ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലെ ഏഴ് അയല്രാജ്യതലവന്മാരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് നയതന്ത്ര രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആദ്യ ഊഴം 2014ല്‍ ആരംഭിച്ചത്. വിദേശനയത്തില്‍ അദ്ദേഹമൊരു പരാജയമായിരിക്കുമെന്ന വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു നയതന്ത്ര ലോകത്തെയെല്ലാം ഞെട്ടിച്ചുകൊണ്ടുള്ള ആ നീക്കം. വൈകാതെ തന്നെ ‘അയല്പക്കം ആദ്യ’ മെന്ന നയം ഭാരതം പ്രഖ്യാപിച്ചു. തുടര്‍ന്ന് തന്റെ ആദ്യവിദേശ യാത്രയ്ക്കായി ഭൂട്ടാനെ തെരഞ്ഞെടുത്തുകൊണ്ട് ആ നയത്തെ അദ്ദേഹം പ്രായോഗിക തലത്തിലെത്തിച്ചു. ഇതിന്റെ ഭാഗമായി പാകിസ്ഥാനിലേക്കും 2015ല്‍ മോദി യാത്ര ചെയ്തു.
2019ലെ സത്യപ്രതിജ്ഞയ്ക്കും ഈ പതിവ് തെറ്റിച്ചില്ല. ബിംസ്റ്റെക് അഥവാ ബേ ഓഫ്ബംഗാള് ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടിസെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോഓപ്പറേഷന്‍ എന്ന കൂട്ടായ്മയിലെ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മാര്, തായ്ലന്ഡ് എന്നീ രാജ്യങ്ങളെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലേക്ക് ക്ഷണിച്ചത്. ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയം തുടങ്ങിയ ഒരുപിടി നയങ്ങളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ നീക്കവും. എന്നാല്‍ ഇത്തവണ ഒരു പടികൂടി കടന്നുകൊണ്ടു മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, സീഷെല്‍സ്, ബഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളെ അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. പാകിസ്ഥാന് ഇല്ലെന്നുള്ളതായിരുന്നു 2019ലെയും ഇത്തവണത്തെയും ചടങ്ങുകളുടെ പ്രധാനപ്രത്യേകത. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാക് ഭരണകൂടത്തോടുള്ള മുന്‍ നിലപാട് ഇനിയും തുടരുമെന്ന സന്ദേശമാണ് നയതന്ത്ര ലോകത്തിന് മോദി സര്‍ക്കാര്‍ നല്‍കിയത്. ഭീകരവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനോട് ചര്‍ച്ചയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിത നിലപാടിനോട് ചേര്‍ന്നു നില്ക്കുന്ന തീരുമാനമാണിത്. ഇസ്ലാമിക ഭീകരവാദ സംഘടനായ താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാനെയും ഇപ്രാവശ്യം ഒഴിവാക്കി.
ഭാരതത്തോട് കര അതിര്‍ത്തി പങ്കിടുന്ന അയല്‍രാജ്യങ്ങള്‍ക്കൊപ്പം സാഗര്‍ അഥവാ ‘സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഓഫ് ആള് ഇന്‍ ദി റീജിയന്’എന്ന കൂട്ടായ്മയ്ക്ക് കീഴില്‍ വരുന്നതും ഭാരതവുമായി സമുദ്ര അതിര്‍ത്തി പങ്കിടുന്നതുമായ രാജ്യങ്ങളെയാണ് ഇത്തവണ മോദി ക്ഷണിച്ചതെന്നുള്ളതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങളുമായുള്ള സഹകരണത്തിന് ന്യൂദല്‍ഹിക്ക് കൂടുതല്‍ താല്പര്യമുണ്ടെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ പ്രധാനമന്ത്രി നല്‍കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ രാഷ്ട്രങ്ങളായ സീഷെയില്സ്, മൗറീഷ്യസ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനിടെയാണ് ‘സാഗര്‍’ എന്ന തന്റെ വീക്ഷണം 2015ല്‍ മോദി പ്രഖ്യാപിച്ചത്. എല്ലാ മേഖലകളിലും പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനും നമ്മുടെ കഴിവുകള്‍ മേഖലയിലെ എല്ലാവരുടെയും പ്രയോജനത്തിനായി വിനിയോഗിക്കുന്നതിലും വേരൂന്നിനില്ക്കുന്നതാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണമെന്നാണ് അദ്ദേഹം അഭിപ്രായപെട്ടത്. ഇന്ത്യന്‍ മഹാ സമുദ്രം അടങ്ങുന്ന ഇന്‍ഡോ പെസഫിക്കില്‍ ഭാരതത്തിന്റെ സാമ്പത്തികവും സൈനികവുമായ ദേശീയ താല്പര്യങ്ങളുടെ പൂര്‍ത്തികരണമാണ് ഈ അയല്‍ രാജ്യങ്ങളെ കൂടെ നിര്ത്തുന്നതിനുപിന്നിലെ പ്രധാന ഉദ്ദേശ്യം. ഇതു കൂടാതെ ദല്‍ഹിയില്‍ നടന്ന ജി20 സമ്മേളനത്തിന്റെ ഭാഗമായി ഭാരതത്തെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച വിവിധപദ്ധതികള്‍ക്ക് സമുദ്ര മേഖലയില്‍ അടിത്തറ ഒരുക്കുകയെന്ന ലക്ഷ്യവും ഭാരതത്തിനുണ്ട്.
ഈചെറു ദ്വീപരാജ്യങ്ങളുമായി സഹകരിക്കുന്നതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം ഭാരതത്തിന്റെ തീരദേശ സുരക്ഷ വര്‍ധിപ്പിക്കുകയെന്നതാണ്. 2013 മുതല്‍ ആരംഭിച്ച ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ)വഴി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇതിന് പുറമെ ഭാരതത്തെ സൈനികമായി വളയുന്ന ‘സ്ട്രിംഗ് ഓഫ് പേള്‍സ്’ തന്ത്രത്തിനും ഒരു മറുപടിയെന്നോളമാണ് സാഗര്‍ പദ്ധതി ഭാരതം ആരംഭിച്ചത്. ചൈനയുടെ വ്യാപാരത്തിന്റെ വലിയൊരു പങ്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കടന്നു പോകുന്നതിനാല്‍ മേഖലയില്‍ ഭാരതത്തിന്റെ സാന്നിധ്യം വര്‍ധിപ്പിച്ച് ചൈനയ്ക്കൊരു വെല്ലുവിളി സൃഷ്ടിക്കാനും ഒപ്പം ഈ രാജ്യങ്ങളുമായി ചൈന കൂടുതല്‍ അടുക്കുന്നത് തടയിടാനും ഭാരതത്തിന് ഇതിലൂടെ സാധിക്കും. ഇത് പാക്കിസ്ഥാനുമായി ചേര്‍ന്നുകൊണ്ടു പാക് അധീന കശ്മീരിലും കൂടാതെ വടക്കുകിഴക്കന്‍ മേഖലയിലും ചൈന നടത്തുന്ന പ്രവൃത്തികള്‍ക്ക് ഒരു മറുപടി കൂടിയാണ്. ഇതിന്റെ ഭാഗമായി നിലവില്‍ തന്നെ ജപ്പാന്, ഓസ്ട്രേലിയ, യുഎസ്, ബംഗ്ലാദേശ്, മ്യാന്മര്, ഇന്തോനേഷ്യ, തായ്ലന്ഡ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പെട്രോളിങ്ങും നാവിക അഭ്യാസങ്ങളും ഭാരതംനടത്തുന്നുണ്ട്.
കൂടാതെ, ഈ രാജ്യങ്ങളുമായി പൊതുവായുള്ള സഹകരണത്തിനും ഭാരതം താല്പര്യം പ്രകടിപ്പിക്കുന്നു. ഉദാഹരണത്തിന് കോവിഡ് സമയത്ത് ഭാരതത്തിന്റെ ഐഎന്‍എസ് കേസരി, മാലദ്വീപ്, മൗറീഷ്യസ്, മഡഗാസ്കര്‍, കൊമോറോസ്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കിയിയത് ഈ രാജ്യങ്ങളില്‍ പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.
7500 മൈലോളം 55 ദിവസങ്ങള്‍ സഞ്ചരിച്ചാണ് ഈ രാജ്യങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കിയത്. ഇവയ്ക്കു പുറമെ പ്രകൃതിദുരന്തങ്ങള്‍, കടല്‍ക്കൊള്ള, തീവ്രവാദം തുടങ്ങിയ സമുദ്ര ഭീഷണികള്‍ നേരിടുന്നതിന് ഈ രാജ്യങ്ങളുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിനും ഭാരതം ശ്രമം നടത്തുന്നു. ഒപ്പം സമുദ്രവുമായി ബന്ധപ്പെട്ട് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ വിപുലപ്പെടുത്തുന്നതിനും ഭാരതീയര്‍ക്ക് മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയെന്നതുമാണ് ഈ രാജ്യങ്ങളുമായി സഹകരിക്കുന്നതിനുപിന്നിലെ പ്രേരണ.
മറ്റൊരു പ്രധാന പ്രത്യേകത, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സുവിന്റെ സാന്നിധ്യമാണ്. കടുത്ത ഭാരത വിരുദ്ധനും ചൈന സ്നേഹിയുമായ മൊയ്സു ഭാരത വിരുദ്ധത പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. രണ്ടു തവണ ഭരിച്ചതിനു ശേഷം മോദി സര്‍ക്കാര്‍ സ്വാഭാവികമായും പുറത്തു പോകുമെന്ന ധാരണയില്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ഭാരതവുമായുള്ള ബന്ധം വഷളാവുന്ന തരത്തില്‍ ചില പ്രസ്താവനകളും നയങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയതോടെ മോദിയെ അഭിനന്ദിച്ച് അദ്ദേഹം ആദ്യം തന്നെ രംഗത്തുവന്നത് മേഖലയിലെ ശക്തമായ സാന്നിധ്യമായി ഭാരതം ഇനിയും മോദിയുടെ നേതൃത്വത്തില്‍ തുടരുമെന്നുറപ്പുള്ളതുകൊണ്ടാണ്. മാലദ്വീപുമായി സഹകരണത്തിനാണ് ഭാരതത്തിന്താല്പര്യമെന്ന സന്ദേശമാണ് മൊയ്സുവിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിലൂടെ മോദിനല്കിയത്.
അങ്ങനെ സത്യപ്രതിജ്ഞാ ചടങ്ങിനെയും ഭാരതത്തിന് ഗുണകരമാകുന്ന തലത്തില്‍ ഉപയോഗിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധിച്ചു. കൂട്ടുകക്ഷി ഭരണമാണെങ്കില്‍ പോലും കേന്ദ്രത്തില്‍ ശക്തമായൊരു സര്‍ക്കാരായിരിക്കും ഉണ്ടായിരിക്കുകയെന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. ഏത് സര്‍ക്കാരായിരുന്നാലും രാജ്യത്തിന്റെ നയം ഒന്നു തന്നെയായിരിക്കും എന്നൊക്കെ വാദിക്കാമെങ്കിലും ഡിഎംകെയുടെ ഭീഷണിക്ക് വഴങ്ങി കോമണ്‍വെല്‍ത്ത് രാജ്യതലവന്മാരുടെ സമ്മേളനത്തിനായുള്ള 2013ലെ ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പിന്മാറിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇതാണ് ചൈനയ്ക്ക് ശ്രീലങ്കയുമായി കൂടുതല്‍ അടുക്കുവാന്‍ അവസരം ഒരുക്കി നല്കിയതും അതിന് മുന്‍പ് ഹീബന്‍ടോട്ട തുറമുഖം സ്വന്തമാക്കിയതും ഭാരതത്തിന് ഒരു സുരക്ഷ ഭീക്ഷണിയായി മാറിയതും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 2015ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചത്. 28 വര്‍ഷത്തിനു ശേഷം ഒരു ഭാരതപ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമായിരുന്നു അത്. ഒരു മികച്ച തുടക്കമാണ് രാജ്യത്തിന്റെ വിദേശനയത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. വരും ദിനങ്ങളില്‍ രണ്ടാം മോദി സര്‍ക്കാര്‍ തുടങ്ങിയ വിവിധങ്ങളായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും പുതിയ നയങ്ങളും നീക്കങ്ങളും തന്ത്രങ്ങളും നമ്മുടെ വിദേശനയത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുമെന്നും പ്രതീക്ഷിക്കാം.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: