്കെതിരെ ശക്തമായി സമരം നടത്തുകയും തടവറയില്‍ കഴിഞ്ഞവരുടെയും കണക്കെടുത്താല്‍ ഇന്ന് ബിജെപിയിലുള്ളവരും ആര്‍എസ്എസിലുള്ളവരുമാണ് കൂടുതല്‍. അവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ തയ്യാറാകില്ലെന്ന് പറയേണ്ടതില്ലല്ലോ. കോണ്‍ഗ്രസ് മുന്നണിയുടെ കഥ പരിശോധിച്ചാലും സ്ഥിതി മറിച്ചല്ല. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്താന്‍ കഷ്ടപ്പെടുന്നവരാണ് പലസ്ഥലത്തും. അവരാണിപ്പോള്‍ പ്രായശ്ചിത്തം പോലെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നത്. ഭരണഘടനയാണ് എന്റെ മതമെന്ന് 10 വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞ നരേന്ദ്രമോദി ഭരണഘടനയ്‌ക്ക് ഒരു കോട്ടവും വരുത്തിയിട്ടില്ലെന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: