നാടുകടത്തപ്പെട്ട രാജ്യദ്രോഹികള്‍ ശിക്ഷ കഴിഞ്ഞു തിരികെ വന്നാലുംബലഹീനര് എന്നു കരുതി ശ്രദ്ധിക്കാതിരിക്കരുത്. നാസ്തികരായ ബ്രാഹ്മണരെ സേവിക്കരുത്. എല്ലാം അറിയാമെന്ന് അഹങ്കരിക്കുന്ന ആ മൂഢന്മാര് അനര്‍ത്ഥം ഉണ്ടാക്കുന്നവരാണ്. ധര്‍മ്മശാസ്ത്രങ്ങളില്‍ കുതര്ക്കബുദ്ധിയോടെ ഇവര്‍ വാദിച്ചുകൊണ്ടിരിക്കും.
സ്വരാജ്യമായ അയോധ്യയെ എങ്ങനെ സംരക്ഷിക്കണം എന്നാണ് തുടര്‍ന്നു ശ്രീരാമചന്ദ്രന് ഉപദേശിക്കുന്നത്. ആരാലും ജയിക്കപ്പെടുവാന്‍ കഴിയാത്തത് എന്നര്‍ത്ഥമുള്ള അയോദ്ധ്യ എന്ന രാജ്യം ഉറപ്പുള്ള ദ്വാരങ്ങളോടു കൂടിയതും രഥ, ഗജ, തുരഗങ്ങള് നിറഞ്ഞതും ഏതു കാലത്തിലും അവനവന്റെ ജോലികള്‍ നിറവേറ്റുന്ന ജിതേന്ദ്രിയന്മാരായ ബ്രാഹ്മണര്‍, അത്യുത്സാഹികളായ ക്ഷത്രിയര്‍, ഉത്തമന്മാരായ വൈശ്യര്‍ എന്നിവരാല്‍ വിലസപ്പെട്ടതാണ്. പല വിധത്തിലുമുള്ള കെട്ടിടങ്ങള്‍, അമ്പലങ്ങള്‍, തണ്ണീര്‍ പന്തലുകള്‍, തടാകങ്ങള്‍ എന്നിവയെല്ലാമുള്ള ഈ നാട്ടില്‍ സന്തുഷ്ടരായ സ്ത്രീ പുരുഷന്മാര് ഉല്ലാസപൂര്‍വ്വം ജീവിക്കുന്നു. പൂര്‍വ്വികന്മാരാല്‍ പരിരക്ഷിക്കപ്പെട്ടു വന്ന സമ്പല്‍ സമൃദ്ധമായ ഈ രാജ്യം നല്ല രീതിയില്‍ സംരക്ഷിക്കണം എന്ന് ഭരതനെ ശ്രീരാമന് ഓര്‍മ്മപ്പെടുത്തുന്നു.
ചൂത്, കളവ് മുതലായവയും ദുഷ്ടമൃഗങ്ങളും പാപികളും ഇല്ലാത്ത അയോധ്യയില്‍ സ്വര്‍ണ്ണം, വെള്ളി മുതലായവയുടെ ഖനികളുണ്ട്. കൃഷി, ഗോ സംരക്ഷണം മുതലായവ ചെയ്യുന്നവരെ നീതിയും ന്യായവും തെറ്റാതെ സംരക്ഷിക്കണം. ആവശ്യം വന്നാല്‍ അവര്‍ക്ക് ധനസഹായം ചെയ്യുകയും കരങ്ങള്‍ മുതലായവ ഒഴിവാക്കുകയും വേണം. ആന, കുതിര എല്ലാം ധാരാളമായി വേണം. വനവും വനസമ്പത്തുക്കളും സംരക്ഷിക്കണം.
രാജാവ് എന്നും രാവിലെ രാജവീഥിയില്‍ പ്രജകളെ സന്ദര്‍ശിക്കണം. സേവകരുമായി അധികം അടുപ്പമോ അകല്‍ച്ചയോ പാടില്ല. കോട്ടകള്‍, ധന ധാന്യങ്ങള്‍, ആയുധം, വെള്ളം എല്ലാം സംരക്ഷിക്കപ്പെടണം. ശില്പികളും വില്ലാളികളും ധാരാളമായി വേണം. ധനത്തിന്റെ വരവും ചെലവും ശ്രദ്ധിക്കണം. വരവിനേക്കാള്‍ ചെലവ് കൂടരുത്. ദൈവികം, പിതൃ കാര്യം, അതിഥികള്‍, യുദ്ധവീരന്മാര്, മിത്രങ്ങള്‍ എന്നിവര്‍ക്ക് ചെലവ് ശ്രദ്ധയോടെ ചെയ്യണം.
തെളിയാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അരുത്. നിരപരാധികളുടെ കണ്ണുനീര് വീണാല്‍ രാജ്യം നശിക്കും. വയോധികരെ സംരക്ഷണം കൊണ്ടും കുട്ടികളെ ലാളന കൊണ്ടും വിദ്വാന്മാരെ സത്കാര വാക്കുകള്‍ കൊണ്ടും ഉത്സാഹിപ്പിക്കണം. ധര്‍മ്മത്തേയും അര്‍ത്ഥത്തേയും കാമത്തേയും അതാതിന്റെ കാലത്തില്‍ വേര്‍തിരിച്ചറിഞ്ഞ് അനുഷ്ഠിക്കണം എന്നും ശ്രീരാമന് അനുജനോടു പറയുന്നു. വേറെയും ധാരാളം ഉപദേശങ്ങള്‍ ശ്രീരാമസ്വാമി ഭരതകുമാരനു നല്‍കുന്നുണ്ട്. രാജാവെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരു പാടു കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്തുന്നു. രാജാവ് വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിലുണ്ട്.
ദശരഥ രാജാവ് ശ്രീരാമന് പട്ടാഭിഷേകം നടത്താന്‍ തീരുമാനിക്കുന്നത് രാജസഭയുടേയും മറ്റും അനുമതി വാങ്ങിയിട്ടാണ്. ആദ്യം മന്ത്രിമാരോട് ആലോചിച്ച് തീരുമാനമെടുത്ത ശേഷം സാമന്ത രാജാക്കന്മാരേയും നഗര, ഗ്രാമ പ്രമുഖരെയും വിളിച്ചു വരുത്തിയ ശേഷമാണ് ദശരഥന് രാജസഭയുടെ അഭിപ്രായം ആരായുന്നത്.
‘രാമനെ രാജാവാക്കുന്നത് ശരിയാണെങ്കില്‍ സമ്മതം തരുവിന്‍, അല്ലാത്തപക്ഷം ഞാന്‍ എന്തു ചെയ്യണം?’ എന്നാണ് ദശരഥന് രാജസഭാംഗങ്ങളോടു ചോദിക്കുന്നത്. അവരുടെയെല്ലാം യുക്തിഭദ്രമായ ഉത്തരം ലഭിച്ചതിനു ശേഷം മാത്രമാണ് രാജാവ് രാമനു പട്ടാഭിഷേകം തീരുമാനിച്ചത്.
ഇതിനോടു ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു രാജസഭയുണ്ട് രാമായണത്തില്‍. അത് രാവണന് വിളിച്ചുകൂട്ടുന്ന സഭയാണ് രാമന് വാനര സൈന്യവുമായി യുദ്ധത്തിനെത്തുമെന്നറിയുമ്പോള് തന്റെ താല്പര്യങ്ങള്‍ക്കൊത്തു മാത്രം സംസാരിക്കുന്നവരെയേ രാവണന് അംഗീകരിക്കുന്നുളളൂ.
കിഷ്കിന്ധയിലെ ബാലിയുടെ അവസ്ഥയും ഇതു തന്നെയെന്നു കാണാം. ബാലിയുടേയും രാവണന്റേയും സ്വേച്ഛാധിപത്യത്തേയും അധര്‍മ്മത്തേയും കൂടി വാല്മീകി വ്യക്തമാക്കുന്നു. അധര്‍മ്മത്തെ നശിപ്പിച്ച് നല്ല കാഴ്ചപ്പാടോടെ രാജ്യം ഭരിക്കുന്ന അനന്തരാവകാശികളുടെ അധീനതയില്‍ ആ രണ്ടു രാജ്യങ്ങളും, കിഷ്കിന്ധയും ലങ്കയും എല്പിച്ചു കൊടുക്കുകയാണ് ശ്രീരാമന് ചെയ്തത്.
ഇതാണ് ശരിയായ രാഷ്ട്രീയം. ഇപ്പോള്‍ നമ്മള് അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടുന്ന പാശ്ചാത്യ പുരോഗമന ഭരണം രാമരാജ്യത്തിന് ഒപ്പം നില്‍ക്കുമോ? ഇത്രയും രാഷ്ട്രതന്ത്രജ്ഞത ഉള്‍ക്കൊണ്ട ഒരു ഭരണക്രമം അക്കാലത്തും ഇക്കാലത്തും വേറെ എവിടെയും കാണില്ല. ഇതാണു രാമരാജ്യം. ഈ രാമരാജ്യത്തിലേക്കാണ് നമ്മള് ഇനി എത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: