പത്തനംതിട്ട: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അപകടകരമാം വിധം ഓണ്‍ലൈന്‍ ഗെയിമുകളോട് ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പു ഗെയിമുകളുടെ ചതിക്കുഴികളില്‍ വീണു പോകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് അനുദിനം കൂടുകയാണ്. ചില സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരുടെ സ്വാധീനവും കുട്ടികളെ തട്ടിപ്പു ഗെയിമിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം ഗെയിമുകളിലൂടെ തങ്ങള്‍ വന്‍തോതില്‍ പണം സമ്പാദിച്ചു എന്ന രീതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ പ്രൊമോഷന്‍ വീഡിയോകള്‍ ചെയ്യുന്നത് കണ്ടാണ് കുട്ടികള്‍ പലപ്പോഴും ഇവയില്‍ അകൃഷ്ടരാകുന്നത്.
എന്നാല്‍ അവരുടെ വീഡിയോയില്‍ ഗെയിം ആപ്പുകളുടെ ഡെമോ മാത്രമേ കാണൂ. ഇത് പലപ്പോഴും കുട്ടികള്‍ക്ക് മനസിലാകില്ല. ഓണ്‍ലൈന്‍ റമ്മി ആണ് ഗെയിമുകളില്‍ ഏറ്റവും വില്ലന്‍. ഓണ്‍ലൈന്‍ ഗെയിമിനു പണം കണ്ടെത്താന്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സംഭവങ്ങള്‍ കൂടി വരികയാണ്.
2021 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഗെയിമിങ് ആക്റ്റ് കൊണ്ടുവന്നെങ്കിലും ഹൈക്കോടതി ഉത്തരവില്‍ റദ്ദാക്കപ്പെട്ടു. റമ്മി ഒരു സ്‌കില്‍ ഗെയിം ആണെന്ന സുപ്രീം കോടതി റൂളിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആ ബില്ല് റദ്ദാക്കിയത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല.
ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍ ലോബി തന്നെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് കാലത്താണ് കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഗണ്യമായി വര്‍ധിച്ചത്. എന്നാല്‍ അത് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍-ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനിലേക്കു വളര്‍ന്നിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനം കുട്ടികളില്‍ ഡോപമിന്‍ ഹോര്‍മോണ്‍ ക്രമാതീതമായി കൂടാനും ഉറക്കമില്ലായ്മയ്‌ക്കും കാരണമാകുന്നുണ്ടെന്നു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈന്‍ ഗെയിം ഉപയോഗം കുട്ടികളില്‍ പ്രത്യേക ആസക്തി ഉണര്‍ത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കടുത്ത മാനസിക പ്രശ്‌നങ്ങളും സ്വഭാവ വൈകൃതങ്ങളും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിപ്പെട്ട കുട്ടികളില്‍ വ്യാപകമായി കാണുന്നുണ്ട്. കേരളത്തിലെ ഒട്ടേറെ കുട്ടികള്‍ രാത്രി ഉണര്‍ന്നിരുന്നു രഹസ്യമായി ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്നത് ലഹരി ഉപയോഗത്തിലെന്നപോലെ ഗെയിമിങ്ങില്‍ അവര്‍ അഡിക്റ്റ് ആയതുകൊണ്ടാണ്.
രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധ വേണം
ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. 18 വയസിനു താഴെയുള്ള കുട്ടികളില്‍ സൈബര്‍ ക്രൈം അവബോധം സൃഷ്ടിക്കാന്‍ കേരള പോലീസ് നിലവില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ജില്ലകളില്‍ മാത്രമാണ് ഈ പ്രോഗ്രാമുകള്‍ നടക്കുന്നത്. സംസ്ഥാന വ്യാപകമായി സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേ ഇത്തരം പ്രോഗ്രാമുകള്‍ നടക്കുന്നുള്ളൂ എന്നത് വലിയ ന്യൂനതയാണ്. സംസ്ഥാനം ഒട്ടാകെ ഇതു വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രോഗ്രാമുകളില്‍ ഓണ്‍ലൈന്‍ ഗെയിം-സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ കൈകാര്യം ചെയ്യാന്‍ മനശാസ്ത്ര വിദഗ്ധരുടെ സേവനം ലഭിക്കും.
ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും ഇവ കുട്ടികളെ ജാഗരൂകരാക്കും. മിക്ക ഓണ്‍ലൈന്‍ ഗെയിമുകളുടെയും ഉറവിടം ചൈനയാണ്. ഈ ഗെയിം കമ്പനികള്‍ ഒന്നും തന്നെ ഇന്ത്യന്‍ ഐടി ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്നവയല്ല. കമ്പനി രജിസ്‌ട്രേഷനും ഭാരതത്തിനു പുറത്താണ്. അതു കൊണ്ടു തന്നെ ഓണ്‍ലൈന്‍ ഗെയിം ക്രൈമുകളില്‍ ശക്തമായ നടപടി ഉണ്ടാകാറില്ല. ഈ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട് രക്ഷിതാക്കള്‍ വശ്യപ്പെടുന്നത് ഉചിതമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക