ലോകാവസാനം നാം പ്രതീക്ഷിക്കുന്നുണ്ടോ? എന്തെങ്കിലും അടിസ്ഥാനമിതിനുണ്ടോ?. അതോ ലോകം ഇങ്ങനെ എന്നും നിലനിന്നുപോകുമൊ?. നമുക്ക് പുരാണങ്ങളെ അടിസ്ഥാനമാക്കിയൊന്നു ചിന്തിക്കാം.
പുരാണം പറയുന്നു ഒരു ബ്രഹ്മായുസ്സ് കഴിയുമ്പോള്‍ സര്‍വനാശം സംഭവിച്ച് അടുത്ത ബ്രഹ്മാവിന്റെ ഉല്പത്തിയോടെ വീണ്ടും തുടക്കം കുറിക്കുന്ന ഒരു പ്രക്രിയ ആണെന്ന്. പെട്ടെന്നു പറഞ്ഞെങ്കിലും അതത്ര ചെറിയ കാലയളവൊന്നുമല്ല, ചിന്തിക്കണം.!
നോക്കാം:- ഒരു മനുഷ്യവര്‍ഷം 360 ദിനം. ഇത് ഒരു ദേവദിനം. 300 ദേവദിനം ഒരു ദേവവര്‍ഷം. 12000 ദേവവര്‍ഷം ഒരു ചതുര്‍യുഗം.(കൃതായുഗം 4800, ത്രേതായുഗം 3600, ദ്വാപരയുഗം 2400, കലിയുഗം1200. നാലുംകൂടി 12000 ദേവവര്‍ഷം). 71 ചതുര്‍യുഗം ഒരു മന്വന്തരം (ഒരുമനുവിന്റെ ആയുസ്സ്). 14 മന്വന്തരം ഒരു കല്പം.
(ബ്രഹ്മാവിന്റെ ഒരു പകല്‍) 2കല്പം, ബ്രഹ്മാവിന്റെ ഒരു ദിവസം. 360 ബ്രഹ്മദിവസം ഒരു ബ്രഹ്മവര്‍ഷം. 120 ബ്രഹ്മവര്‍ഷം ഒരു ബ്രഹ്മായുസ്സ്. ഒരു ബ്രഹ്മായുസ്സ് മുപ്പത് കോടി ഒമ്പത് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റിഎഴുപത്താറു കോടി മനുഷ്യവര്‍ഷം. ഇതാണു നമ്മുടെ പൂര്‍വ്വികര്‍ നമുക്കായിത്തന്ന കണക്കുകള്‍. ഇവര്‍ക്കിതെവിടുന്ന്, എങ്ങനെ കിട്ടി?. അന്നും അവര്‍ ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും കൃത്യമായി പഠിച്ചിരുന്നുവെന്നു സാരം.
കണക്കുകള്‍ക്കും അവര്‍ക്ക് ശരിയായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. താമരയിതളുകള്‍ അടുക്കിവെച്ച് അതിലേക്കൊരു സൂചി ആഞ്ഞുകത്തിയാല്‍ അതിലൊരില തുളച്ച് മറ്റിലയില്‍ തൊടുന്നതിനിടയിലെ സമയം. അതിന് അല്പകാലം എന്നുപറയും. ചിന്തിക്കുക.! മുപ്പത് അല്പകാലം ഒരു ത്രുടി. മുപ്പതു ത്രുടി ഒരു കല. മുപ്പതു കല ഒരു കാഷ്ഠ. കാഷ്ഠയ്‌ക്ക് നിമിഷം, നൊടി, മാത്ര എന്നീപേരിലുമറിയപ്പെടും. നാലു നിമിഷം ഒരു ഗണിതം. പത്തുഗണിതം ഒരു നെടുവീര്‍പ്പ്. ആറുനെടുവീര്‍പ്പ് ഒരു വിനാഴിക. അറുപതു വിനാഴിക ഒരു ഘടിക. അറുപതു ഘടിക ഒരുദിവസം. (അഹോരാത്രം).
പതിനഞ്ചഹോരാത്രം ഒരു പക്ഷം. രണ്ടു പക്ഷം ഒരു ചാന്ദ്രമാസം. (മനുഷ്യന്റെ ഒരു ചാന്ദ്രമാസമാണ് പിതൃക്കളുടെ ഒരഹോരാത്രം). മനുഷന് പന്ത്രണ്ടു ചാന്ദ്രമാസം ഒരുവര്‍ഷം. (മനുഷന്റെ ഒരുവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രമാണ്). ദേവകളുടെ മുന്നൂറ് അഹോരാത്രം ഒരു ദേവവര്‍ഷം അല്ലങ്കില്‍ ദിവ്യ വത്സരം. നാലായിരത്തി എണ്ണൂറ് ദിവ്യ വത്സരം കൂടുന്നത് ഒരു കൃതയുഥം. മൂവായിരത്തി അറുനൂറ് ദിവ്യവത്സരം ഒരു ത്രേതായുഗം. രണ്ടായിരത്തി നാനൂറ് ദിവ്യ വത്സരം ഒരു ദ്വാപരയുഗം. ആയിരത്തി ഇരുന്നൂറ് ദിവ്യ വത്സരം ഒരു കലിയുഗത്തിന്. ഈ നാലു യുഗങ്ങള്‍ കൂടി ചേര്‍ന്ന പന്തീരായിരം ദിവ്യ വത്സരമാണ് ഒരു ചതുര്‍യുഗം. എഴുപത്തൊന്നു ചതുര്‍യുഗം കൂടുമ്പോള്‍ ഒരു മനുവിന്റെ കാലം അവസാനിക്കുന്നു. അതോടുകൂടി ആമനുവിന്റെ കാലത്തുള്ള ദേവന്മാരുമവസാനിക്കുന്നു. ഇങ്ങനെ പതിനാലു മനുക്കള്‍ കഴിയുമ്പോള്‍ ഒരുകല്പം അവസാനിച്ച് പ്രളയമാകും. മനുക്കളുടെകാലം ബ്രഹ്മാവിന്റെ പകലും അത്രയുംകാലം രാത്രിയുമാണ്. ഇതാണ് ബ്രഹ്മാവിന്റെ ഒരഹോരാത്രം. ഇത്തരം മുന്നൂറ്റി അറുപതു അഹോരാത്രം ബ്രഹ്മാവിന്റെ ഒരു സംവത്സരവും, നൂറ്റിയിരുപത് സംവത്സരം ഒരു ബ്രഹ്മാവിന്റെ കാലയളവും. പിന്നെ സര്‍വനാശം. ഈ കാലയളവ് കൃത്യമായി പുരാണം പറയുന്നത് 30 കോടി 9 ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി എഴുപത്താറ് കോടി മനുഷ്യവര്‍ഷം. പിന്നെ ഇത്രയുംകാലം വീണ്ടും ശൂന്യമായി കിടന്ന് വീണ്ടും പുതിയ ബ്രഹ്മാവാവിര്‍ഭവിക്കുന്നു. പുതിയ സൃഷ്ടിയുടെ ആരംഭം കുറിക്കുന്നു. ഈ ചാക്രീയക്രിയയാണ് പുരാണം നമ്മേ പഠിപ്പിക്കുന്നത്.
ഇതുസംഭവിക്കുന്നതിനാധാരമായി പറയുന്നതെന്തെന്നാല്‍ എല്ലാഗ്രഹങ്ങളും അവയുടെ സഞ്ചാരപഥത്തില്‍ ഒരു നേര്‍ രേഖയില്‍ തുടങ്ങി തിരികെ അനേകം ഭ്രമണവും, പരിക്രമണവും നടത്തി അതേയിടത്തിലെത്തുക. ഈ അവസ്ഥയിലാണ് മഹാപ്രളയം സംഭവിക്കുക. ഇതിനെ ആസ്പദമാക്കി ആധുനീക ചിന്തകളുമായി ഒന്നു താരതമ്യംചെയ്യാം. നമുക്കാവഴിയിലേക്കൊന്നു ചിന്തിക്കാം.
പുരാണ ജ്യോതിഷ പ്രമാണമനുസരിച്ച് നവഗ്രഹങ്ങളില്‍ ഇവിടെടുക്കാവുന്ന ആറു ഗ്രഹങ്ങളേയുള്ളു. എന്തെന്നാല്‍ സൂര്യന്‍ സ്ഥിരനും, രാഹു, കേതു ഇവ നിഴല്‍ ഗ്രഹവും ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ഉപഗ്രഹവുമാണ്. ഇത് ജാതകസംബന്ധ ഫലങ്ങളുമായി ജ്യോതിഷികളുപയോഗിക്കുന്നു. അതു മറ്റൊരു സിദ്ധാന്തം.
ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും വലംവയ്‌ക്കുന്ന കാലദൈര്‍ഘ്യം കണക്കാക്കിയാല്‍ ബുധന്‍ – 88 ദിവസം, ശുക്രന്‍ – 225 ദിവസം, ഭൂമി – 365 ദിവസം, ചൊവ്വാ – 688 ദിവസം, വ്യാഴം – 4380 ദിവസം, ശനി – 10950 ദിവസം, ഇന്ദ്രന്‍ (യുറാനസ്) 30672 ദിവസം, വരുണന്‍ (നെപ്റ്റിയണ്‍) 60160ദിവസം, യമന്‍ (ഫ്‌ലൂട്ടോ)103200 ദിവസം.
കാലത്തിന്റെ തുടക്കം ഇവയെല്ലാം ഒരു നേര്‍ രേഖയില്‍ നിന്നും പ്രയാണം തുടങ്ങിയെന്നു സങ്കല്പിക്കുക. തുടക്കം അങ്ങനെയെങ്കില്‍ ഒടുക്കവും ഈ രീതിയിലാവണം. ഇവിടെ ഈ ഗ്രഹങ്ങളെല്ലാം തിരിച്ച് ഒരു നേര്‍രേഖയില്‍ എത്തുന്നതിനു മുമ്പുതന്നെ ഒരു വലിയ അസന്തുലിതാവസ്ഥ രൂപപ്പെടാന്‍ തുടങ്ങുകയും നേര്‍രേഖയിലെത്തുന്നതോടെ അതിന്റെ മൂര്‍ദ്ധന്യാവസ്തയിലെത്തി ഭൂമിയടക്കം ഗ്രഹങ്ങളെ കശക്കിയുടയ്‌ക്കാനുള്ള സാധ്യതയും അതിന്റെ പ്രത്യാഘാതമായി ഭൂമിയിലെ സകല ചരാചരങ്ങളും നശിച്ചു നാമാവശേഷമാകുകയും ഈ ആഘാതത്തില്‍ ഭൂമി വിണ്ടുകീറുകയും കര കടലാകുകയും എന്നു വേണ്ടാ സര്‍വ്വം ഉടച്ചുവാര്‍ക്കപ്പെട്ട് ഒരു പുതു സൃഷ്ടി കാലങ്ങളെടുത്ത് വീണ്ടും ആരംഭിക്കുകയായി.
ഗ്രഹങ്ങള്‍ ഒരേരേഖയിലെത്തുമ്പോള്‍ ആകര്‍ഷണവികര്‍ഷണ പരിധി ലംഘിച്ച് ഗ്രഹങ്ങള്‍ തമ്മില്‍ തമ്മില്‍ വലിച്ചടുപ്പിക്കുകയും ഭ്രമണ പരിക്രമണ വേഗത കൂട്ടുകയൊ കുറക്കുകയൊ ചെയ്യാം. ഈ തരത്തിലുള്ള എന്തു പ്രതിഭാസവും നടക്കാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക