ഇരിട്ടി: ഉദ്ഘാടനം ചെയ്ത് മൂന്ന് മാസമായിട്ടും കോടികള്‍ മുടക്കി ആറളം ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ പണികഴിപ്പിച്ച മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ അടഞ്ഞു കിടക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മാര്‍ച്ച് 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നടത്തിയത്.
ഇതോടൊപ്പം ആറളം ഫാം സമഗ്ര വികസന പദ്ധതി പ്രകാരം നബാര്‍ഡ് പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 38.02 കോടിയുടെ 28 പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന് അന്ന് ഓണ്‍ലൈനായി നിര്‍വ്വഹിച്ചിരുന്നു. ഇവയില്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത കെട്ടിടങ്ങളില്‍ 90 ശതമാനം കെട്ടിടങ്ങളും അടഞ്ഞുതന്നെ കിടക്കുകയാണ്.
കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും 17,39,23,518 രൂപ ചെലവഴിച്ച് കേരളാസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ 2018 നവംബറിലാണ് എംആര്‍എസ് കെട്ടിട നിര്‍മാണ പ്രവൃര്‍ത്തി പുനരധിവാസമേഖലയിലെ ഏഴാം ബ്ലോക്കില്‍ ആരംഭിച്ചത്. 2021 സെപ്തംബറില്‍ പണി തീര്‍ന്നു.
വനവാസി വിഭാഗത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 350 പേര്‍ക്ക് പഠിക്കാനും താമസിക്കാന്‍ ഹോസ്റ്റലും ഇവിടെയുണ്ട്. സ്റ്റാഫ് ക്വര്‍ട്ടേഴ്സും പൊതു അടുക്കള സൗകര്യവുമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച പട്ടിക ജാതിപട്ടിക വര്‍ഗ്ഗ പിന്നാക്ക വികസന മന്ത്രി കെ. രാധാകൃഷ്ണന് ഇത് സംബന്ധിച്ച് പറഞ്ഞത് മറ്റൊന്നായിരുന്നു. ആറളം ഫാമില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനുള്ള സാധ്യത ഇല്ലെന്നും അതിനായി സ്ഥാപിച്ച കെട്ടിടത്തില്‍ വെറ്ററിനറി, കാര്‍ഷിക സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് നൂതന ഹ്രസ്വകാല കോഴ്സുകളാണ് ആലോചനയിലെന്നുമായിരുന്നു വെളിപ്പെടുത്തല്‍.
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന രീതിയില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാട്ടാനകള്‍ സൈ്വര്യവിഹാരം നടത്തുന്ന ഇവിടെ നിര്‍മിച്ച കെട്ടിടങ്ങളും കോമ്പൗണ്ടും ഇപ്പോഴും അനാ
ഥമായി കിടക്കുകയാണ്.
പത്ത് ഏക്കറുള്ള കോമ്പൗണ്ടിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായതിന് ശേഷം മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാഞ്ഞതിനാല്‍ കാട്മൂടിയിരിക്കുന്നു. ആറളം വനാതിര്‍ത്തി കടന്ന് കോട്ടപ്പാറ മേഖലയിലൂടെ എത്തുന്ന കാട്ടാനകള്‍ വയനാട്ടില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് പതിച്ചു നല്കിയ കൃഷിയിടത്തിലെ പൊന്തക്കാടുകളിലാണ് പകല്‍ സമയങ്ങളില്‍ നിലയുറപ്പിക്കുന്നത്. ഇവിടെ നിന്നുമാണ് രാത്രികാലങ്ങളില്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് സമീപത്തെ ജനവാസ മേഖലയില്‍ എത്തുന്നത്. നിരവധി തവണ ഇതിന്റെ മതില് കാട്ടാനകള്‍ ഇടിച്ചു തകര്‍ക്കുകയും ചെയ്തു.
കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇടനിലക്കാര്‍ക്കും പണം തട്ടാനുള്ള പദ്ധതികള്‍ മാത്രമാണ് ഇത്തരം കോണ്‍ക്രീറ്റ് നിര്‍മിതികള്‍ എന്നാണ് പുനരധിവാസ മേഖലയില്‍ ഉയരുന്ന വിമര്‍ശനവും ആക്ഷേപവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: