Kerala

സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റിലെ മോഷണം: പ്രതികളെ പൊക്കി പോലീസ്

Published by

നെടുമങ്ങാട്: ഇരിഞ്ചയം സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റിലെ മോഷണം. മണിക്കൂറുകള്‍ക്കകം പ്രതികളെ പൊക്കി പോലീസ്. കംപ്യൂട്ടര്‍ സിപിയു തോട്ടില്‍ നിന്നും കണ്ടെടുത്തു. 14ന് വെളുപ്പിന് മണിയോടു കൂടി ഇരിഞ്ചിയം സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റിലെ ഷട്ടര്‍ കുത്തി പൊളിച്ച് 18000രൂപയും സാധനങ്ങളും കവരുകയും ഷോപ്പിലെ രണ്ട് കമ്പ്യൂട്ടറുകളും നശിപ്പിച്ച് മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച കേസിലെ പ്രതികളെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

മോഷണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരിഞ്ചയം കണ്ണന്‍കോട് പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട് കണ്ണന്‍ എന്ന രാജേഷ് (26), ചെല്ലാംകോട് വാറുവിളാകത്തു പുത്തന്‍വീട്ടില്‍ കിച്ചു എന്ന അനന്ദു, കരിങ്കട കുളവിയോട് കിഴക്കുംകര സജി ഭവന്‍ ബാബുകുട്ടന്‍ (19), പൂവത്തൂര്‍ പാളയതുംമുകള്‍ പുനരധിവാസ കോളനി അശ്വതി ഭവനില്‍ അച്ചു (26) എന്നിവരാണ് പിടിയിലായത്.സമീപ ദിവസങ്ങളില്‍ നിരവധി മോഷണങ്ങള്‍ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടന്നിട്ടുണ്ട്. ഈ കേസിലെ അറസ്‌റ്റോടുകൂടി നിരവധി മോഷണങ്ങള്‍ തെളിയിക്കുവാന്‍ നെടുമങ്ങാട് പോലീസിന് സാധിച്ചു. വേങ്കവിള ക്ഷീരോല്‍പാദക സഹകരണസംഘം ഓഫീസ് കുത്തിത്തുറന്ന് 60500 രൂപയും കേസും എട്ടാം കല്ല് കിഴക്കേല ശിവക്ഷേത്രത്തില്‍ നിന്നും 5000 രൂപയും മൊബൈല്‍ ഫോണും നിരവധി വെങ്കലവിളക്കുകളും പ്രതികള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചിയും നിലവിളക്കുകളും പ്രതികള്‍ മോഷണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തി തൊണ്ടി മുതലുകള്‍ റിക്കവര്‍ ചെയ്‌തെടുക്കും.

നെടുമങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ ധന്യ കെ.എസ്., എസ്‌ഐമാരായ രവീന്ദ്രന്‍, സുരേഷ് കുമാര്‍, സിപിഒ ബിജു, ശ്രീജിത്ത്, പ്രത്യേക അന്വഷണ സംഘത്തിലെ എസ്‌ഐ ഷിബു, സജു, സിപിഒമാരായ സതികുമാര്‍, ഉമേഷ് ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by