ന്യൂദല്‍ഹി: പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ തിങ്ങി നിറഞ്ഞ എന്‍ഡിഎ എംപിമാരുടെയും നേതാക്കളുടെയും ആരവങ്ങള്‍ക്കിടെ, ഭരണഘടനയെ തൊട്ടുതൊഴുതെത്തിയ നരേന്ദ്ര മോദിയെ ദേശീയ ജനാധിപത്യ സഖ്യം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഏകകണ്ഠേന പ്രഖ്യാപിച്ചു. 293 എന്‍ഡിഎ എംപിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദിയുടെ മൂന്നാമൂഴത്തിന് ഔദ്യോഗിക തുടക്കമായി.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നാളെ രാത്രി 7.15നാണെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. രാഷ്ട്രപതി ഭവന്റെ നടുമുറ്റത്തു പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇന്നലെ വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, പിന്തുണയ്ക്കുന്ന എംപിമാരുടെ പട്ടിക കൈമാറി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിനായി രാഷ്ട്രപതി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു.
എന്‍ഡിഎ നേതാക്കളുടെ ഐക്യ സന്ദേശം കൂടിയായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാള്‍ യോഗം. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും മോദിയെ യോഗത്തിലേക്ക് കൈപിടിച്ചു സ്വീകരിച്ചു. എന്‍ഡിഎ സഭാ നേതാവായി മോദിയെ തെരഞ്ഞെടുത്തുള്ള പ്രമേയം രാജ്നാഥ് സിങ് അവതരിപ്പിച്ചു. അമിത് ഷാ, നിതിന്‍ ഗഡ്കരി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവര്‍ പിന്തുണച്ചു.
ഭാരതത്തിന് ശരിയായ സമയത്തു ലഭിച്ച ശരിയായ നേതാവാണ് നരേന്ദ്ര മോദിയെന്ന് പിന്തുണ പ്രഖ്യാപിക്കവേ ചന്ദ്രബാബു നായിഡു പറഞ്ഞു. ചില സ്ഥലങ്ങളിലൊക്കെ മറ്റു പലരും വിജയിച്ചെങ്കിലും അടുത്ത തവണ എല്ലായിടത്തും നമ്മള് മാത്രമായിരിക്കും വിജയിക്കുകയെന്നും എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിനു തങ്ങള്‍ കൂടെയുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ജെഡിഎസ് നേതാവ് കുമാരസ്വാമി, ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്, എച്ച്എഎംജിതിന് റാം മാഞ്ചി, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ തുടങ്ങിയ നേതാക്കളും മോദിക്ക് പിന്തുണ പ്രഖ്യാപിച്ചു.
പാര്‍ലമെന്റിലെ യോഗ ശേഷം മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുടെ വസതികളിലെത്തി നരേന്ദ്ര മോദി അനുഗ്രഹം തേടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: