ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1975 ല്‍ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയെ ശരിയായി അടയാളപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞിട്ടുള്ളത് അക്കാലത്തും പിന്നീടും അതിന്റെ നിശിത വിമര്‍ശകനായിരുന്ന എല്‍.കെ. അദ്വാനിയാണ്.
പത്രമാധ്യമങ്ങള്‍ അടച്ചുപൂട്ടി മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ പോരാടാതെ സമ്പൂര്‍ണമായി വിധേയപ്പെടുകയാണ് ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ചെയ്തത്. അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പും പിന്‍പും പത്രസ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും വാചാലരായിരുന്നവര്‍ ഇതുരണ്ടും ഒരു സ്വേച്ഛാധിപതി നിഷേധിച്ചപ്പോള്‍ കനത്ത നിശ്ശബ്ദത പാലിക്കുകയായിരുന്നു.
ഈ അവസ്ഥയോട്, ഒരുകാലത്ത് പത്രവര്‍ത്തകനായിരുന്ന എല്‍.കെ. അദ്വാനി പ്രതികരിച്ചത് ഇങ്ങനെയാണ്: ”കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴഞ്ഞു.” മാധ്യമങ്ങളുടെയും മഹാരഥന്മാരായ പത്രാധിപന്മാരുടെയും നാട്ടില്‍ ഇങ്ങനെ ചെയ്യാതിരുന്നവര്‍ വളരെ കുറവായിരുന്നു, ഇല്ലെന്നുതന്നെ പറയാം. കേരളത്തില്‍ പക്ഷേ ഒരാളുണ്ടായിരുന്നു- എം. രാജശേഖര പണിക്കര്‍. കുനിയാന്‍ പറഞ്ഞപ്പോള്‍ നിലത്തിഴഞ്ഞവരില്‍പ്പെടാതെ നെഞ്ചുവിരിച്ചുനിന്ന ഒരാള്‍.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രാജ്യത്ത് ആഭ്യന്തരകലാപമുണ്ടായതുകൊണ്ടോ വൈദേശിക കടന്നാക്രമണം നേരിടാനോ ഒന്നുമായിരുന്നില്ല. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന പരാതി കോടതി ശരിവയ്‌ക്കുകയായിരുന്നു. ഇതോടെ പാര്‍ലമെന്റിലെ അംഗത്വവും നഷ്ടമായി. അധികാരം നഷ്ടമാവുന്ന ഈ അവസ്ഥയെ മറികടക്കുന്നതിനാണ് ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഒരേയൊരു പത്രപ്രവര്‍ത്തകന്‍
യുഎന്‍ പ്രഖ്യാപനം ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളും ഭാരതത്തിന്റെ ഭരണഘടനയില്‍ പറയുന്ന സ്വാതന്ത്ര്യവും പൗരാവകാശങ്ങളുമാണ് ഇന്ദിരാഗാന്ധി ഹനിച്ചത്. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ പ്രതികരിച്ച മുന്‍ കമ്യൂണിസ്റ്റും പിന്നീട് സോഷ്യലിസ്റ്റും ഉറച്ച ജനാധിപത്യവാദിയുമായ ജയപ്രകാശ് നാരായണ്‍, ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ്, അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, ആചാര്യ കൃപലാനി, മധു ദന്തവെത, മൊറാര്‍ജി ദേശായി തുടങ്ങിയവരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് പഠിച്ച ഷാ കമ്മീഷന്റെ കണക്കുപ്രകാരം 1,73,000 പേരെയാണ് ജയിലിലടച്ചത്. കേരളത്തില്‍ മാത്രം മിസ (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്) പ്രകാരം 237 പേരും ‘സിഐആര്‍’ പ്രകാരം 7000 പേരും തടവിലാക്കപ്പെട്ടു. ജന്മഭൂമിയും കേസരിവാരികയും ഉള്‍പ്പെടെ 22 പ്രസിദ്ധീകരണങ്ങള്‍ അടച്ചുപൂട്ടി. ഇന്ത്യന്‍ എക്‌സ്പ്രസ് എന്ന പത്രം മുഖപ്രസംഗത്തിന്റെ ഇടം കറുത്ത നിറം കൊടുത്ത് പ്രതിഷേധിച്ചെങ്കിലും ബഹുഭൂരിപക്ഷം പത്രങ്ങളും അടിയന്തരാവസ്ഥയെ അനുസരിക്കുകയായിരുന്നു. മാത്രമല്ല, സ്വേച്ഛാധിപത്യത്തിലെ നേട്ടങ്ങള്‍ പാടിപ്പുകഴ്‌ത്തുകയും ചെയ്തു. ‘നാവടക്കുക പണിയെടുക്കുക’ എന്ന ഇന്ദിരയുടെ ആജ്ഞ അക്ഷരംപ്രതി അനുസരിച്ചവര്‍ പത്രപ്രവര്‍ത്തകരായിരുന്നു.
ഇതിന് തയ്യാറാവാതിരുന്ന ഒരാളാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെ പ്രചാര്‍ വിഭാഗില്‍പ്പെടുന്ന വിശ്വസംവാദ കേന്ദ്രം അധ്യക്ഷനും, ബിജെപിയുടെ മുഖമാസികയായ ‘ചിതി’യുടെ പത്രാധിപരുമായ എം.രാജശേഖര പണിക്കര്‍. അധികമാരും അറിയാത്ത ഒരു സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ കഥയാണിത്. അടിയന്തരാവസ്ഥാ പ്രസ്ഥാനത്തിന്റെ നെടുനായകത്വം ആര്‍എസ്എസിനായിരുന്നു. ഒളിവിലും തെളിവിലും ഈ പോരാട്ടത്തിനിറങ്ങിയത് സ്വയംസേവകരും. അവരിലൊരാളാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐമുറി സ്വദേശിയായ പണിക്കര്‍. ശ്രീശങ്കരാ കോളജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ 1968 മുതല്‍ സ്വയംവേകനായ രാജശേഖരപണിക്കര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തശേഷം ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുകയായിരുന്നു. സജീവമായ സംഘപ്രവര്‍ത്തനം തുടരുകയും ചെയ്തു.
അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ രാജശേഖര പണിക്കര്‍ വ്യത്യസ്തനാണ്. ”ഞാന്‍ കുനിയുകയോ ഇഴയുകയോ ചെയ്തില്ല.
ഏകാധിപത്യത്തിനെതിരെ പോരാടുകയായിരുന്നു. പത്രസ്വാതന്ത്ര്യ നിഷേധത്തിനെതിരെ സത്യഗ്രഹംനടത്തി അറസ്റ്റിലായ കേരളത്തിലെ ഒരേയൊരു മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മാതൃഭൂമിയിലെ പി. രാജന്‍. ജന്മഭൂമിയിലെ പി. നാരായണന്‍, ‘ദേശാഭിമാനി’യിലെ വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവരെ ‘മിസ’ പ്രകാരം ജയിലിലടച്ചെങ്കിലും അത് മുന്‍കരുതല്‍ തടവായിരുന്നു. ഞാനാകട്ടെ, ദേശീയതലത്തില്‍ ജയപ്രകാശ് നാരായണനും കേരളത്തില്‍ പ്രൊഫ. എം.പി. മന്മഥനും നേതൃത്വം നല്‍കിയ ലോക്‌സംഘര്‍ഷ് സമിതിയുടെ ആഹ്വാനമനുസരിച്ച് സത്യഗ്രഹം നടത്തി അറസ്റ്റുവരിച്ച് ജയില്‍ വാസം അനുഭവിച്ചയാളാണ്.”
തടവറയിലെ കൊടുംപീഡനങ്ങള്‍
തന്റെ പോരാട്ടത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം പച്ചക്കുതിര മാസികയോട് രാജശേഖര പണിക്കര്‍ പറഞ്ഞത് ഇങ്ങനെയാണ്: എന്റെ സമരമുഖം കൊച്ചിയായിരുന്നു. 1975 ഡിസംബര്‍ ഒന്‍പതിന് എറണാകുളത്തുനിന്ന് വൈപ്പിനിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബോട്ടു പുറപ്പെട്ടതോടെ ഞാനും കൊച്ചിക്കാരായ രവീന്ദ്രന്‍, പ്രകാശ്, ദിലീപ്, അശോകന്‍, ശ്രീധരപൈ, ഗോവിന്ദരാജന്‍, കലാധരന്‍ എന്നിവരും ചേര്‍ന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ ബോട്ടിനുള്ളില്‍ മുദ്രാവാക്യം മുഴക്കുകയും നോട്ടീസുകള്‍ വിതരണം നടത്തുകയും ചെയ്തു. ഞാന്‍ ഒരു ലഘുപ്രസംഗവും നടത്തി. അപ്പോഴേക്കും ബോട്ട് വൈപ്പിനിലെത്തിയിരുന്നു. ഞങ്ങള്‍ വൈപ്പിന്‍ ബോട്ടുജെട്ടിയില്‍നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കു കടന്നു. പോലീസിനു പിടികൊടുക്കാതെ പിറ്റേദവിസം പ്രതിഷേധ പ്രകടനം നടത്തി അറസ്റ്റുവരിക്കാനാണ് തീരുമാനിച്ചിരുന്നത്.
ഡിസംബര്‍ 10 രാവിലെ 9 മണി. ഫോര്‍ട്ടുകൊച്ചി ഹാര്‍ബര്‍ മാസ്റ്റേഴ്‌സ് ആഫീസിന്റെ മുന്‍വശത്തുനിന്നും ഞങ്ങള്‍ എട്ട് പേര്‍ പ്രകടനം ആരംഭിച്ചു. ‘പൗരാവകാശങ്ങള്‍ തിരിച്ചു നല്‍കണം, രണ്ടാം സ്വാതന്ത്ര്യസമരം വളരുന്നു, പടരുന്നു’ എന്നിങ്ങനെ രണ്ടു നോട്ടീസുകള്‍ വിതരണം ചെയ്തും, മുദ്രാവാക്യം മുഴക്കിയും ഞങ്ങള്‍ മുന്നോട്ടുനീങ്ങി. മട്ടാഞ്ചേരി ന്യൂറോഡ് വഴി പാലസ് റോഡിലുള്ള സാമുദ്രിസദനു മുന്നിലെത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുല്‍ റഹ്‌മാനും മട്ടാഞ്ചേരി എസ്‌ഐ: വി.എന്‍. നടേശനും, എഎസ്‌ഐ: സി. രാജഗോപാലും ചേര്‍ന്ന പോലീസ് സംഘം അവിടെയെത്തി. ”എന്താടാ വന്നത്” എന്ന നടേശന്റെ ചോദ്യത്തിന് ”അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധ സമരമാണ്” എന്ന മറുപടിക്ക് ”പൊങ്ങാച്ചിമോനെ ഓടടാ” എന്ന ആക്രോശവും തലങ്ങും വിലങ്ങും ലാത്തിയടിയുമായിരുന്നു പ്രതികരണം. അടിയുടെ ആഘാതത്തില്‍ ഞങ്ങള്‍ റോഡരികിലുള്ള ഓടയിലേക്കു വീണു. അടിയുടെ ശബ്ദവും അന്തരീക്ഷത്തിന്റെ ഭീകരതയും കണ്ട് അടുത്തുണ്ടായിരുന്ന സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചു. അവര്‍ ഭീതിയോടെ ഓടിയകന്നു.
പിരിഞ്ഞുപോകാന്‍ വിസമ്മതിച്ച് ലാത്തിയടി ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഞങ്ങളോട് നടേശന്‍ ”കേറടാ അകത്ത്, ചാകാന്‍ വന്നിരിക്കുന്നു” എന്നലറി കൈക്കും കാലിലും പിടിച്ച് പോലീസുകാര്‍ ജീപ്പിലേക്കിട്ടു. ജീപ്പിനകത്ത് ”അടിയന്തരാവസ്ഥ പിന്‍വലിക്കുക” എന്ന മുദ്രാവാക്യത്തെ ലാത്തികളുടെ മുനകളാണ് എതിരിട്ടത്.
”പള്ളുരുത്തിക്ക് വിട്” എന്ന് അബ്ദുല്‍ റഹ്‌മാന്‍. തൊട്ടടുത്തുള്ള മട്ടാഞ്ചേരി പോലീസ് സ്റ്റേഷനേക്കാള്‍ നാലുകിലോമീറ്റര്‍ അകലെയുള്ള പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ ‘പെരുമാറാനുള്ള’ സൗകര്യം കൂടുതലായിരുന്നു.
പള്ളുരുത്തി സ്റ്റേഷനിലെത്തിയതും ”ഊരടാതുണി” എന്ന പോലീസുകാരുടെ അലര്‍ച്ചയും ഒപ്പമായിരുന്നു. ട്രൗസര്‍ ഒഴിച്ച് ബാക്കി എല്ലാ വസ്ത്രങ്ങളും ഊരിവപ്പിച്ചു. ”ആ നേതാവിനെ ഇങ്ങോട്ട് വിട്” എന്ന് എഎസ്‌ഐ രാജഗോപാല്‍. കാല്‍മുട്ടുകള്‍ക്കിടയില്‍ തലവച്ച് പുറത്തു നടേശന്‍ ഇടിച്ചു. ഉപ്പൂറ്റികൊണ്ട് ചവിട്ടി. കാല്‍മുട്ടുകൊണ്ട് തൊഴിച്ചു. ഓരോരുത്തരെയും മൂന്നും നാലും പോലീസുകാര്‍ കൈകാര്യം ചെയ്തു. ഇടനാഴിയില്‍ രണ്ടുവരിയായി പോലീസുകാര്‍ നിന്നു. ഓരോരുത്തരെയും ഇടിയും തൊഴിയും ചവിട്ടുമായി ആ ‘പോലീസ് ഇടനാഴി’യിലൂടെ കടത്തിവിട്ടു. പോലീസ് മുറകളുടെ ക്ലൈമാക്‌സ് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ”തോക്കു കൊണ്ടുവാ” എന്ന് നടേശന്‍ കല്‍പ്പിച്ചു. ഒരു പോലീസുകാരന്‍ തോക്കുമായി വന്നു. വില്ലുപോലെ വളര്‍ച്ചുനിര്‍ത്തിയ ഞങ്ങളുടെ പുറത്ത് ഉരലില്‍ ഉലക്ക വീഴുന്നപോലെ തോക്കിന്റെ പാത്തി രണ്ടും മൂന്നും പ്രാവശ്യം ഉയര്‍ന്നുതാണു.
കുറെ നേരത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ പൂച്ച എലിയെയെന്നതുപോലെ തട്ടിക്കളിച്ചശേഷം ഉച്ചയോടെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ”ഇവിടെ ആരുമില്ലേ?” എന്ന രാജഗോപാലന്റെ ചോദ്യത്തിന്റെ വികാരം ഉള്‍ക്കൊണ്ട് മട്ടാഞ്ചേരി പോലീസുകാര്‍ സജീവമായി. പിന്നെ കൈക്കുഴകൊണ്ടും കാല്‍ക്കുഴകൊണ്ടും നീണ്ടുനിന്ന പീഡനങ്ങള്‍. ”തുള്ളടാ” എന്ന ആജ്ഞ. തുള്ളുന്നവരുടെമേല്‍ മുഴുത്ത ചൂരലുകൊണ്ട് നിര്‍ത്താതെയുള്ള പ്രഹരം. മര്‍ദ്ദനങ്ങള്‍ക്കു പശ്ചാത്തലമൊരുക്കാനെന്നവണ്ണം അസഭ്യവര്‍ഷം.
പിന്നെ പോലീസ് ഭാഷയില്‍ ‘പട്ടിപ്പൂട്ട്’ എന്നു കുപ്രസിദ്ധിയാര്‍ജിച്ച മര്‍ദ്ദനമുറ. രണ്ടുപേര്‍ പരസ്പരം പുറംതിരിഞ്ഞ് വളഞ്ഞ് കാലുകള്‍ക്കിടയിലൂടെ കൈയിട്ടു മറ്റേയാളുടെ കൈയില്‍ പിടിച്ചു ശക്തിയായി വലിക്കണം. കുനിഞ്ഞുനില്‍ക്കുന്നവരുടെ മുതുകില്‍ രാജഗോപാലന്റെ വക കരാട്ടെ മോഡല്‍ ചവിട്ടുകള്‍.
ഇടിമുഴക്കങ്ങള്‍ അവസാനിച്ചപ്പോള്‍
മര്‍ദ്ദനങ്ങളും അസഭ്യവര്‍ഷവും തകര്‍ത്താടുമ്പോള്‍ രാജഗോപാല്‍ ‘ഗൗരവമായി’ ചോദ്യം ചെയ്യാനാരംഭിച്ചു.
”എന്താടാ ജാതി”
ഹിന്ദു എന്ന മറുപടി.
”ഹിന്ദുവോ! ജാതി പറയെടാ.”
ഞാന്‍ ജാതി പറഞ്ഞു.
”അപ്പോള്‍ നീ എന്റെ ജാതിയാണല്ലേടാ എന്റെ വകയ്‌ക്ക് നിനക്കെന്തെങ്കിലും വേണ്ടേ.” പിന്നെ കുനിച്ചുനിര്‍ത്തി മുതുകില്‍ കൈമുട്ടുകൊണ്ട് പ്രഹരം.
”നീ എത്രവരെ പഠിച്ചു.”
ബിഎ
”അപ്പോ നീ എന്റത്രയും പഠിച്ചല്ലോ, എന്നിട്ടാണോ പോലീസില്‍ ചേരാതിരുന്നത്?”
”ഷേക്‌സ്പിയറുടെ എന്തൊക്കെയാടാ പഠിക്കാനുണ്ടായിരുന്നത്?”
മാക്ബത്ത്…
”പറയെടാ” രാജഗോപാല്‍ തിരക്കുകൂട്ടി.
അപ്പോഴേക്കും ആരോ വിളിച്ചു. രാജഗോപാല്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചു. അവിടെനിന്നും പോയി.
നടേശന്റെയും രാജഗോപാലന്റെയും കൈത്തരിപ്പു തീര്‍ന്നപ്പോള്‍ ‘കുട്ടി എമാനന്മാരുടെ’ ഊഴമായിരുന്നു. ഏതാണ്ട് രണ്ടുമണിയോടെ ഈ പീഡനപര്‍വ്വം അവസാനിച്ചു.
പിന്നെ സ്റ്റേഷനില്‍ വിചിത്രമായ കമന്റ്: ”എന്തിനാടാ പണി കളയാന്‍ വേണ്ടി ഈ പണിക്ക് ഇറങ്ങി പുറപ്പെട്ടത്. നാടു ഭരിച്ച കമ്യൂണിസ്റ്റുകാരുകൂടി അനങ്ങാതിരിക്കുമ്പോള്‍ നീയൊക്കെ ആര്‍എസ്എസ്സാണെന്നു പറഞ്ഞ് എന്തിനാടാ നാടു നന്നാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.” അത് കോണ്‍സ്റ്റബിള്‍ ചെല്ലപ്പന്റെ വകയായിരുന്നു. ദേവാസുരഭാവങ്ങള്‍ ഒരേസമയം ചെല്ലപ്പനില്‍ കാണാമായിരുന്നു. ഞങ്ങളുടെ കൈയില്‍നിന്നും പണം വാങ്ങി ചെല്ലപ്പന്‍ ടര്‍പെന്റൈന്‍ വരുത്തി. ഇടിയും ചതവുമേറ്റിടത്ത് പുരട്ടി തടവാന്‍ പറഞ്ഞു. കട്ടന്‍കാപ്പിയും പലഹാരവും തന്നു.
‘ഇടിമുഴക്ക’ങ്ങളെല്ലാം അവസാനിച്ചപ്പോഴാണ് കലാധരന്‍ കൂട്ടത്തിലില്ല എന്ന ബോധമുണ്ടായത്. പാലസ് റോഡിലേക്കു തിരിഞ്ഞപ്പോഴാണ് മുദ്രാവാക്യം മുഴക്കി നീങ്ങുന്ന കലാധരനെ അയാളുടെ അമ്മാവന്‍ കണ്ടത്. ‘ഭവിഷ്യത്ത്’ നന്നായറിയാവുന്ന തിനാല്‍ കലാധരനെ ബലമായി പിടിച്ചുകൊണ്ടുപോയതായി കൂടെയുള്ളവര്‍ പറഞ്ഞു. ജനങ്ങള്‍ സമരങ്ങളെ എങ്ങനെ കണ്ടിരുന്നു എന്നതിന് തെളിവ്.
മുപ്പതുവര്‍ഷങ്ങള്‍ കടന്നുപോയി. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ഇന്നും ബാക്കിനില്‍ക്കുന്നു. അക്രമാസക്തമല്ലാതെ തികച്ചും ഗാന്ധിയന്‍ രീതിയില്‍ സഹനസമരം നടത്തിയ ഞങ്ങളെ ക്രൂരമായി പീഡിപ്പിക്കാന്‍ പോലീസ് എന്തിന് അമിതാവേശം കാണിച്ചു? ആര്‍ക്കാണ് ഞങ്ങളെ മര്‍ദ്ദിക്കാന്‍ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നത്? മുകളില്‍നിന്നുള്ള നിര്‍ദ്ദേശമുണ്ടായിരുന്നോ?
വീണ്ടും കര്‍മപഥത്തില്‍
ഡിസംബര്‍ 11 രാവിലെ എന്റെ കൂടെയുണ്ടായിരുന്ന ആറുപേരെയും വിട്ടയച്ചു. എന്നെ എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജസ്റ്റിസ് സി.രാധമ്മയുടെ ബെഞ്ചിലായിരുന്നു കേസ്. നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു കുറ്റപത്രത്തിലെ മുഖ്യ ആരോപണം.
പിന്നെ എറണാകുളം സബ്ജയിലില്‍ രണ്ടര മാസം. 1976 ഫെബ്രുവരി 23 ന് മജിസ്‌ട്രേറ്റ് വിധി പറഞ്ഞു. നിലവിലുള്ള സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കിയതിനും ഗവണ്‍മെന്റിനെ പുറത്താക്കുന്നതിനും ലഘുലേഖകള്‍ വിതരണം ചെയ്തതിനും ഡിഫന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി റൂള്‍സിന്റെ (ഡിഐഎസ്ആര്‍) വിവിധ വകുപ്പുകളിലായി രണ്ടു മാസത്തെ തടവിനു വിധിച്ചു. റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിച്ച് മോചിപ്പിച്ചു.
പുറത്തുവന്നപ്പോഴേക്കും ഇന്ത്യന്‍ എക്‌സ്പ്രസിലെ ജോലി നഷ്ടപ്പെട്ടിരുന്നു. പ്രൊബേഷനില്‍ ലീവില്ലാതെ നീണ്ടകാലയളവ് മാറിനില്‍ക്കേണ്ടിവന്നതായിരുന്നു കാരണം.
അതിനുശേഷവും ലോക്‌സംഘര്‍ഷ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. സെന്‍സര്‍ഷിപ്പുണ്ടായിരുന്നതുകൊണ്ട് സത്യം പറയാന്‍ പത്രങ്ങള്‍ക്കു കഴിഞ്ഞിരുന്നില്ല. എങ്കിലും അനേകം അണ്ടര്‍ഗ്രൗണ്ട് പ്രസിദ്ധീകരണങ്ങള്‍ ഭാരതത്തിലെങ്ങും അടിയന്തരാവസ്ഥയുടെ ഭീകരതകളും ചെറുത്തുനില്‍പ്പിന്റെ വീരകഥകളുമായി പുറത്തിറങ്ങിയിരുന്നു. തമിഴില്‍ പോരാട്ടം/ വജ്രായുധം, കന്നഡയില്‍ സമര കാഹളേ, ഗുജറാത്തിയില്‍ മുക്തവാണി, ബംഗാളിയില്‍ വന്ദേമാതരം, ഹിന്ദിയില്‍ സംഘര്‍ഷ്/ലോക്‌സംഘര്‍ഷ്/ ജനശക്തി/ജനവാണി/ ജനതാ സമാചാര്‍/ ലോകവാണി, മറാത്തിയില്‍ അസലി സമാചാര്‍, ഇംഗ്ലീഷില്‍ സത്യവാര്‍ത്ത, റസിസ്റ്റന്‍സ് സ്ട്രഗിള്‍/ പബ്ലിക് സര്‍വന്റ്/ ലിബറേഷന്‍ എന്നിവ അവയില്‍ ചിലതുമാത്രം.
ഇംഗ്ലണ്ടില്‍നിന്ന് സ്വരാജ്, സത്യവാണി, ഈവനിങ് വ്യൂ എന്നീ പ്രസിദ്ധീകരണങ്ങള്‍ മറയില്ലാതെ സത്യസന്ധമായി വാര്‍ത്തകള്‍ എത്തിച്ചിരുന്നു. മലയാളത്തില്‍ ഇന്ദിരയുടെ അടിയന്തരം, കുരുക്ഷേത്രം എന്നീ പ്രസിദ്ധീകരണങ്ങളായിരുന്നു ഏറെ പ്രചാരം നേടിയത്. പത്തൊന്‍പതു ലക്കങ്ങള്‍ പുറത്തിറങ്ങിയ കുരുക്ഷേത്രം അടിയന്തരാവസ്ഥയില്‍ മുടങ്ങാത്ത അണ്ടര്‍ഗ്രൗണ്ട് വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചു. രണ്ടായിരത്തോളം ഗ്രാമങ്ങളില്‍ എത്തിച്ചിരുന്ന കുരുക്ഷേത്രം സത്യത്തിന്റെ വാക്കായി മാറിയിരുന്നു.
കുരുക്ഷേത്രത്തിന്റെ പതിമൂന്നാമത്തെ ലക്കം മുതല്‍ അതിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് എന്നെയാണ് നിയോഗിച്ചത്. ഇന്ദിര രഹസ്യമാക്കിവച്ചിരുന്ന പല നേതാക്കളുടെ അറസ്റ്റു വാര്‍ത്തകളും കുരുക്ഷേത്രം പുറത്തുകൊണ്ടുവന്നു. ഭീകരതയുടെ മുഖവും പ്രതിഷേധത്തിന്റെ സ്പന്ദനങ്ങളും ജനങ്ങളിലെത്തിച്ചു.
പിടിച്ചുനില്‍ക്കാനാകാതെ പ്രതിഷേധച്ചൂടില്‍ ഇന്ദിരാഗാന്ധിക്ക് അടിയന്തരാവസ്ഥ പിന്‍വലിക്കേണ്ടിവന്നു. പത്രസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചശേഷം ഒരു പ്രത്യേക പ്രസിദ്ധീകരണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതോടുകൂടി 1977 ജനുവരി 26 ന് പുറത്തിറങ്ങിയ പത്തൊന്‍പതാമത്തെ ലക്കത്തോടെ കുരുക്ഷേത്രം പ്രസിദ്ധീകരണം നിര്‍ത്തി. ”ഇനിയും ഏകാധിപത്യത്തിന്റെ വീര്‍പ്പുമുട്ടലും വിങ്ങിപ്പൊട്ടലുമാണ് വരുന്നതെങ്കില്‍ സ്വാതന്ത്ര്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പാഞ്ചജന്യം മുഴക്കി കുരുക്ഷേത്രം ജനങ്ങളിലേക്കിറങ്ങിവരു”മെന്ന വാഗ്ദാനത്തോടെയാണ് ആ ലക്കം അവസാനിച്ചത്.
തിരഞ്ഞെടുപ്പിന്റെ കുരുക്ഷേത്രത്തില്‍ ബാലറ്റുപെട്ടിയിലൂടെ അടിമത്വത്തിന്റെ വേരുകള്‍ അറുത്തെറിയുക എന്ന ആഹ്വാനവും അതിലുണ്ടായിരുന്നു. ജനങ്ങള്‍ അത് ചെവിക്കൊണ്ടു. ഇന്ദിര പോയി. ജനത അധികാരത്തിലേറി.
മാധ്യമസ്വാതന്ത്ര്യം നിഷേധിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ വീറോടെ പോരാടിയ പത്രമാണ് ഇന്ത്യന്‍ എക്‌സ്പ്രസ്. പത്ര ഉടമയായ രാംനാഥ് ഗോയങ്ക സ്വേച്ഛാധിപത്യത്തിനെതിരെ ശക്തിദുര്‍ഗമായി നിലകൊണ്ടു. ഇതേ പത്രത്തില്‍നിന്നാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയതിന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പിരിച്ചുവിടപ്പെട്ടത്.
ഇന്ദിരാഗാന്ധിയെ ജനങ്ങള്‍ പുറന്തള്ളിയതിനെതുടര്‍ന്ന് ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥാ പോരാട്ടത്തില്‍ ജോലി നഷ്ടപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്ങനെ ഒന്നര വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം രാജശേഖര പണിക്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ തിരിച്ചെത്തി. ഹൈദരാബാദ് എഡിഷനിലായിരുന്നു ജോലി. പത്രപ്രവര്‍ത്തനവും സംഘപ്രവര്‍ത്തനവും ഒന്നിച്ചുകൊണ്ടുപോയ മൂന്നു വര്‍ഷത്തിനുശേഷം കൊച്ചി എഡിഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. സംഘപ്രവര്‍ത്തനം തുടര്‍ന്നതിനൊപ്പം തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിലെ 30 വര്‍ഷത്തെ സേവനത്തിനുശേഷം രാജിവച്ച് ദ സണ്‍ഡെ ഇന്ത്യന്‍ മാസിക മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സീനിയര്‍ എഡിറ്ററായി. ഇതിനുശേഷമാണ് ‘ചിതി’ മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തത്. ആര്‍എസ്എസ് പെരുമ്പാവൂര്‍ ഖണ്ഡ് സംഘചാലക് ചുമതലയും വഹിച്ചു. പിന്നീട് എറണാകുളം വിഭാഗ് സമ്പര്‍ക്ക വിഭാഗത്തില്‍. സംഘപഥത്തിലൂടെ യാത്ര തുടരുകയാണ്…
എന്റെ അച്ഛന്‍ എന്ന അഭിമാനം
അച്ഛന്റെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെക്കുറിച്ച് കഥാകൃത്തും ആര്‍ട്ടിസ്റ്റുമായ മകന്‍ രാജീവ് അറിയുന്നത് ഒരു കൗതുകത്തില്‍ നിന്നാണ്:
ചെറുപ്പത്തില്‍ ഒരു ദിവസം ഉച്ചയ്‌ക്ക് അച്ഛന്റെ കൂടെ കിടന്നുറങ്ങുകയായിരുന്നു. പത്രപ്രവര്‍ത്തകനായിരുന്നതുകൊണ്ട് അച്ഛന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നുറങ്ങുന്നു. ഞാന്‍ അച്ഛന്റെ കൂടെ കിടക്കാനുള്ള കൊതി കൊണ്ടുറങ്ങുന്നു.
ഒരുറക്കം കഴിഞ്ഞ് ഞാന്‍ കണ്ണു തുറന്നു നോക്കുമ്പോള്‍ അച്ഛന്‍ തിരിഞ്ഞു കിടക്കുകയാണ്. അച്ഛന്റെ പുറത്ത് ആഫ്രിക്കയുടെ ഭൂപടം പോലെ ഒരു വലിയ കറുത്ത പാട്! ഞാന്‍ അതില്‍ തൊട്ടുനോക്കി. പിന്നെ ഞെക്കി നോക്കി. അച്ഛന്‍ അസ്വസ്ഥനാകുന്നത് എനിക്ക് മനസ്സിലായി. ഇക്കിളിയെടുക്കുന്നതാണെന്ന് കരുതി ഞാന്‍ പിന്നെയും ഞെക്കി. അച്ഛന്‍ വീണ്ടും വീണ്ടും അസ്വസ്ഥനായി. ഉറക്കം തടസ്സപ്പെട്ടപ്പോള്‍ അച്ഛന്‍ മലര്‍ന്നു കിടന്നു. അതോടെ ഞാന്‍ ഉപദ്രവിക്കലും നിര്‍ത്തി.
പിന്നെയൊരു ദിവസം ഒരു കാല്‍ മുറിച്ചുകളയപ്പെട്ട ഒരാള്‍ അച്ഛനെ കാണാന്‍ വന്നു. അയാള്‍ക്ക് കൊടുക്കാന്‍ കൊണ്ടുവെച്ച ചായ കുടിച്ച ശേഷം കഴിക്കാന്‍ എടുത്തുവെച്ച മിക്‌സ്ചര്‍ പേപ്പറില്‍ പൊതിഞ്ഞെടുത്തു. ഇറങ്ങാന്‍ നേരം അയാള്‍ അച്ഛന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു പറഞ്ഞു:
”അന്ന് അങ്ങനെ ചെയ്യണമായിരുന്നു. ഇന്ന് ഈ ദാരിദ്ര്യത്തിനും വയ്യായ്കയ്‌ക്കുമിടയില്‍ പണിക്കരെ കാണാന്‍ വരണമെന്ന് തോന്നി. ക്ഷമ പറഞ്ഞില്ലെങ്കിലും കാണണം എന്നു തോന്നി.”
അന്ന് എനിക്കും അനിയനും ഒന്നും മനസ്സിലായില്ല. മിക്‌സ്ചര്‍ പൊതിഞ്ഞു കൊണ്ടുപോയ അയാളെപ്പറ്റി ഞങ്ങള്‍ പല കഥകളും മെനഞ്ഞു.
പിന്നെയൊരിക്കല്‍ മനസ്സിലായി. അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരായി സമരം ചെയ്ത് ജയില്‍ വാസമനുഭവിച്ച ഒരേയൊരു മലയാളി ജേര്‍ണലിസ്റ്റായിരുന്ന എം. രാജശേഖര പണിക്കരെ, എന്റെ അച്ഛനെ ജയിലില്‍ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കിയ പോലീസുകാരനായിരുന്നു അതെന്ന്.
ഞാന്‍ ഇക്കിളികൂട്ടിക്കളിച്ച, അച്ഛന്‍ അസഹ്യമായി പുളഞ്ഞ ആഫ്രിക്കയുടെ രൂപത്തിലുള്ള പാട് ആ ജയില്‍ വാസകാലത്ത് തോക്കിന്റെ ബട്ട് കൊണ്ടുള്ള ഇടിയേറ്റ് കരുവാളിച്ചു കിടക്കുന്നതാണെന്ന്.
കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാതെ നിവര്‍ന്നു നിന്ന ഒരച്ഛന്റെ മകനായതില്‍ എനിക്ക് തികഞ്ഞ അഭിമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: