ന്യൂദല്‍ഹി: യുജിസി നെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ശക്തമായി. നെറ്റ് പരീക്ഷാ ചോദ്യപേപ്പറുകള്‍ ടെലഗ്രാമിലും ഡാര്‍ക്ക് വെബിലുമെത്തിയതില് കോച്ചിങ് സെന്ററുകള്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണിത്. ചില കോച്ചിങ് സെന്ററുകളില്‍ സിബിഐയെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ഡാര്‍ക്ക് വെബില്‍ ആറുലക്ഷം രൂപയ്ക്കു വരെ ചോദ്യപേപ്പര്‍ വില്പന നടന്നതായും സിബിഐ കണ്ടെത്തി.
രാജ്യവ്യാപകമായ അന്വേഷണമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ ആരംഭിച്ചിരിക്കുന്നത്. നെറ്റ് പരീക്ഷയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ചോദ്യങ്ങള്‍ ചോര്‍ന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെറ്റ് പരീക്ഷയ്ക്കു പുറമേ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെപ്പറ്റിയും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ എന്തെങ്കിലും കൃത്രിമം നടന്നോ എന്നതും സിബിഐ പരിശോധിക്കുന്നുണ്ട്. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളെ പൂര്‍ണമായും പരിശോധിക്കാനാണ് സിബിഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍ ആരംഭിച്ചത്. നെറ്റ് പരീക്ഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പരീക്ഷ ആരംഭിച്ച ശേഷം ചോദ്യപേപ്പറുമായി ഒത്തുനോക്കിയാണ് ചോര്‍ച്ച സ്ഥിരീകരിച്ചതും പിന്നീട് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്കിയതും. ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: