കൊച്ചി: കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന രീതിയിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയപരാജയത്തിന് കാരണമെന്ന് സിപിഐ. മുഖ്യമന്ത്രി മാത്രമല്ല എല്ലാ മന്ത്രിമാരും തോല്‍വിക്ക് ഉത്തരവാദികളാണ്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്നലെ ചേര്‍ന്ന സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കടുത്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
വെളിയം ഭാര്‍ഗവന്റെയും സി.കെ ചന്ദ്രപ്പന്റെയും കാലത്ത് സിപിഐ ഇടത് മുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരുമ്മല്‍ ശക്തിയായി മാറിയെന്നും വിമര്‍ശനം ഉയര്‍ന്നു. ക്ഷേമ പെന്ഷന് മുടങ്ങിക്കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ആര്‍ഭാടമായി നടത്തിയ നവകേരള സദസ് അവമതിപ്പ് ഉണ്ടാക്കി. നവകേരള സദസിന് വേണ്ടി ഭീഷണിപ്പെടുത്തിയുള്ള പണം പിരിച്ചു.
‘ഡിവൈഎഫ്ഐ നടത്തിയ രക്ഷാപ്രവര്‍ത്തനം’ ജനങ്ങളുടെ ഇടയില്‍ അവമതിപ്പ് ഉണ്ടാക്കി. സര്‍ക്കാര്‍ നല്‍കാനുള്ള 1500 കോടിയില്‍ 500 കോടി രൂപ സപ്ലൈകോയ്ക്ക് നല്കിയിരുന്നെങ്കില് മാവേലി സ്റ്റോറുകള്‍ വാമന സ്റ്റോറുകള്‍ ആകുമായിരുന്നില്ല. എല്‍ഡിഎഫിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും ഒന്നിനൊന്ന് കഴിവ്കെട്ടവരാണ്. സിപിഐ മന്ത്രിമാരും യോഗത്തില്‍ രൂക്ഷവിമര്‍ശനം നേരിട്ടു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ. അഷറഫ്, കമലാ സദാനന്ദന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: