പുകവലി ആരോഗ്യത്തിന് ഹാനികരമാണ്; അന്തരീക്ഷത്തിന് അപകടകരവുമാണ്; അടുത്ത് നില്‍ക്കുന്നവര്‍ക്ക് അത്യാപത്തുമാണ്. അതുപോലെ തന്നെയാണ് കത്തിച്ചുവലിച്ചശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും. ഇത്തരം ശല്യക്കാരെ സുസ്ഥിര മാര്‍ഗത്തില്‍ ഒതുക്കിത്തീര്‍ക്കാനാണ് യൂറോപ്പിലെ ഒരു നഗരസഭ ഇപ്പോള്‍ മുന്‍കൈ എടുക്കുന്നത്. സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാട്ടിസ്ലാവ. വലിയവന്മാര് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ശേഖരിക്കുന്നതിന് വഴിയോരത്ത് മുഴുവന്‍ പാത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ശേഖരിക്കുന്ന ഫില്‍റ്റര്‍ കുറ്റികളിലെ ടാര്‍ മാലിന്യം സംസ്കരിച്ചെടുത്ത് റോഡ് നിര്‍മ്മാണത്തിനുള്ള ‘അസ്ഫാള്ട്ടി’ല്‍ കലര്‍ത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്. സുസ്ഥിര വികസനത്തിനുള്ള ഈ മാതൃകയില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളും പങ്ക് ചേരുന്നുണ്ട്.
സിഗരറ്റിന്റെ ഫില്‍റ്ററില്‍ അടങ്ങിയിരിക്കുന്ന ടാര്‍ ആണ് ഏറെ അപകടകാരി. അതിനുംപുറമെയാണ് ഘനലോഹങ്ങളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം. ഒപ്പം സെല്ലുലോസ് അസറ്റേറ്റിന്റെ രൂപത്തില്‍ കുടിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളും. ആകാശത്തേക്കും ഭൂമിയിലേക്കും ജലത്തിലേക്കും വ്യാപിക്കുന്ന ഫില്‍റ്റര്‍ വിഷങ്ങള്‍ സൂക്ഷ്മജീവികളെ മുതല്‍ വന്‍മൃഗങ്ങളെയും സസ്യലതാദികളെയും വരെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യശൃംഖലയില്‍ കടന്നുകയറും. വിത്തുകള്‍ മുളയ്ക്കുന്നതിനെയും സസ്യവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും വഴിയൊരുക്കും. ചെറുമത്സ്യങ്ങളെ കൊല്ലും. മനുഷ്യനില്‍ ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ വരുത്തും. അതുകൊണ്ടാണ് ബ്രാട്ടിസ്ലാവയിലെ നഗരസഭ സിഗരറ്റ് കുറ്റികള്ക്കെതിരെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്.
കണക്ക് ശാസ്ത്രജ്ഞന്മാര് പറയുന്നതു പ്രകാരം പ്രതിദിനം
1800 കോടി സിഗരറ്റുകളാണ് ജനം വലിച്ചുതള്ളുന്നത്. അതായത് പ്രതിവര്‍ഷം ആറ് ലക്ഷം കോടി സിഗരറ്റ് കുറ്റികള്‍. പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന കുറ്റികളില്‍ മൂന്നിലൊന്നു മാത്രമേ വഴിയോരത്ത് എത്തുന്നുള്ളൂവെന്നും കണക്കന്മാര്.
ബ്രാട്ടിസ്ലാവയിലെ നഗരസഭയ്ക്ക് പ്രതിദിനം ലഭിക്കുന്നത് 300 കിലോ സിഗരറ്റ് കുറ്റികളാണത്രെ. കൃത്യമായി പറഞ്ഞാല്‍ നൂറ് ലക്ഷം കുറ്റികള്‍. പരിതസ്ഥിതിയുടെ നന്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട ഈ പദ്ധതിക്ക് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചു. 2023 ലെ സോഷ്യല്‍ ഇന്നൊവേഷനുള്ള സോഷ്യല്മാരി പുരസ്കാരത്തിനുള്ള ശിപാര്‍ശ, അതില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: