Kerala

ഗുരുപ്രസാദ് പുരസ്‌കാരം ഡോ. സോമനാഥന് സമ്മാനിച്ചു

Published by

കൊച്ചി: ബഹിരാകാശ രംഗത്ത് വിസ്മയാവഹമായ ഭാരതത്തിന്റെ പുരോഗതിക്ക് നിര്‍ണായകമായ പങ്കുവഹിച്ച ഐഎസ്ആര്‍ഒയുടെ നേതൃത്വം ഇപ്പോള്‍ മലയാളിക്കാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം.കെ. സാനു ഫൗണ്ടേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ എം.കെ. സാനു ഗുരുപ്രസാദ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുപ്രസാദ് പുരസ്‌കാരം സാനു മാഷ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് സമ്മാനിച്ചു. സാനു മാഷിന്റെ കൈപ്പടയില്‍ എഴുതിയ മൊമെന്റോയാണ് പുരസ്‌കാരമായി നല്കിയത്. എം.കെ. സാനു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം. തോമസ് മാത്യു അധ്യക്ഷനായി. സാനു മാഷിന്റെ പേരിലുള്ള പുരസ്‌കാരം ഐഎസ്ആര്‍ഒയിലെ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി കരുതുന്നു എന്ന് മറുപടി പ്രസംഗത്തില്‍ ഡോ. എസ്. സോമനാഥ് പറഞ്ഞു. ശാസ്ത്രമേഖല ഒരു ഒറ്റപ്പെട്ട മേഖലയായി ആയി വച്ചിരുന്നുവെന്നും ശാസ്ത്ര പ്രവര്‍ത്തനം എന്നത് വളരെയധികം ആഹ്ലാദകരമായി ഞാന്‍ കാണുന്നുവെന്നും മെറ്റീരിയലിസ്റ്റിക്കിനേക്കാളും സൗന്ദര്യമേഖലയായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രജ്ഞരിലും ഒരു സൗന്ദര്യശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, ഒരു വലിയ തലമുറയെ തന്നെ ശാസ്ത്രലോകത്തേക്ക് മുന്നേറ്റം ഉണ്ടാക്കുന്ന പഠനം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് പ്രധാനകാരണം ടെക്‌നോളജിയാണ്, ടെക്‌നോളജി സൗഹൃദരാജ്യമായി മാറണം. ഒരുപാട് മേഖലകള്‍ ഇന്നുണ്ട്. അതിലേക്കൊക്കെ കടന്നുവരാന്‍ പുതിയ തലമുറ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യത്വം ഉണരുമ്പോള്‍ സാധ്യമാകുന്ന മേഖലകള്‍ അനവധിയാണെന്ന് എം.കെ സാനു മാഷ് അഭിപ്രായപ്പെട്ടു. ചാവറയച്ചന്‍ സന്യാസ ജീവിതത്തിന്റെ പരിമിതികളെ മറികടന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു. അതുപോലെ തന്നെ മനുഷ്യത്വം ഉണരുമ്പോള്‍ സാധ്യമാകുന്നതാണ് ഏറ്റവും ഉത്തമം. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ന്യായാധിപനുമപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള ആളായിരുന്നു. അത്തരത്തിലുള്ള മനുഷ്യത്വം ഈ വ്യക്തികളിലൂടെ നാടിനെ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നു എന്ന് സാനു അനുഗ്രഹ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്. സിഎംഐ, പി.ജെ. ചെറിയാന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ രഞ്ജിത്ത് എം. എസ്. എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക