അത്താഴപ്പൂജക്ക് ശേഷം താഴേ പാട്ട് പുരയില്‍ തെയ്യംപാടികുറുപ്പ് മേലാപ്പ് വിതാനിച്ച് നാല് നിലവിളക്ക് കൊളുത്തി കൂറ് ഇടല് ചടങ്ങ് നടത്തും. പിന്നീട് നാക്കിലയില്‍ വെള്ളരി, അഷ്ടമംഗല്യം, നിറനാഴി എന്നിവ വെച്ച് പീഠത്തില്‍ അലക്കിയ വെള്ളമുണ്ട് വിരിച്ച് അതിനു മുകളില്‍ ചുവന്ന പട്ട് വിരിച്ച് മണിപ്പുറ്റിലും വെള്ളരി, പഴം, തേങ്ങ ഇവ നിവേദിച്ച് ഭഗവതിയുടെ ഉടവാളും ഭഗവതിയുടെ തിരുവായുധവും കുത്തുവിളക്കിന്റെയും വാദ്യത്തിന്റേയും അകമ്പടിയോടെ മേല്‍ ശാന്തി എഴുന്നള്ളിച്ച് വെക്കുന്നു. ശേഷം തെയ്യംപാടി കുറുപ്പിന്റെ ദേവീ സ്തുതികള്‍ മുഴങ്ങും. പിന്നീട് പൂജ നടത്തി തിരുവായുധം മണിപ്പുറ്റിലേക്ക് വീണ്ടും എഴുന്നള്ളിച്ച് കൊണ്ടുപോയി വെക്കും.
തുടര്‍ന്ന് അരിപ്പൊടി, മഞ്ഞപ്പൊടി, കരിപ്പൊടി, ചുവന്നപൊടി എന്നിവ കൊണ്ട് പാട്ടുപുരയില്‍ തെയ്യംപാടി കുറുപ്പ് ദേവിയുടെ അഷ്ടദള പത്മമിട്ട് മുമ്പ് പറഞ്ഞ പ്രകാരം നിവേദ്യം വെച്ച് പീഠം വിരിച്ച് മണിപ്പുറ്റില്‍ ദേവിക്ക് വെള്ളരി നിവേദിച്ച് തിരുവായുധങ്ങള്‍ മുമ്പ് പറഞ്ഞത് പ്രകാരം പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കുന്നു. ഇതേപോലെ പൂജ നടത്തി ദേവീ സ്തുതികള്‍ പാടി, തിരിയുഴിച്ചില്‍ നടത്തി കളത്തിലാട്ടം കഴിഞ്ഞ് ദേവിയുടെ അരുളിപ്പാടിനായി കാത്ത് നില്കും. അരുളപ്പാടോടെ വീണ്ടും മണിപ്പുറ്റിലേക്ക് തിരിച്ചെഴുന്നള്ളിക്കും.
പിന്നീട് മൂത്ത പട്ടര് തയാറാക്കിയ അത്താഴം കഴിക്കും. മീനം ഒന്നുമുതല്‍ മേലേക്കാവില് അഭിഷേകം, ഗണപതി ഹോമം, ഒറ്റക്കലശം, തോറ്റം, ഉച്ചപൂജ-ഉച്ചപ്പാട്ട് എന്നിവ നടക്കും വൈകുന്നേരം ദീപാരാധന, അത്താഴപൂജ എന്നിവ കഴിഞ്ഞ് പാട്ടുപുരയില്‍ കളം വരച്ച് കളത്തില്‍ അരി ചൊരിഞ്ഞ് തിരുവാഭരണങ്ങള്‍ മണിപ്പുറ്റിലേക്ക് തിരികെ എഴുന്നള്ളിക്കുന്നു അത്താഴത്തിന് ശേഷം ചടങ്ങ് സമാപിക്കും മീനം ഒന്നു മുതല്‍ പത്ത് വരെ ഇതു തുടരും.
കൊടിയേറ്റ്
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉത്സവാരംഭത്തോടെയാണ് കൊടിയേറുക. എന്നാല്‍ വള്ളിയൂര്‍ക്കാവില്‍ ഉത്സവം തുടങ്ങി ഏഴാം നാളാണ് കൊടിയേറ്റ്. വള്ളിയൂര്‍ക്കാവ് പണിയ കോളനിയിലെ ആദിവാസി മൂപ്പനാണ് കൊടിയേറ്റുക. വ്രതാനുഷ്ഠാനങ്ങളോടെ വനത്തില്‍ നിന്ന് മുകള്‍ ഭാഗത്തെ ചില്ലകളോടെ കൊണ്ട് വരുന്ന പച്ച മുളകളിലാണ് കൊടിയേറ്റുക. താഴെകാവില്‍ മണിപ്പുറ്റിന് സമീപത്താണ് ആദ്യ കൊടിയേറ്റം. വേങ്ങോത്ത് നമ്പ്യാര്‍ തറയില്‍ രണ്ടാമതും എടച്ചന നായര്‍ തറയില്‍ മൂന്നാമതും കൊടിയേറ്റും. കൊടിയേറ്റത്തിന്റെ സൂചനകളായി കതിന വെടികളും മുഴങ്ങും. കൊടിയേറ്റത്തിന് ക്ഷേത്ര ട്രസ്റ്റിമാരും ക്ഷേത്ര ഭാരവാഹികളും ഉത്സവാഘോഷ സമിതി ഭാരവാഹികളും പൗരപ്രമുഖരും ഭക്തജനങ്ങളും ഭാഗഭാക്കാകും.
ഒപ്പനവരവ്
വള്ളിയൂര്‍ക്കാവിലെ ഒപ്പനവരവ് ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ചേരംങ്കോട്ട് ഇല്ലത്തെ ഒരാള്‍ കുറെ കാലം കാവില്‍ പൂജ നടത്തിയിരുന്നു. അദ്ദേഹത്തിന് ദേവിയെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായി 41 ദിവസം അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ച് ദേവിയെ ധ്യാനിച്ചു. 41 ാം നാള് സ്വപ്നത്തില്‍ അദ്ദേഹത്തിന് ദേവിയുടെ അരുളപ്പാടുണ്ടായി ക്ഷേത്രത്തിന് അടുത്ത ചിറയിലെ പാറക്കല്ലില്‍ ദര്‍ശനം തരാമെന്നായിരുന്നു ദേവിയുടെ വാക്ക്. അരുളപ്പാട് പോലെ ദേവിയുടെ ഭദ്രകാളിരൂപം അദ്ദേഹത്തിന് ദര്‍ശനമേകി. അദ്ദേഹം ദേവിയുടെ കാലില്‍ തൊട്ട് വണങ്ങി പ്രാര്‍ത്ഥിച്ചു. തനിക്ക് ലഭിച്ച ദര്‍ശന പുണ്യം അമ്മയുടെ ഭക്തര്‍ക്കും പ്രാപ്തമാകണം എന്നായിരുന്നു പ്രാര്‍ത്ഥന. എന്നാല്‍ അത് സാധ്യമല്ലന്നും ഉത്സവത്തിന്റെ അവസാന നാല് നാളില്‍ ഒപ്പന എന്ന പേരില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍മെന്നും ദേവി അറിയിച്ചു. അദ്ദേഹത്തിന്റെ അന്തര്‍ജനത്തിനും ദേവി ദര്‍ശനമേകി.
ഉത്സവനാളില്‍ മീനം പത്താം തിയതി ഉച്ചപ്പൂജക്ക് ശേഷം താഴേക്കാവിലെ ഒപ്പന അറയില്‍ മേല്‍ശാന്തി ധ്യാനമിരിക്കും ധ്യാനത്തില്‍ ദേവീ ദര്‍ശനം സാധ്യമാകും. ഇതോടെ അദ്ദേഹം ചേരംങ്കോട്ട് ഇല്ലത്തേക്ക് യാത്രയാകും ശരീരത്തില്‍ തൂവെള്ള പുതച്ച് ഏകാകിയായാണ് യാത്ര. രാത്രിയിലേയും പതിനൊന്നാം തീയതിയിലേയും പൂജയോടെ ഇല്ലത്തെ അന്തര്‍ജനം ദേവിയെ കെട്ടിക്കാണിക്കാനുള്ള കോപ്പുകള്‍ തയാറാക്കി മേല്‍ശാന്തിക്ക് കൈമാറും. ആവശ്യമായ ഉപദേശവും നല്‍കിയാണ് അന്തര്‍ജനം മേല്‍ശാന്തിയെ യാത്രയാക്കുക. ഒപ്പനക്കോപ്പ് കാവില്‍ എത്തിയാല്‍ ഒപ്പന അറയില്‍ സൂക്ഷിക്കും. ദേവിയുടെ തിരുവാഭരണങ്ങളും ഊരാളന്മാര് എഴുന്നള്ളിച്ച് കൊണ്ടുവന്ന് മേല്‍ശാന്തിയെ ഏല്‍പ്പിക്കും. ഒപ്പനക്കോപ്പുകളും തിരുവാഭരണവും ചാര്‍ത്തി കളത്തിലരിക്ക് ശേഷം ഓച്ചര്പാണി കൊട്ടി ദേവിയെ അറിയിക്കുന്നതോടെ ദേവി ഭക്തര്‍ക്ക് ദര്‍ശന പുണ്യം നല്‍കുമെന്നാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: