ചരിത്രം ഇവിടെ ശില്പ്പങ്ങളായി നൃത്തം വെയ്ക്കുന്നു. ‘തകര്‍ക്കപ്പെട്ട നഗരം’ എന്നര്‍ത്ഥംവരുന്ന ഹലേബീഡുവിന് ‘നശിപ്പിക്കാന്‍ കഴിയാത്ത നഗരം’ എന്ന വിശേഷണമായിരിക്കും കൂടുതല്‍ ഉചിതം. ശില്പ്പങ്ങള് വിസ്മയമായി നിലകൊള്ളുന്ന ഈ ക്ഷേത്രം ഹൊയ്സാലേശ്വര ക്ഷേത്രം എന്ന പേരിലറിയപ്പെടുന്നു.
ശത്രുക്കള്‍ എത്രത്തന്നെ ആക്രമിച്ചിട്ടും ചരിത്രത്തിന്റെ താളുകളില്‍നിന്നും അടര്‍ന്നുപോകാതെ ഒരു അദ്ധ്യായമായി നിലനില്ക്കുന്നു ഇന്നും ഹൊയ്സാലേശ്വര ക്ഷേത്രം. ശത്രുക്കള്‍ ചരിത്രത്തിന്റെ ഇടനാഴികള്‍ കൊട്ടി അടയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും, ചേതോഹര ശില്പ്പങ്ങളിലൂടെ ആ ഇടനാഴികള്‍ ഇന്നും തുറക്കപ്പെട്ടിരിക്കുന്നു. കൊത്തുപണികളുടെ വിസ്മയചാരുത വിടര്‍ത്തുന്ന ഹൊയ്സാലശ്വേര ക്ഷേത്രം സ്ഥിതിചെയ്യുന്നത് കര്‍ണാടകയിലെ ഹാസന് ജില്ലയിലെ ഹലേബീഡുവിലാണ്. ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവര്‍ധനയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
ഹൊയ്സാല രാജവംശത്തിന്റെ പിറവി തന്നെ ഹലേബീഡുവിനു സമീപത്തുള്ള കുന്നിന്‍പ്രദേശങ്ങളില്‍ നിന്നുമാണെന്ന് കരുതപ്പെടുന്നു. പത്താം നൂറ്റാണ്ടു മുതല്‍ പതിനാലാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം പ്രദേശവും ഈ രാജവംശത്തിന്റെ അധീനതയിലായിരുന്നു. ഹൊയ്സാല രാജവംശത്തിലെ ശക്തനായ രാജാവായിരുന്ന വിഷ്ണുവര്‍ധന ഒരു ജൈനമത വിശ്വാസിയായിരുന്നു. ബിട്ടി ദേവ എന്നായിരുന്നു പഴയ പേര്. തന്റെ രാജഗുരുവായ ‘രാമാനുജാചര്യയുടെ’ ഉപദേശപ്രകാരം ഹിന്ദുമതത്തിലേക്ക് മാറുകയും വിഷ്ണുവര്‍ധന എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മൂത്ത സഹോദരന് വീരബല്ലാല ഒന്നാമന്റെ മരണത്തെത്തുടര്‍ന്ന് രാജഭരണം ഏറ്റെടക്കുകയായിരുന്നു വിഷ്ണുവര്‍ധന. എ.ഡി.1108 മുതല്‍ 1152 വരെ വിഷ്ണുവര്‍ധനന്റെ ഭരണത്തിന് കീഴിലായിരുന്നു ഇന്നത്തെ കര്‍ണാടകയുടെ മിക്കപ്രദേശങ്ങളും. നല്ലൊരു സൈനികയോദ്ധാവ് കൂടിയായിരുന്ന വിഷ്ണുവര്‍ധന പല യുദ്ധങ്ങളിലൂടെയും രാജ്യവ്യാപ്തി വര്‍ദ്ധിപ്പിച്ചു. ശില്പ്പകലയോട് വിഷ്ണുവര്ധനക്ക് അതിയായ അഭിനിവേശം ഉണ്ടായിരുന്നു. തന്റെ അടങ്ങാത്ത ശില്‍പ്പകല പ്രേമം തന്നെയാണ് പല മനോഹരമായ ഹൊയ്സാല ക്ഷേത്രങ്ങളുടെ പിറവിക്കു വഴിയൊരുക്കിയത്. വിഷ്ണുവര്‍ധനയുടെ കാലഘട്ടം ഹൊയ്സാല ശില്പ്പകലയുടെ വസന്തകാലമായിരുന്നു. ഈ കാലഘട്ടത്തില്‍ അനേകം ക്ഷേത്രങ്ങള്‍ ഹൊയ്സാല വാസ്തുശില്‍പ്പവിദ്യയില്‍ പണികഴിക്കപ്പെട്ടിരുന്നു.
ചോളന്മാരെ കീഴടക്കിയത്തിന്റെ പ്രതീകമായി പണികഴിപ്പിച്ച ബേലൂര്‍ ചെന്നകേശവ ക്ഷേത്രം, ഹലേബീഡു ഹൊയ്സാലേശ്വര ക്ഷേത്രം, ബേലവാഡിയിലെ വിഷ്ണു നാരായണ ക്ഷേത്രം എന്നിവ വിഷ്ണുവര്‍ധനയുടെ കാലഘട്ടത്തില്‍ പണികഴിപ്പിച്ച അതിമനോഹര ക്ഷേത്രങ്ങളാണ്.
ഹാസനില്‍ നിന്നും 30 കി.മീ ദൂരം സഞ്ചരിച്ചാല്‍ ദ്വാരസമുദ്ര എന്ന പൂര്വ്വികനാമത്തിലറിയപ്പെടുന്ന ഹലേബീഡുവിലെത്താം. നാഗരികതയുടെ കടന്നു കയറ്റങ്ങളില്ലാത്ത ഹലേബീഡുവിന്റെ വീഥികളിലൂടെ നടന്നുനീങ്ങുമ്പോള്‍ ചരിത്രത്തിന്റെ അദ്ധ്യായങ്ങളില്‍ ശില്പ്പകലയുടെ പ്രകാശം പരത്തുന്ന, ഹൊയ്സാല കരവിരുതില്‍ സൃഷ്ടിച്ചെടുത്ത ആ മനോഹര ക്ഷേത്രം കാണാം. എ.ഡി. 1121 ല്‍ പണി തുടങ്ങി എ.ഡി. 1160 ല്‍ പൂര്ത്തീക്കരിക്കപ്പെട്ട ഈ ക്ഷേത്രം മനുഷ്യ നിര്‍മ്മിതമായ ഒരു വലിയ തടാകത്തിന്റെ കരയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്ണുവര്‍ധനയുടെ കൊട്ടാരത്തിലെ ശില്പിയായിരുന്ന ‘കെതമല്ല’ യാണ് ഈ ക്ഷേത്രത്തിന്റെ ശില്പിയെന്ന് ഹൊയ്സാലേശ്വര ക്ഷേത്രത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഗട്ടഡഹള്ളിയിലെ കല്ലേശ്വര ക്ഷേത്ര പരിസരത്തില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങളില്‍ കണ്ടെത്തിയ ഒരു ലിഖിതത്തില്‍ രേഖപ്പെടുത്തിയതായിട്ടുള്ള പറയപ്പെടുന്നു.
ശിവനെ പ്രധാന ആരാധനാമൂര്‍ത്തിയായി ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ദ്വികുട ക്ഷേത്രമാണിത്. ഇരട്ട ശിവലിംഗങ്ങളാണുള്ളത്. ഹൊയ്സാലേശ്വര ശിവലിംഗവും ശാന്തളേശ്വര ശിവലിംഗവും.
ക്ഷേത്രത്തിലേക്കുള്ള പ്രവേശന വീഥികളെയും, അതിനു ചുറ്റുമുള്ള പരിസരങ്ങളെയും സൗന്ദര്യവത്ക്കരിച്ചുക്കൊണ്ട് ഒരു മനോഹര ഉദ്യാനമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഈ ക്ഷേത്രത്തിന്റെ പരിപാലനം നടത്തിവരുന്നത്. ക്ഷേത്രത്തിലെ ശില്പ്പവിസ്മയ ചാരുത ഹൊയ്സാലേശ്വര ക്ഷേത്രത്തിന് ലോകപൈത്യക പട്ടികയില്‍ സ്ഥാനം നേടികൊടുത്തിരിക്കുന്നു.
നക്ഷത്രാകൃതിയിലുള്ള അടിത്തറയില്‍ പണിതീര്‍ത്ത ക്ഷേത്രം ശില്‍പ്പവിസ്മയങ്ങളുടെ ഒരു മായികലോകം തന്നെയാണ്. ക്ഷേത്രത്തിന് നാല് പ്രവേശന കവാടങ്ങളാണുള്ളത്. പ്രവേശന കവാടങ്ങളില്‍ ക്ഷേത്രസംരക്ഷണത്തിന്റെ പ്രതീകമായി ദ്വാരപാലകരെ കൊത്തിവെച്ചിരിക്കുന്നു.
അകത്തള ഇടനാഴികളുടെ വലിപ്പമല്ല മറിച്ച് കണ്ണഞ്ചിപ്പിക്കുന്ന കൊത്തുവേലകളാല്‍ കടഞ്ഞെടുത്തിരിക്കുന്ന തൂണുകളും മേല്‍ക്കൂരകളും മേല്‍ക്കൂരകളുടെ പല കോണുകളിലായി കൊത്തിവച്ചിരിക്കുന്ന ശില്‍പ്പങ്ങളുടെ ചാരുതകൊണ്ടുമാണ് ഈ ക്ഷേത്രം ആരെയും അത്ഭുതപ്പെടുത്തുന്നത്.
ക്ഷേത്രത്തിന്റെ പുറംചുമരുകളില്‍, കൊത്തിവച്ചിരിക്കുന്ന ആയിരത്തില്‍പ്പരം ശില്പ്പങ്ങളിലൂടെ ഹൊയ്സാല ശില്‍പ്പങ്ങളുടെ കരവിരുതിന്റെ സൗന്ദര്യം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. കല്ലുകളോട് കടുത്ത പ്രണയമുള്ള ശില്‍പ്പികള്‍ കല്ലില്‍ വിരിയിച്ചതാവട്ടെ സൗന്ദര്യ ശില്പങ്ങളുടെ ഒരു മായികലോകം. ഹിന്ദു, ജൈനമത സംസ്കാരത്തിലെ പല കഥപാത്രങ്ങളെയും മൂഹുര്ത്തങ്ങളെയുമാണ് ക്ഷേത്ര ചുമരുകളില്‍ കൊത്തിയെടുത്തിരിക്കുന്നത്. മഹാഭാരത കഥകളെയും, കഥപാത്രങ്ങളെയും തങ്ങളുടെ ഉള്ഭാവനയില് ദര്‍ശിച്ച് കല്ലുകളില്‍ അതിനെ മനോഹര ശില്പ്പരൂപങ്ങളില് ഹൊയ്സാല ശില്പികള് ഇവിടെ കൊത്തിവെച്ചിരിക്കുന്നു. ചെറുതും വലുതുമായ അനേകം ശില്‍പ്പങ്ങളുടെ മേളനം ക്ഷേത്രത്തിന്റെ പുറംചുമരുകളില്‍ കാണാന്‍ കഴിയും. പക്ഷികള്‍, മൃഗങ്ങള്‍, മത്സ്യങ്ങള്‍, പൂക്കള്‍, വള്ളിപടര്‍പ്പുകള്‍ തുടങ്ങിയവ ക്ഷേത്രത്തിലെ കൊത്തുവേലകളില്പ്പെടുന്നു. ജീവന് സ്പന്ദിക്കുന്ന പല ശില്‍പ്പങ്ങളും ശത്രുക്കളുടെ ആക്രമണത്തില്‍ തകര്‍ന്നുപോയിരിക്കുന്നു.
‘സങ്കീര്‍ണതകളെ മനോഹരതകളാക്കി മാറ്റുക’ എന്ന മന്ത്രമാണ് ഹൊയ്സാല ശില്പ്പികളുടെ കരവിരുതിന്റെ പിന്നിലുള്ള രഹസ്യമെന്ന് തോന്നിപ്പോകും ക്ഷേത്രത്തിലെ ശില്‍പ്പചാരുത ദര്‍ശിച്ചാല്‍. കാഠിന്യമേറിയ കല്ലുകള്‍പ്പോലും ഹൊയ്സാല ശില്പ്പികളുടെ കലാബോധത്തിനു മുന്പില് മൃദുവായി മാറുന്നു. കാഠിന്യമുള്ള കല്ലുകളില്‍ സങ്കീര്‍ണ്ണവും അതിസൂക്ഷ്മവും മനോഹരവുമായ ശില്പ്പങ്ങള് സൃഷ്ടിച്ചെടുക്കുന്നതില്‍ അതിനിപുണരായിരുന്നു ഹൊയ്സാല ശില്പികള്. ‘സോപ്പ് സ്റ്റോണാണ്’ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
പുറംചുമരുകളില്‍ കൊത്തിയെടുത്തിരിക്കുന്ന ശില്പ്പങ്ങളിലൂടെ പുരാണകഥകളെയും കഥപാത്രങ്ങളെയും മറ്റു മനോഹര നിമിഷങ്ങളെയും ചലനാത്മക ദൃശ്യങ്ങളിലൂടെയല്ലാതെ നിശ്ചല ശില്പ്പങ്ങളിലൂടെ സാധാരണ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുന്നു ഹൊയ്സാല ശില്‍പ്പികള്‍. ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിന്റെ ശില്‍പ്പം, നൃത്തശില്‍പ്പങ്ങള്‍, സംഗീതാത്മശില്പ്പങ്ങള് എന്നിങ്ങനെയുള്ള ആയിരത്തില്‍പ്പരം സൗന്ദര്യശില്പ്പങ്ങളാണ് ക്ഷേത്രത്തിന്റെ പുറംചുമരുകളില്‍ കൊത്തിവച്ചിരിക്കുന്നത്.
ക്ഷേത്രത്തിന് പുറത്തുള്ള മണ്ഡപങ്ങളില്‍ രണ്ടു വലിയ നന്തി ശില്‍പ്പങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒന്‍പത് അടി ഉയരത്തിലുള്ള ഈ നന്ദി പ്രതിമ ഇന്ത്യയിലെ ഒന്‍പതാമത്തെ വലിയ നന്ദി പ്രതിമയാണ്. ഇത്തരത്തിലുള്ള ആയിരത്തില്‍പരം ശില്‍പ്പങ്ങളുടെ മേളനമാണ് ഈ ക്ഷേത്രത്തെയും അതിലെ ശില്‍പ്പ വിസ്മയത്തെയും ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചത്.
‘മൗനിയെ വാചാലനാക്കുകയും, വാചാലനെ മൗനിയാക്കുകയും’ ചെയ്യുന്ന ഹൊയ്സാല സൃഷ്ടികള്‍ക്കു മുന്പില് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: