കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദങ്ങള്‍ക്ക് ഇപ്പോള്‍ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിലുണ്ടായത്.
മരിച്ച മലയാളികളുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ എത്തിച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇനി ഇങ്ങനെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികള്‍. ജീവിതത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണവര്‍. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു മതിയായ നഷ്ടപരിഹാരം കുവൈറ്റ് സര്‍ക്കാര്‍ നല്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവിതം കരുപ്പിടിപ്പിക്കാന്‍, കേരളത്തിന്റെ പലയിടങ്ങളില്‍ നിന്ന് പല സമയങ്ങളിലായി കടല്‍ കടന്നു കുവൈറ്റിലെത്തിയ ആ 23 പേരും ഇന്നലെ ഒരേ വിമാനത്തില്‍ ഒരുമിച്ചെത്തി, അന്ത്യയാത്രയ്‌ക്കായി. തീപ്പിടിത്തത്തില്‍ ജീവന്‍ പൊലിഞ്ഞ അവരുടെ ചേതനയറ്റ ശരീരങ്ങള്‍ സൈന്യത്തിന്റെ പടുകൂറ്റന്‍ വിമാനമായ ഹെര്‍ക്കുലീസ് 110ല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ കേരളമൊന്നാകെ തേങ്ങിപ്പോയി. മൂടിക്കെട്ടിയ അന്തരീക്ഷം പോലും ശോകമൂകമായിരുന്നു.
രാവിലെ 11.30നാണ് വിമാനമെത്തിയത്. വിമാനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്ങും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. പ്രത്യേകം പ്രത്യേകം മേശകളില്‍ നിരത്തിക്കിടത്തിയ ശവപ്പെട്ടികള്‍ കണ്ട് ഉറ്റവരും ഉടയവരും പ്രിയപ്പെട്ടവരുടെ പേരു പറഞ്ഞ് അവരുടെ സ്മരണകള്‍ നെഞ്ചോടു ചേര്‍ത്തു വിങ്ങിപ്പൊട്ടിയപ്പോള്‍ അവിടെ തടിച്ചുകൂടിയവരെല്ലാം കണ്ണീരണിഞ്ഞു.
പിന്നീടു മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി പ്രത്യേകം ആംബുലന്‍സുകളില്‍ വീടുകളിലേക്കു കൊണ്ടുപോയി. 12 പേരുടെ സംസ്‌കാരം ഇന്നലെ വൈകിട്ടു തന്നെ നടത്തി. മറ്റുള്ളവരുടേത് ഇന്നും നാളെയുമായി നടക്കും.
23 മലയാളികളെ കൂടാതെ തമിഴ്നാട് സ്വദേശികളായ ഏഴു പേരുടെ മൃതദേഹങ്ങള്‍ തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി സെന്‍ജി മസ്താനും കര്‍ണാടക സ്വദേശിയുടെ മൃതദേഹം അവിടെ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി. കര്‍ണാടക സ്വദേശിയുടെ മൃതദേഹം മറ്റൊരു വിമാനത്തില്‍ സ്വദേശത്തേക്കു കൊണ്ടുപോയി.
ദുരന്തത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി അരുണ്‍ ബാബുവിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്, തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കെ.എസ്. മസ്താന്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് 29 മൃതദേഹങ്ങളിലും പുഷ്പചക്രമര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, കെ. രാജന്‍, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാധാകൃഷ്ണന്‍, മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, യാക്കോബായ സഭ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്തനാസിയോസ്, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തമിഴ്നാട് പോലീസ് കമ്മിഷണര്‍ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാര്‍ഗോ ടെര്‍മിനലിനു സമീപം 17 മേശകളിലാണ് മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടികള്‍ വച്ചത്. ഒരു മേശയില്‍ രണ്ടു പെട്ടികള്‍ വീതം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ആദരസൂചകമായി ഗാര്‍ഡ് ഓണര്‍ നല്കി. 23 ആംബുലന്‍സുകളിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയത്. ഓരോ ആംബുലന്‍സിനും പോലീസിന്റെ പൈലറ്റ് വാഹനവും കൂടെയുണ്ടായി. തമിഴ്നാട് ആംബുലന്‍സിനു സംസ്ഥാന അതിര്‍ത്തി വരെയും പോലീസ് അകമ്പടിയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: