Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: വീണുടഞ്ഞ് വമ്പന്‍മാര്‍

Published by

രീബിയന്‍ ദ്വീപ് നാടുകളിലും അമേരിക്കന്‍ ഐക്യ നാടുകളിലുമായി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് പുരോഗമിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായ അവസരത്തില്‍ വമ്പന്‍മാര്‍ പലരും പുറത്തേക്ക് തെറിച്ചു കഴിഞ്ഞു. കളിയുടെ എല്ലാ മേഖലകളിലും മികച്ച താര സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ ന്യൂസിലന്‍ഡിന്റെ പുറത്താകലാണ് ഇതില്‍ ഞെട്ടിക്കുന്നത്. ഇവര്‍ക്ക് പുറമെ ശ്രീലങ്കയുടെ പുറത്താകല്‍. പാകിസ്ഥാന്റെ മുന്നോട്ടുള്ള വഴിയും ആശങ്കയിലാണ്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇത്തരം വന്‍വീഴ്‌ച്ച സാധാരണമായി നേരിട്ടുകൊണ്ടിരിക്കുന്നത് വെസ്റ്റിന്‍ഡീസ് ആണ്. പക്ഷെ ട്വന്റി20യില്‍ അവരുടെ കുതിപ്പ് അപാരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ തവണ ട്വന്റി20 ലോകകപ്പ് നേടിയ ടീമുകളിലൊന്നാണ് ഈ കരീബിയന്‍ പട. സ്വന്തം നാട്ടില്‍ ആദ്യമായി വിരുന്നെത്തിയ കുട്ടിക്രിക്കറ്റ് പൂരത്തില്‍ വിന്‍ഡീസും തകര്‍പ്പന്‍ ഫോമിലാണ്. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച് അവര്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ചു. ഇതേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ന്യൂസിലന്‍ഡ് കളിച്ച രണ്ട് കളിയും തോറ്റു. എന്നുമാത്രമല്ല പോയിന്റ് പട്ടികയില്‍ പപ്പുവ ന്യൂഗ്വിനിയയെക്കാള്‍ പിന്നിലേക്ക് ഇടിഞ്ഞ് അവസാന സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങള്‍ കഴിയുമ്പോള്‍ ഗ്രൂപ്പ് സിയില്‍ അഫ്ഗാനിസ്ഥാന്‍ ആണ് മുന്നില്‍. അവരും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു. റണ്‍നിരക്കില്‍ വിന്‍ഡീസിനെ മറികടന്ന് ഒന്നാമതെത്തിയിരിക്കുകയാണിപ്പോള്‍.

വിന്‍ഡീസിനെ പോലം രണ്ട് തവണ ട്വന്റി20 ലോക കിരീടം നേടിയ മറ്റൊരു ടീം ഇംഗ്ലണ്ട് ആണ്. നിലവിലെ ചാമ്പ്യന്‍മാരായ അവരുടെ നില തുലാസിലാണ്. ഇന്ന് രാത്രി നമീബിയയ്‌ക്കെതിരെയാണ് ജോസ് ബട്ട്‌ലറുടെയും സംഘത്തിന്റെയും അവസാന മത്സരം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട അവര്‍ക്ക് മുന്നില്‍ സ്‌കോട്ട്‌ലന്‍ഡ് രണ്ടാം സ്ഥാനക്കാരായുണ്ട്. മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ചാണ് സ്‌കോട്ട്‌ലന്‍ഡ് മുന്നേറി നില്‍ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ നിന്നും സൂപ്പര്‍ എട്ട് ഉറപ്പിച്ച ഏകടീം മുന്‍ ജേതാക്കളായ ഓസ്‌ട്രേലിയ ആണ്. നാളെ രാവിലെ ഓസ്‌ട്രേലിയയും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ കളിയുണ്ട്. അതില്‍ സ്‌കോട്ട്‌ലന്‍ഡ് പരാജയപ്പെടുന്നതിനൊപ്പം ഇംഗ്ലണ്ടിന് നമീബിയയെ ഇന്ന് തോല്‍പ്പിക്കാനായാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം. മറിച്ച് സംഭവിച്ചാല്‍ മറ്റൊരു വമ്പന്‍മാര്‍ കൂടി ട്വന്റി20 ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെടും.

ഏറ്റവും ആദ്യം പുറത്തായ മുന്‍ ചാമ്പ്യന്‍മാര്‍ ശ്രീലങ്കയാണ്. മൂന്ന് കളികള്‍ കളിച്ചു. മൂന്നിലും തോറ്റു. 2014ല്‍ ലസിത് മലിംഗയ്‌ക്ക് കീഴിലാണ് ടീം കപ്പടിച്ചിട്ടുള്ളത്. പക്ഷെ പിന്നീട് ഇതുവരെ കാര്യമായ നേട്ടം കൈവരിച്ചിട്ടില്ല. ഇക്കുറി ജയം ഉറപ്പിക്കാവുന്ന നേപ്പാളിനെതിരായ മത്സരം മഴ കാരണം നടന്നില്ല.

ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായാണ് ഇപ്രാവശ്യം അമേരിക്കയെ സഹ ആതിഥേയരാക്കിയത്. ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവയായിരുന്നു അമേരിക്കയിലെ വേദി. ഇതില്‍ ഫ്‌ളോറിഡയിലെ ലോദര്‍ഹില്‍സ് പ്രദേശത്ത് പെയ്യുന്ന കനത്ത മഴയില്‍ പ്രളയം ഉടലെടുത്തത് പല മത്സരങ്ങളും വെള്ളത്തിലാക്കി. ചില ടീമുകളുടെ ലോകകപ്പ് സ്വപ്‌നങ്ങളാണ് ഈ ചെറിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളിയും തോറ്റ ശ്രീലങ്ക അവസാന സ്ഥാനത്താണ്. ദക്ഷിണാഫ്രിക്ക ആദ്യ മൂന്ന് കളിയും ജയിച്ച് സൂപ്പര്‍ എട്ട് ഉറപ്പാക്കി. ഇപ്രാവശ്യം ആദ്യമായി രണ്ടാം റൗണ്ടില്‍ കടന്ന ടീം ദക്ഷിണാഫ്രിക്കയാണ്. ഗ്രൂപ്പ് ഡിയിലാണ് ടീം ഉള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by