ഏഴംകുളം: കാര്‍ഡ്ബോര്‍ഡില്‍ അയോദ്ധ്യയിലെ രാമക്ഷേത്ര മാതൃക മനോഹരമായി നിര്‍മിച്ചെടുത്ത യുവാവിന് നാടിന്റെ അഭിനന്ദന പ്രവാഹം. ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് കോളൂര്പ്പടിയില് ശിവ വിലാസം വീട്ടില്‍ ശ്രീകുമേഷ് എന്ന ചെറുപ്പകാരനാണ് മനോഹരമാംവിധം രാമക്ഷേത്രത്തിന്റെ മിനിയേച്ചര്‍ തയാറാക്കിയത്.
ചെറുപ്പം മുതലേ ചിത്ര, ശില്പകലയില് ഏറെ താല്പര്യം പുലര്‍ത്തുന്ന ശ്രീകുമേഷ് കടുത്ത ശ്രീരാമഭക്തനാണ്. അയോദ്ധ്യയില്‍ തലമുറകളുടെ സ്വപ്നം സാക്ഷാത്കരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയാണ് രാമക്ഷേത്ര മാതൃക കാര്‍ഡ്ബോര്‍ഡില്‍ നിര്‍മിക്കാന്‍ തനിക്ക് പ്രചോദനമായതെന്ന് ശ്രീകുമേഷ് പറഞ്ഞു. ഒന്നരയടി വലിപ്പത്തിലാണ് മിനിയേച്ചര്‍ പൂര്‍ത്തിയാക്കിയത്. കാര്‍ഡ്ബോര്‍ഡ്, ഫെവിക്കോള്‍, അക്രിലിക്ക് പെയിന്റ് എന്നിവയാണ് ഇതില്‍ ഉപയോഗിച്ചത്. എലിമിനേഷന് ബള്‍ബ് കൂടി ഘടിപ്പിച്ചതോടെ മാതൃക കൂടുതല്‍ മനോഹരമായി.
രാമക്ഷേത്ര മാതൃക കൂട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ശ്രീകുമേഷിനെ ഒട്ടേറെപ്പേരാണ് അഭിനന്ദിക്കുന്നത്. ദേശദേവതയായ ഏഴംകുളം ദേവീക്ഷേത്ര മാതൃക നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യം. പാരലല്‍ കോളജ് അദ്ധ്യാപനത്തിനു ശേഷം പ്രവാസിയായ ശ്രീകുമേഷ് കൊവിഡ് കാലത്താണ് നാട്ടിലെത്തിയത്. വീണ്ടും ഗള്‍ഫ് ജോലിക്കുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. ശരണ്യ ശിവദാസാണ് ഭാര്യ. ശിവാംശ് മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: