പത്തനംതിട്ട: ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഫ്രാന്‍സില്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ സംഘാടകര്‍ സൈബര്‍ ആക്രമണഭീഷണിയുടെ ആശങ്കയില്‍. സംഘടിത സൈബര്‍ അക്രമണം ഉണ്ടായാല്‍ അത് ഒളിമ്പിക്‌സ് ക്രമീകരണങ്ങളെയും സുരക്ഷാ സംവിധാനങ്ങളേയും മാത്രമല്ല, ഇവന്റ് ഓര്‍ഗനൈസര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, ടിക്കറ്റ് വില്‍പന, വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന കായികതാരങ്ങള്‍, കാണികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളേയും പ്രതികൂലമായി ബാധിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകളും ഒളിമ്പിക്‌സ് വേളയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടേക്കാം. മത്സര വേളയില്‍ ഇത് വലിയ തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കും. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളിലേക്കു പോലും ഇത് വഴിതുറക്കാം. ഇപ്പോള്‍ തന്നെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്ന ചില കമ്പനികളുടെ തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നാണ് വിവരം.
ലോകമെമ്പാടുമുള്ള ഒളിമ്പിക്‌സ് പ്രേക്ഷകര്‍ക്കിടയില്‍ തെറ്റായ വിവരണങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനും ടിക്കറ്റ് തട്ടിപ്പുകള്‍ക്കും മറ്റും കോപ്പ് കൂട്ടുകയാണ് സൈബര്‍ ക്രിമിനലുകള്‍ എന്നതിനാല്‍ സുരക്ഷാവിഭാഗം അതീവ ജാഗ്രതയിലാണ്. ഡോപ്പല്‍ഗാങ്ങര്‍ (ഒരു വ്യക്തിയെപ്പോലെ തന്നെ രൂപഭാവങ്ങളില്‍ സമാനതയുള്ള ഇതര വ്യക്തി എന്ന അര്‍ത്ഥത്തിലാണ് ഡോപ്പല്‍ ഗാങ്ങര്‍ എന്ന ജര്‍മ്മന്‍ പദം പ്രയോഗത്തില്‍ വന്നത്) എന്ന് പൊതുവില്‍ അറിയപ്പെടുന്ന റഷ്യന്‍ അനുകൂല സൈബര്‍ ക്രിമിനലുകള്‍, ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലെ അനധികൃത ഡൊമെയ്നുകള്‍ എന്നിവ ഇതിനായി ഒട്ടേറെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. കായികതാരങ്ങളുടെ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ കവര്‍ന്നെടുക്കാനും ഇങ്ങനെ കവര്‍ന്നെടുക്കുന്ന ഡാറ്റ പലവിധ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുത്താനും സാധ്യതയുണ്ട്.
എന്തായാലും സൈബര്‍ അക്രമണങ്ങള്‍ ചെറുക്കന്‍ അടിയന്തര പ്രതിരോധ നടപടികള്‍ ഒളിമ്പിക്‌സ് സംഘാടകര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക