പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ തെളിഞ്ഞ് വരുന്നത് നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന കഞ്ചാവ് മയക്കു മരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം.
മദ്യവും മയക്കു മരുന്നും മദിരാശിയും ഒരു പോലെ സുലഭമായി കിട്ടുന്ന മറ്റൊരു നഗരം കേരളത്തിൽ ഇല്ലെന്ന് വേണം പറയാൻ. അടുത്തിടെ പെരുമ്പാവൂരിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ്.
കഴിഞ്ഞ ദിവസം ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ എൺപത്തിയൊന്ന് കുപ്പി ഹെറോയിനുമായിട്ടാണ് ഇതര സംസ്ഥാനത്തൊഴിലാളി പിടിയിലായത്. ആസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാൻ (28) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പുല്ലുവഴിയിൽ ഇയാൾ വാടയ്‌ക്ക് താമസിക്കുന്ന മുറിയിൽ നിന്നുമാണ് അതീവ അപകട സാധ്യതയുള്ള ഹെറോയിൻ കണ്ടെത്തിയത്. പോലീസ് ആവശ്യക്കാരെന്ന രീതിയിലാണ് ഇയാളെ സമീപിച്ചത്. ഒരു കുപ്പിയ്‌ക്ക് ആയിരം രൂപയാണ് പറഞ്ഞത്. വീര്യം കൂടിയ സാധനമാണെന്നും ആസാമിൽ നിന്നാണ് കൊണ്ടു വന്നതെന്നും പറഞ്ഞു.
പോലീസാണെന്ന് മനസിലായപ്പോൾ പ്രതി ആക്രമിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. അതിഥിത്തൊഴിലാളികൾക്കും തദ്ദേശീയർക്കുമാണ് വിൽപ്പന. ഇടനിലക്കാർ വഴിയും കച്ചവടമുണ്ട്. ഉപയോഗിച്ചവരും, ഇടനിലക്കാരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഹോട്ടൽത്തൊഴിലാളിയെന്ന വ്യാജേനെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.
ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി 300 ൽ ഏറെ കുപ്പി ഹെറോയിനും, ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും , കഞ്ചാവും , എം.ഡി.എം.എ യും പിടികൂടിയിരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ ദാസ് എസ്.ഐമാരായ ചാർലി തോമസ് ,എം.ആർ ശ്രീകുമാർ ,ഇബ്രാഹിം കുട്ടി, എ .എസ് .ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ ,ടി.എ അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: