ഭക്തന്മാരുടെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്ന ഭഗവാനാണ് വിഘ്‌നേശ്വരന്‍. അറിവില്ലായ്മയില്‍ നിന്നും പഞ്ചഭൂതങ്ങളില്‍ നിന്നും പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ ഗണപതി ഉപാസന കൊണ്ട് സാധിക്കും.
പരമ പുരുഷാര്‍ത്ഥമായ മോക്ഷത്തെ നേടുവാന്‍ പരിശ്രമിക്കുന്ന സാധകന് നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വരും. ആത്മവിശ്വാസമുള്ള സാധകന് അവയെ തരണം ചെയ്യാനാവും. ആത്മവിശ്വാസം എന്നാല്‍ സ്വന്തം ആന്തരാത്മാവില്‍ കുടികൊള്ളുന്ന പരമ ചൈതന്യത്തിലുള്ള വിശ്വാസമാണ്.
അദ്ധ്യാത്മ രാമായണത്തിലെ യുദ്ധകാണ്ഡത്തില്‍ ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞ ഉടനെ ഭക്ത്‌തോത്തമനായ വീരഹനുമാനെ തന്റെ അരികിലേക്ക് വിളിച്ചു ഭഗവാന്‍ ശ്രീരാമന്‍ പറയുന്ന അനുഗ്രഹ വാക്കുകളില്‍ പ്രഥമസ്ഥാനം ‘ഭക്തി കൊണ്ടേ വരൂ ബ്രഹ്മ്ത്വം സഖേ’ എന്നാണ്. കടുത്ത ഭക്തി കൊണ്ട് മാത്രമേ പരമോന്നതമായ ബ്രഹ്മപദവി പോലും നേടാന്‍ ആവൂ എന്നാണ്.
ആചരണങ്ങള്‍ അല്ല ആത്മസമര്‍പ്പണം ആണ് യഥാര്‍ത്ഥ ഭക്തി. ഭക്തിയോടെയും മനശ്ശുദ്ധിയോടെയും യഥാവിഥി ഉപാസിച്ചാല്‍ സംസാരസാഗരം നീന്തി കടക്കാന്‍ ഭഗവത്‌സഹായം ഉണ്ടാകുമെന്ന് അഗ്‌നിപുരാണത്തിലും പറയുന്നുണ്ട്.
അഗ്രപൂജയ്‌ക്ക് അധികാരി എല്ലാ മംഗള കര്‍മ്മത്തിന്റെയും തുടക്കം വിഘ്‌നേശ്വര പൂജയോടെ ആണല്ലോ സര്‍വ്വ വിദ്യകള്‍ക്കും അഗ്രപൂജയ്‌ക്ക് അധികാരി ശ്രീവിനായകനാണ്. ഗണേശ ഭഗവാനെ പ്രീതിപ്പെടുത്താതെ മന്ത്രസിദ്ധികള്‍ ഒന്നും കൈവരിക്കാന്‍ ആവില്ല. ക്ഷേത്രസന്നിധികളില്‍ മാത്രമല്ല സ്വഗൃഹത്തിലും ശുദ്ധവൃത്തിയായി പരിചരിക്കുന്ന ഗണേശ വിഗ്രഹത്തില്‍ മനസ്സര്‍പ്പിച്ച് നമുക്ക് ഗണപതിഹോമം ചെയ്യാം.
അറിഞ്ഞ് ആചരിച്ചാല്‍ ഗണപതി ഉപാസനയിലൂടെ നമുക്ക് ജീവിത വിഘ്‌നങ്ങള്‍ അകറ്റാന്‍ സാധിക്കും.
ഗണപതി ഭഗവാനെ നമുക്ക് അനേകം രൂപങ്ങളില്‍ ദര്‍ശിക്കാം എന്നാല്‍ മഹാഗണപതി, ലക്ഷ്മിഗണപതി, ഉച്ഛിഷ്ട ഗണപതി എന്നീ ഭാവങ്ങളിലെ ആരാധനയിലൂടെ ഭഗവാനെ പെട്ടെന്ന് സംപ്രീതനാക്കാന്‍ കഴിയും.
ഗണപതി സിദ്ധി മന്ത്രങ്ങള്‍ക്ക് പ്രത്യേക ചിട്ട ഉണ്ട്. ഉപാസനാ കാലത്ത് സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് എണീറ്റ് ശരീരശുദ്ധി വരുത്തി ജപിച്ച് തര്‍പ്പണം ചെയ്യണം. സൂര്യോദയത്തിന് മുമ്പ് ചെയ്യുന്ന പൂജകള്‍ക്ക് പെട്ടെന്ന് ഫലം ലഭിക്കും എന്നതാണ് വിശ്വാസം (കേരളത്തില്‍ സൂര്യഭഗവാന്റെ സാന്നിധ്യത്തില്‍ ഗണപതി പൂജ ആരംഭിക്കുന്നത് സൂര്യകാലടി മനയില്‍ മാത്രമാണ്.
സുവര്‍ണ്ണ ആകര്‍ഷണ ഗണപതി പീഠം യന്ത്രം കിഴക്കോട്ട് ദര്‍ശനമാക്കി സ്ഥാപിച്ച് ചുവന്ന വര്‍ണ്ണപ്പട്ട് ചാര്‍ത്തി, ഉപാസകന്‍ ചെമ്പട്ട് അണിഞ്ഞ് പലക ഇട്ട് വടക്കുനോക്കി ഇരുന്നു വേണം പൂജയും ഹോമവും ചെയ്യാന്‍ എന്നാണ് വിധി. ഗണപതി മന്ത്രം പെട്ടെന്ന് സിദ്ധി വരുത്തുവാന്‍ നെയ്യില്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം നെയ്യില്‍ മുക്കി നൂറ്റി ഒന്ന് തവണ ഹോമിച്ചാല്‍ മതി
എന്നാണ് പറയപ്പെടുന്നത്.
വെള്ളിയാഴ്ചയും ഗണപതിപൂജയും
വെള്ളിയാഴ്ച സൂര്യോദയത്തിന് മുമ്പ് ചെന്താമര, കറുകപ്പുല്ല്, അഷ്ടദ്രവ്യങ്ങള്‍, പൂര്‍ണ്ണനാളികേരം, കലശപൂജ, എന്നിവ ഒരുക്കി ഗണപതി പൂജ ചെയ്യണം.
ശുക്ലപക്ഷ ചതുര്‍ത്ഥി, സങ്കടഹര ചതുര്‍ത്ഥി എന്നീ ദിനങ്ങളില്‍ ഗണപതിയെ വ്രതാനുഷ്ഠാനത്തോടെ ജപം, മന്ത്രം, ധ്യാനം ഇവ ചെയ്താല്‍ പെട്ടെന്ന് സിദ്ധി ഉണ്ടാവും.
സങ്കടഹര ചതുര്‍ത്ഥിയെ ‘കൃഷ്ണ ചതുര്‍ത്ഥി’ എന്നും വിളിക്കാറുണ്ട്. എല്ലാ മാസത്തിലേയും കൃഷ്ണ ചതുര്‍ത്ഥിക്ക് വ്രതം തുടങ്ങണം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി ചെമ്പ് കുടത്തില്‍ വെള്ളം എടുത്ത് മാവില വെച്ച് കെട്ടി ഭഗവാന് കലശപൂജ ചെയ്യാം.
വാഴപ്പഴം, കരിമ്പിന്‍തുണ്ട്, വറുത്ത പച്ചരി മാവ് , പഴങ്ങള്‍, തേങ്ങ ഇവയും ഗണപതിക്ക് ഹോമിക്കാം.
പശുവിന്‍ നെയ്യില്‍ മുക്കി മോദകം ഹോമിച്ചാല്‍ മന്ത്ര സിദ്ധി എളുപ്പമാവും എന്നാണ് വിശ്വാസം. ‘മുഴുത്തേങ്ങ നെയ്യില്‍ മുക്കി ഹോമിക്കുന്നതും ക്ഷിപ്രഫലദായകമാണ്.
മൂലമന്ത്രോച്ചാരണത്തോടെ മഞ്ഞളില്‍ മുക്കിയ ജലം കൊണ്ട് തര്‍പ്പണം ചെയ്യണം. ചൂണ്ടുവിരല്‍ കൊണ്ട് ദേവന്മാര്‍ക്കും തള്ളവിരല്‍ കൊണ്ട് പിതൃക്കള്‍ക്കും തര്‍പ്പണമാകാം എന്നാണ്. തര്‍പ്പണത്തിന്റെ പത്തിലൊന്ന് അഷ്ടോത്തര സഹസ്രനാമം ജപിക്കണം. ഉപാസകന്‍ ഉറങ്ങാതെ മൂര്‍ത്തിയെ ധ്യാനിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: