ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയ ഉന്നത വൃത്തങ്ങള്‍ ജന്മഭൂമിയോട് പറഞ്ഞു. എന്‍ടിഎ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ സര്‍ക്കാരിന് പ്രതിദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാവില്ലെന്നും വീഴ്ച സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഉള്ളതിനാലാണ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് സുബോധ്കുമാര്‍ സിങിനെ മാറ്റിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
നീറ്റ് പ്രവേശന പരീക്ഷയില്‍ ഏതെങ്കിലും കേന്ദ്രത്തില്‍ മതിയായ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നഷ്ടമായ സമയം അധികമായി നല്‍കുക എന്നതാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത്തവണ അതിന് പകരമായി സമയം നഷ്ടമായ സെന്ററുകളിലെ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി. ഇതാണ് വിവാദങ്ങള്‍ക്കെല്ലാം തുടക്കമായത്. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നടപ്പാക്കിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ പുതിയ ഉന്നതതല വിദഗ്ധ സമിതി പരിശോധിക്കും. എന്‍ടിഎയില്‍ വരുത്തേണ്ട പരിഷ്‌ക്കരണങ്ങളും സമിതി സമര്‍പ്പിക്കും.
നീറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന 4,500ലേറെ കോച്ചിങ് സെന്ററുകളാണ് രാജ്യത്തുള്ളത്. ഈ കോച്ചിങ് സെന്ററുകളുടെ സ്വാധീനം ദല്‍ഹിയില്‍ നടക്കുന്ന സമരത്തിലും കോടതികളിലെ കേസുകളിലും ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. നീറ്റ് പരീക്ഷയില്‍ പാട്നയില്‍ 17 കുട്ടികളാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി പരീക്ഷ എഴുതിയ കേസില്‍ ഡീബാര്‍ നടപടികള്‍ക്ക് വിധേയമായത്. ഗുജറാത്തിലെ ഗോധ്രയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പരീക്ഷാ ക്രമക്കേടുകളില്‍ നടപടികളെടുത്തു. ഇതിന് പുറമേ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കോപ്പിയടി അടക്കമുള്ളവയ്‌ക്ക് പിടിച്ച 63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തതടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുപരീക്ഷാ(അന്യായ രീതികള്‍ തടയുന്നതിനുള്ള) നിയമം അനുസരിച്ചുള്ള നടപടികളും കുറ്റക്കാര്‍ക്കെതിരെയുണ്ടാകും.
പൊതുപരീക്ഷകള്‍ക്കായി 1986 മുതല്‍ സ്വതന്ത്ര സംവിധാനമാണ് നിലവിലുള്ളത്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്താനാവില്ല. പരീക്ഷാ നടത്തിപ്പും ഫലം പ്രസിദ്ധീകരിക്കുന്നതുമെല്ലാം സ്വതന്ത്ര ഏജന്‍സികളാണ്. ഏജന്‍സികളുടെ ചുമതലക്കാരെ നിശ്ചയിക്കുന്നതു മാത്രമാണ് സര്‍ക്കാരിന്റെ കര്‍ത്തവ്യം. എന്നാല്‍ വീഴ്ച കണ്ടെത്തിയപ്പോള്‍ ഏജന്‍സിയുടെ പരിഷ്‌ക്കരണമടക്കം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു, കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതിനിടെ നീറ്റ് – യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാ ഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാതിയെ തുടര്‍ന്നാണ് സിബിഐയുടെ നടപടി.
പ്രത്യേക അന്വേഷണസംഘത്തെത്തന്നെ നിയോഗിച്ചതായി സിബിഐ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ലോക്കല്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബീഹാറിലെ പാട്ന, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
യുജിസി – നെറ്റ്, നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ബിഹാറില്‍ എത്തിയ പ്രത്യേക സിബിഐ സംഘത്തിനുനേരെ ആക്രമണമുണ്ടായി. നവാഡ ജില്ലയിലാണ് അക്രമമുണ്ടായത്. അക്രമികളില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. കാസിയാദിഹ് ഗ്രാമത്തിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണമുണ്ടായത്. വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഒരു വനിത ഉള്‍പ്പെടെ നാലംഗ സിബിഐ സംഘമാണ് ഇവിടെ ആക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: