കൊച്ചി: ഒരു വര്‍ഷം കൊണ്ട് സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം ലഭിച്ചെന്നും 3000 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നും അവകാശപ്പെട്ടുള്ള മന്ത്രി പി.
എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. പോസ്റ്റിന് താഴെ മന്ത്രി തന്നെ പാരാഗ്ലൈഡിങ് വേഷധാരിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം ചിത്രത്തില്‍ കാണുന്നയാള്‍ തന്നെ ഫോട്ടോ ഒക്കെ ഇടുമ്പോള്‍ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് പറഞ്ഞ് മറുപടിയുമായി രംഗത്തെത്തി.
ഇത്തരത്തില്‍ പോസ്റ്റിന് കീഴെ ആകെ 5 പടങ്ങള്‍ മന്ത്രി കമന്റായി പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തെ ചിത്രമാണ് കോട്ടയം ഏന്തയാര്‍ സ്വദേശിയും 15 വര്‍ഷത്തോളമായി പാ
രാഗ്ലൈഡിങ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ജോബിന് ഏന്തയാറിന്റേത്.
കാലങ്ങളായി ഈ മേഖലയില്‍ തുടര്‍ന്നിട്ടും മെച്ചപ്പെട്ട തൊഴിലോ വരുമാനമോ ലഭിക്കാതിരുന്നതോടെയാണ് ഇഷ്ടപ്പെട്ട മേഖലയുപേക്ഷിച്ചു ജോബിന് വിമാനം കയറിയത്. പാരാഗ്ലൈഡിങ് മേഖലയില്‍ വര്‍ഷത്തില്‍ ചുരുക്കം മാസങ്ങള്‍ മാത്രമാണ് ജോലിയുണ്ടാകുക. അതേസമയം പാരാഗ്ലൈഡിങ് പരിശീലനത്തിനും ഗ്ലൈഡര്‍ അടക്കമുള്ളവ വാങ്ങാനും വലിയ പണച്ചിലവുണ്ട്. ഇതിന് സാധിക്കാതെ വന്നതോടെ നഴ്സായ ഭാര്യക്കൊപ്പം പ്രവാസിയായി മാറുകയായിരുന്നു.
ഒരു മാസം മുമ്പാണ് തൊഴില്‍ തേടി യുകെയിലേക്ക് പോയത്. നിലവില്‍ അവിടെ ജോലി അന്വേഷണത്തിലാണ്. തൊഴിലവസരം സൃഷ്ടിച്ചുവെന്ന് വീമ്പുപറയുമ്പോള്‍ ഈ മേഖലയില്‍ തൊഴില്‍ ലഭിക്കാത്തയാളാണ് താനെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
പാരാഗ്ലൈഡിങ് മേഖല വലിയ ഉത്തരവാദിത്തമുള്ള ജോലിയാണെങ്കിലും പ്രതിഫലം തീരെ കുറവാണെന്ന് ജോബിന് പറയുന്നു. ഇത് സര്‍ക്കാര്‍ മേഖലയിലേക്ക് എത്തിച്ച് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് സ്വകാര്യ കമ്പനി ഏറ്റെടുത്തതോടെ പാരഗ്ലൈഡിങ് വശമില്ലാത്തവരുടെ കൂടെ ജോലി ചെയ്യേണ്ടി വന്നു.
1.5 വര്‍ഷം മുമ്പ് പരിശീലനത്തിനിടെ അപകടമുണ്ടായി ഇടത് കൈയ്ക്ക് സാരമായി പരിക്കേറ്റു. ഈ സമയത്ത് ആരും കൃത്യമായ പിന്തുണയും സഹായവും നല്‍കിയില്ല. ഇതോടെയാണ് മറ്റൊരു ജോലി തേടിയത്. 4 മാസം മുമ്പാണ് ഭാര്യ പുറത്തേക്ക് ജോലി തേടി പോയത്. പിന്നാലെയാണ് നാടുവിട്ടതെന്നും ഭാരപ്പെട്ട ജോലികള്‍ കൈ ഉപയോഗിച്ച് ചെയ്യുന്നതിന് തടസമുള്ളതായും ജോബിന് ജന്മഭൂമിയോട് പറഞ്ഞു.
സാഹസിക ടൂറിസം മേഖല കേരളത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പറഞ്ഞാണ് മന്ത്രി ഞായറാഴ്ച പോസ്റ്റ് പങ്കുവെച്ചത്. സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിരുന്നു. മാത്രമല്ല പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങളും മൂവായിരത്തിലധികം പേര്‍ക്ക് സ്ഥിരജോലികളും സൃഷ്ടിക്കാനും സാധിച്ചതായും ഈ വര്‍ഷവും കൂടുതല്‍ അന്താരാഷ്ട്ര സാഹസിക മത്സരങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.
അടുത്തിടെ വാഗമണില്‍ നടന്ന പാരാഗ്ലൈഡിങ് ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര തലത്തില്‍ ജോബിന് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യമലയാളിയും ജോബിനാണ്. അത്തരമൊരാള്‍ തന്നെ ജോലി ലഭിക്കാതെ നാടുവിട്ടപ്പോഴാണ് സാഹസിക ടൂറിസം മേഖലയില്‍ നേട്ടമുണ്ടാക്കിയെന്ന അവകാശവാദവുമായി മന്ത്രി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: