ലോക്‌സഭയുടെ നാഥനായി രണ്ടാം വട്ടവും ഓം ബിര്‍ള തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ അദ്ദേഹത്തെ പിന്തുണച്ച് പ്രധാനമന്തി നരേന്ദ്ര മോദി ആദ്യം അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്താങ്ങി. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം സ്പീക്കര്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഓം ബിര്‍ള. മുന്‍പ് കോണ്‍ഗ്രസ് നേതാവ് ബല്‍റാം ജാഖറിനാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും സ്പീക്കറാകാന്‍ അവസരം കിട്ടിയത്.
പ്രതിപക്ഷം ഡിവിഷന്‍ ആവശ്യപ്പെട്ടില്ല എന്നതും ശ്രദ്ധേയമായി. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇന്‍ഡി മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നാമനിര്‍ദേശം നല്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കൊടിക്കുന്നിലിന്റെ പേര് നിര്‍ദ്ദേശിച്ചുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കിയത്. സഖ്യകക്ഷികളില്‍ എല്ലാവരോടും കൂടിയാലോചിക്കാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായി കൊടിക്കുന്നിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ഇന്‍ഡി മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിട്ടും പേരിനെങ്കിലും പ്രതിപക്ഷം ഡിവിഷന്‍ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കില്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല എന്നതാണ് ഏറെ കൗതുകം.
പ്രധാനമന്ത്രി മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവും ചേര്‍ന്നാണ് സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത്.
സഭാനാഥനായി അഞ്ച് വര്‍ഷം, നേട്ടങ്ങള്‍ ഒരുപിടി
2019 ജൂണ്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ സുപ്രധാന നിയമ നിര്‍മാണങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കുമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് സാക്ഷ്യംവഹിച്ചത്. പല പ്രധാന ബില്ലുകളും ലോക്‌സഭ പാസാക്കി.
1. വനിതാ സംവരണ നിയമം, 2023: നാരീശക്തി വന്ദന്‍ അധീനിയം എന്നും അറിയപ്പെടുന്ന നിയമം ഏകകണ്ഠമായി പാസാക്കി. 106-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു.
2. മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) 2019 പാസാക്കി. ഇതോടെ മുത്തലാഖ് എന്ന ദുരാചാരം അവസാനിച്ചു.
3. പുതിയ ക്രിമിനല്‍ നിയമങ്ങള്‍, 2023: ഇന്ത്യന്‍ ശിക്ഷാനിയമം 1860, ഇന്ത്യന്‍ തെളിവുനിയമം 1872, ക്രിമിനല്‍ നടപടിച്ചട്ടം 1973 എന്നിവയ്‌ക്ക് പകരമുള്ള ഭാരതീയ ന്യായസംഹിത, ഭാരതീയ സാക്ഷ്യനിയമം, ഭാരതീയ നാഗരിക് സുരക്ഷാസംഹിത എന്നീ ബില്ലുകള്‍ ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ചു.
4. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട്, 2023: ഈ നിയമം ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ഡാറ്റാ സംരക്ഷണ നിയമത്തെ അടയാളപ്പെടുത്തുന്നു.
5. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ പാര്‍ലമെന്റില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ അധ്യക്ഷനാകുന്ന ആദ്യ സ്പീക്കര്‍ എന്ന ബഹുമതിയും ഓം ബിര്‍ളയ്‌ക്ക് സ്വന്തം.
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം ആദ്യമല്ല
ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായല്ല മത്സരം നടക്കുന്നത്. അഞ്ച് തവണ ഒന്നിലേറെ പേരെ സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമം അനുസരിച്ച് ആദ്യം നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയെ ലോക്‌സഭാ സ്പീക്കര്‍ ആക്കണമെന്ന പ്രമേയമാണ് പ്രോടെം സ്പീക്കര്‍ ആദ്യം പരിഗണിക്കുക. ആ രീതിയനുസരിച്ച് ആദ്യം നാമനിര്‍ദേശം നല്കിയതിനാല്‍ ഓം ബിര്‍ളയെ തെരഞ്ഞെടുക്കണമെന്നുള്ള പ്രമേയം ആദ്യം പരിഗണിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ പ്രമേയത്തെ അനുകൂലിച്ചോ എതിര്‍ത്തോ അംഗങ്ങള്‍ വോട്ട് ചെയ്യും. അംഗങ്ങള്‍ക്ക് നല്കുന്ന സ്ലിപ്പില്‍ അതെ എന്നോ അല്ല എന്നോ രേഖപ്പെടുത്താം. രഹസ്യവോട്ടെടുപ്പ് ഇല്ല. പ്രോടെം സ്പീക്കറുടെ നേതൃത്വത്തില്‍ എണ്ണിത്തിട്ടപ്പെടുത്തി വിജയിയെ പ്രഖ്യാപിക്കും.
ആദ്യ ലോക്‌സഭയില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് രണ്ട് പേരാണ് മത്സരിച്ചത്. ജി.വി. മാവ്‌ലങ്കറും ശങ്കര്‍ ശാന്താറാം മൊറെയും. നാല്, അഞ്ച്, പത്ത്, പന്ത്രണ്ട് ലോക്‌സഭകളിലും സ്പീക്കര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പത്താം ലോക്‌സഭാ സ്പീക്കറായി ശിവരാജ് പാട്ടീല്‍, എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രമേയം അവതരിപ്പിക്കുന്നില്ലെന്ന നിലപാടിനെ തുടര്‍ന്ന് ശബ്ദവോട്ടോടെ ജയിച്ചു. 12-ാം ലോക്‌സഭയില്‍ ജി.എം.സി. ബാലയോഗിയും ശബ്ദവോട്ടോടെയാണ് ജയിച്ചത്.
ജീവിത വഴി
1962 നവംബര്‍ 23 ന് ശ്രീകൃഷ്ണ ബിര്‍ളയുടേയും ശുകുന്തള ദേവിയുടേയും മകനായി ജനനം. കോട്ടയിലെ ഗവ. കൊമേഴ്‌സ് കോളജ്, അജ്മീറിലെ മഹര്‍ഷി ദയാനന്ദ സരസ്വതി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കൊമേഴ്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1991 ല്‍ അമിത ബിര്‍ളയെ വിവാഹം ചെയ്തു. ആകാന്‍ഷ, അഞ്ജലി എന്നിവരാണ് മക്കള്‍. രാഷ്‌ട്രീയത്തില്‍ എന്നപോലെ ബിസിനസിലും ഓം ബിര്‍ള മികവ് തെളിയിച്ചു.
2014 മുതല്‍ ബിജെപി ടിക്കറ്റില്‍ രാജസ്ഥാനിലെ കോട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍, 2019 ജൂണ്‍ 19 ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 2003 മുതല്‍ 2013 വരെ കോട്ട സൗത്ത് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2003 ല്‍ 10,101 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. കോണ്‍ഗ്രസ് ആയിരുന്നു പ്രധാന എതിരാളി. തുടര്‍ന്ന് വന്ന 2008, 2013 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം ഉയര്‍ത്തിയായിരുന്നു വിജയം. ലോക്‌സഭയിലേക്ക് 2014 ലായിരുന്നു കന്നിയങ്കം. കോട്ട മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. മൂന്ന് തവണ എംപിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: