Samskriti

സാക്ഷാത്കാരത്തിന്റെ ആന്തരിക വെളിച്ചം

Published by

യോന്ത:സുഖോന്തരാരാമസ്തഥാന്തജ്യോതിരേവ യ: ?
സ യോഗീ ബ്രാഹ്മണനിര്‍വാണം ബ്രഹ്മഭൂതോദ്ധ്യധിഗച്ഛതി (ഭഗവദ് ഗീത 5-24)

(ഉള്ളില്‍ സന്തുഷ്ടരായിരിക്കുകയും, ഉള്ളില്‍ ദൈവത്തിന്റെ ആനന്ദം ആസ്വദിക്കുകയും, ആന്തരിക പ്രകാശത്താല്‍ പ്രകാശിക്കുകയും ചെയ്യുന്നവരാരോ, അത്തരം യോഗികള്‍ ഭഗവാനുമായി ഐക്യപ്പെടുകയും ഭൗതിക അസ്തിത്വത്തില്‍ നിന്ന് മോചനം നേടുകയും ചെയ്യുന്നു)

‘ആന്തരിക വെളിച്ചം’ എന്നത് ദൈവാനുഗ്രഹത്താല്‍, നാം അവനു കീഴടങ്ങുമ്പോള്‍ ഉള്ളില്‍ നിന്ന് സാക്ഷാത്കാരത്തിന്റെ രൂപത്തില്‍ നല്‍കപ്പെടുന്ന ദിവ്യമായ അറിവാണെന്ന് പതഞ്ജല യോഗസൂത്രത്തില്‍ ഋതംഭാര തത്ര പ്രജ്ഞ (യോഗസൂത്രം 1-48) സമാധി അവസ്ഥയില്‍ ഒരാളുടെ ബുദ്ധി സത്യത്തിന്റെ സാക്ഷാത്കാരത്താല്‍ നിറയുമെന്ന് സൂചന നല്‍കുന്നു.

ആഗ്രഹത്തിന്റെയും കോപത്തിന്റെയും പ്രേരണകളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അര്‍ജ്ജുനനോട് നിര്‍ദ്ദേശിച്ചതിന് ശേഷം, ഇത് പരിശീലിക്കുന്നതിനുള്ള രഹസ്യ മാര്‍ഗം ശ്രീകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. യോന്ത സുഖോ എന്ന പദത്തിന്റെ അര്‍ത്ഥം ‘ആന്തരികമായി സന്തോഷമുള്ളവന്‍’ എന്നാണ്. ബാഹ്യമായ വസ്തുക്കളില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഒരുതരം സന്തോഷമുണ്ട്, മനസ്സ് ഈശ്വരനില്‍ ലയിക്കുമ്പോള്‍ ഉള്ളില്‍ നിന്ന് അനുഭവിക്കുന്ന മറ്റൊരു തരത്തിലുള്ള സന്തോഷമുണ്ട്. ഉള്ളില്‍ സന്തോഷം അനുഭവിക്കുന്നില്ലെങ്കില്‍, ബാഹ്യമായ പ്രലോഭനങ്ങളെ ശാശ്വതമായി ചെറുക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ ദൈവത്തിന്റെ ആനന്ദം ഹൃദയത്തില്‍ ഒഴുകാന്‍ തുടങ്ങുമ്പോള്‍, ക്ഷണികമായ ബാഹ്യ സുഖങ്ങള്‍ താരതമ്യത്തില്‍ നിസ്സാരമായി തോന്നും. അതിനാല്‍ ഉപേക്ഷിക്കാന്‍ എളുപ്പവുമാണ്. ”സന്ന്യാസിമാരുടെ അന്തര്‍ലീനമായ സ്വഭാവമാണ് അനുകമ്പയുടെ സവിശേഷത. അതില്‍ പ്രചോദിതരായി അവര്‍ തങ്ങളുടെ വാക്കുകളും മനസ്സും ശരീരവും മറ്റുള്ളവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു.”

മനുഷ്യക്ഷേമം പ്രശംസനീയമായ ഒരു ഉദ്യമമാണ്. ശാരീരിക പരിചരണത്തിന് മാത്രം പ്രതിജ്ഞാബദ്ധമായ ക്ഷേമപദ്ധതികള്‍ താല്‍ക്കാലിക ക്ഷേമം മാത്രമേ നല്‍കുന്നുള്ളൂ. ഒരു വ്യക്തിക്ക് വിശക്കുന്നു; അവനു ഭക്ഷണം കൊടുക്കുന്നു, അവന്റെ വിശപ്പ് ശമിക്കുന്നു. എന്നാല്‍ നാല് മണിക്കൂറിന് ശേഷം അയാള്‍ക്ക് വീണ്ടും വിശക്കും.

പക്ഷേ, ആത്മീയ ക്ഷേമം എല്ലാ ഭൗതിക കഷ്ടപ്പാടുകളുടെയും വേരിലേക്ക് പോകുന്നു, ആത്മാവിന്റെ ഈശ്വരബോധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍, ഒരു വ്യക്തിയെ തന്റെ ബോധത്തെ ദൈവവുമായി ഏകീകരിക്കാന്‍ സഹായിക്കുക എന്നതാണ് ഏറ്റവും ഉയര്‍ന്ന ക്ഷേമ പ്രവര്‍ത്തനം. ശുദ്ധീകരിക്കപ്പെട്ട മനസ്സുള്ള ഉന്നതരായ ആത്മാക്കള്‍ ഏര്‍പ്പെടുന്ന ക്ഷേമപ്രവര്‍ത്തനമാണിത്. അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദൈവകൃപയെ കൂടുതല്‍ ആകര്‍ഷിക്കുന്നു, അത് അവരെ പാതയില്‍ കൂടുതല്‍ ഉയര്‍ത്തുന്നു. അവസാനമായി, അവര്‍ മനസ്സിന്റെ പൂര്‍ണ്ണമായ ശുദ്ധീകരണം നേടുകയും ദൈവത്തിന് സമര്‍പ്പണം പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍, അവര്‍ ആത്മീയ മണ്ഡലത്തിലേക്കും ദൈവിക വാസസ്ഥലത്തേക്കും മോചിപ്പിക്കപ്പെടുന്നു.

അതീന്ദ്രിയമായ ആനന്ദം

പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം
ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്‍മഷം (6-27)
മനസ്സ് ശാന്തവും, അഭിനിവേശം കീഴടക്കപ്പെട്ടതും, പാപമില്ലാത്തവനും, ദൈവവുമായി ബന്ധപ്പെട്ട് എല്ലാം കാണുന്നതുമായ യോഗിക്ക് വലിയ അതീന്ദ്രിയ സന്തോഷം ലഭിക്കുന്നു.
യോഗി ഇന്ദ്രിയവസ്തുക്കളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് ദൈവത്തില്‍ ഉറപ്പിക്കുന്ന സമ്പ്രദായം പരിപൂര്‍ണ്ണമാക്കുമ്പോള്‍, വികാരങ്ങള്‍ കീഴടങ്ങുകയും മനസ്സ് പൂര്‍ണ്ണശാന്തം ആവുകയും ചെയ്യും. മുമ്പ്, അത് ദൈവത്തില്‍ കേന്ദ്രീകരിക്കാന്‍ ശ്രമം ആവശ്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് സ്വാഭാവികമായും ദൈവത്തിലേക്ക് പായുന്നു. ഈ ഘട്ടത്തിലെ ഉയര്‍ന്ന ധ്യാനം ദൈവിക ബന്ധത്താല്‍ എല്ലാം കാണുന്നു. ”ഭക്തന്റെ മനസ്സ്, ദൈവസ്‌നേഹത്തില്‍ ഏകീകരിക്കപ്പെട്ടിരിക്കുന്നവന്റെ ബോധം, എപ്പോഴും ദൈവത്തില്‍ ലയിച്ചിരിക്കുന്നു. അത്തരമൊരു ഭക്തന്‍ എപ്പോഴും ഈശ്വരനെ കാണുന്നു, കേള്‍ക്കുന്നു, സംസാരിക്കുന്നു, ചിന്തിക്കുന്നു. ഈ രീതിയില്‍ മനസ്സ് ദൈവത്തില്‍ ലയിക്കുമ്പോള്‍, ആത്മാവ് ഉള്ളില്‍ ഇരിക്കുന്ന ദൈവത്തിന്റെ അനന്തമായ ആനന്ദം അനുഭവിക്കാന്‍ തുടങ്ങുന്നു.

തങ്ങള്‍ പുരോഗമിക്കുകയാണെന്ന് എങ്ങനെ അറിയാന്‍ കഴിയുമെന്ന് സാധകര്‍ ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരം ഈ വാക്യത്തില്‍ ഉണ്ട്. അതീന്ദ്രിയ ആനന്ദം വര്‍ദ്ധിക്കുമ്പോള്‍, മനസ്സ് നിയന്ത്രണവിധേയമാകുകയും ആത്മീയബോധം ഉയര്‍ത്തപ്പെടുകയുമാണെന്നു കണക്കാക്കാം. യോഗമാര്‍ഗ്ഗത്തില്‍ വിലയിരുത്തുമ്പോള്‍ ശ്രീ കൃഷ്ണന്‍ പറയുന്നത്, നാം ശാന്ത-രാജസവും (ആസക്തിയില്‍ നിന്ന് മുക്തരും) അകല്മഷരും (പാപരഹിതരും) ആയിരിക്കുമ്പോള്‍, നാം ബ്രഹ്മഭൂതം (ദൈവസാക്ഷാത്കാരത്തോടുകൂടിയവന്‍) ആയിത്തീരുമെന്ന്. ആ ഘട്ടത്തില്‍ നമുക്ക് ഉത്തമസുഖം (അത്യുന്നതമായ ആനന്ദം) അനുഭവപ്പെടും.
(തുടരും)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക