കൊച്ചി: കോടികള്‍ വില മതിക്കുന്ന കൊക്കെയ്ന്‍ വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കന്‍ സ്വദേശികള്‍ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പിടിയിലായ സംഭവത്തില്‍ യുവതിയുടെ ശരീരത്തില്‍ നിന്നും ഗുളികകളെല്ലാം പുറത്തെടുക്കാനായിട്ടില്ല. ഇവരെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയ്ന്‍ ഉണ്ടെന്നാണ് സൂചന.
താന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) യൂണിറ്റ് പിടികൂടിയത്. ഈ മാസം 16ന് എത്യോപ്യയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതാണിവര്‍. ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ ഇവരെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഗുളിക രൂപത്തിലാക്കി വിഴുങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ഒരാഴ്ചത്തെ ശ്രമഫലമായി ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍ നിന്ന് കൊക്കെയിന്‍ പൂര്‍ണ്ണമായും പുറത്തെടുത്തു.
1.945 കിലോ കൊക്കെയ്‌നാണ് ഇയാളുടെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. ഇതിന് 19 കോടി രൂപ വില വരും. നൂറോളം കൊക്കെയ്ന്‍ ഗുളികകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. ഇയാള്‍ റിമാന്‍ഡിലാണ്. കൊക്കെയ്ന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്.
ആഫ്രിക്കന്‍ സ്വദേശികള്‍ ഇത്തരത്തില്‍ വന്‍തോതില്‍ ഭാരതത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രോളി ബാഗിനടിയില്‍ പ്രത്യേകം അറയുണ്ടാക്കി മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ പൊതുവേ സ്വീകരിച്ചിരുന്നത്. മുംബൈ, ബെംഗളൂരു, ദല്‍ഹി തുടങ്ങിയ വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് കൂടുതലായി പിടികൂടാന്‍ തുടങ്ങിയതോടെയാണ് ആഫ്രിക്കന്‍ സ്വദേശികള്‍ കൊക്കെയ്‌നും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: