നോര്‍വ്വെ ചെസ്സിലൂടെ ഇന്ത്യയിലെ 18 കാരന്‍ പ്രജ്ഞാനന്ദ എന്ന ഗ്രാന്‍റ് മാസ്റ്റര്‍ ലോകോത്തര ചെസ് താരമായി മാറിയിരിക്കുന്നു. ലോകത്തിലെ 1,2,3 റാങ്കുകാരായ താരങ്ങള്‍ക്കൊപ്പം 10 റൗണ്ടുകള്‍ നീളുന്ന ടൂര്‍ണ്ണമെന്‍റില്‍ തോല്‍വിയും വിജയങ്ങളും നേടി ഒമ്പതാം റൗണ്ടിലും മൂന്നാം സ്ഥാനത്ത് നിലയിറപ്പിച്ചു എന്നത് തന്നെയാണ് പ്രജ്ഞാനന്ദ പക്വതയുള്ള ഒരു വിശ്വോത്തര ഗ്രാന്‍റ് മാസ്റ്ററായി എന്നത് വിളിച്ചോതുന്നത്.
മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും ക്ലാസിക് കളികളിലാണ് തോല്‍പിച്ചത്. അതായത് ഒരു സമ്പൂര്‍ണ്ണ വിജയം. ഇത്തരം ജയങ്ങളില്‍ മൂന്ന് പോയിന്‍റ് വീതമാണ് ജയിച്ച കളിക്കാരന് ലഭിക്കുക. അങ്ങിനെ ആറ് പോയിന്‍റ് നേടി പ്രജ്ഞാനന്ദ വാര്‍ത്തയായി. റിവേഴ്സ് മത്സരങ്ങളില്‍ കാള്‍സനുമായും കരുവാനയുമായും തോറ്റെങ്കിലും ക്ലാസിക്കല്‍ ഗെയിമില്‍ സമനില പാലിച്ച ശേഷം ആര്‍മഗെഡ്ഡോണിലാണ് പ്രജ്ഞാനന്ദ തോറ്റു കൊടുത്തത്. അതും അവസാനനിമിഷം വരെ പോരുതിയ ശേഷം.
ഇപ്പോഴത്തെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെയും പ്രജ്ഞാനന്ദ തോല്‍പിക്കുകയുണ്ടായി. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. പ്രജ്ഞാനന്ദയുടെ ആ മത്സരം ഹികാരു നകാമുറയുമായാണ്. അതില്‍ ജയിച്ചാല്‍ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാം. ഇപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് 13 പോയിന്‍റും ഹികാരുവിന് 14.5 പോയിന്‍റുമാണ്. ജൂണ്‍ 8 വെള്ളിയാഴ്ച അര്‍ധരാത്രിയാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: