India

ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം തുലാസില്‍; നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നിര്‍ണായകം, വിമതരുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാകും

ന്യൂദല്‍ഹി: രണ്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലെ പ്രതിസന്ധികള്‍ വീണ്ടും ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന മോദിയുടെ പ്രസംഗം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു സര്‍ക്കാരിനെതിരായ വിമതരുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കുമെന്ന സൂചനകളാണ് പ്രധാനമന്ത്രി നല്കിയത്. ജൂണ്‍ ഒന്നിന് പോളിങ് ബൂത്തിലേക്ക് എത്താനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.

സുഖുവിന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള അതൃപ്തിയും കോണ്‍ഗ്രസിനകത്തെ അഭിപ്രായവ്യത്യാസവും രാജ്യസഭാ തെരഞ്ഞെടുപ്പോടെയാണ് മറനീക്കി പുറത്തുവന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുകയും ചെയ്തതോടെ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചിരുന്നു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമേ മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. വോട്ട് തുല്യമായതോടെ നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭയില്‍ ബിജെപി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവ് ജയ്‌റാം ഠാക്കൂര്‍ അടക്കമുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്ത് പ്രതിഷേധം താത്കാലികമായി അവസാനിച്ചു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ബിജെപിക്ക് വലിയ മുന്‍തൂക്കമാണ് നല്കുന്നത്.

സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വം അംഗീകരിക്കാതെ കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജി പ്രഖ്യാപിച്ചെങ്കിലും ദേശീയനേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. വിക്രമാദിത്യസിങ്ങിനെ മണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കങ്കണാ റണാവത്തിനെതിരെ മത്സരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വീരഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കിയുള്ള ഒത്തുതീര്‍പ്പാണ് ഹൈക്കമാന്‍ഡ് മുന്നോട്ട് വയ്‌ക്കുന്നത്. എന്നാല്‍ വിക്രമാദിത്യസിങ്ങിനെ മണ്ഡിയില്‍ പരാജയപ്പെടുത്താന്‍ സുഖുവിന്റെ വിഭാഗം ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. വിക്രമാദിത്യയുടെ പരാജയത്തോടെ പ്രതിഭയുടേയും വിക്രമാദിത്യയുടേയും അവകാശവാദങ്ങള്‍ തകര്‍ക്കാനാവുമെന്ന് സുഖു കരുതുന്നു.

ബിജെപിയെ പിന്തുണച്ച ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഈ ആറ് മണ്ഡലങ്ങളിലേക്കും ജൂണ്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ലോക്സഭാ മണ്ഡലങ്ങളായ ഹാമിര്‍പൂര്‍, മണ്ഡി, ഷിംല, കംഗ്ര എന്നിവിടങ്ങളിലെ വോട്ടെടുപ്പിനൊപ്പമാണ് നിയമസഭകളിലേക്കും വോട്ടെടുപ്പ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരായിരുന്ന രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ്മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, രവി ഠാക്കൂര്‍, ചൈതന്യ ശര്‍മ്മ, ദവീന്ദര്‍ ഭൂട്ടോ എന്നീ ആറുപേര്‍ക്കും ഉപതെരഞ്ഞെടുപ്പില്‍ അതാതു മണ്ഡലങ്ങളില്‍ ബിജെപി ടിക്കറ്റ് നല്കിയിട്ടുണ്ട്. ഇവര്‍ ധര്‍മ്മശാല, കുത്ലേഹര്‍, ബാദ്സര്‍, ഗാഗ്രത്, ലാഹോല്‍-സ്പിതി, സുജന്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നു.

68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 39 എംഎല്‍എമാരും ബിജെപിക്ക് 25 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ സംഖ്യ 33 ആയി കുറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുകയും ചെയ്തു. ഈ മണ്ഡലങ്ങളിലും അധികം വൈകാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ജൂണ്‍ ഒന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിടത്തും ബിജെപി മേല്‍ക്കൈ നേടിയാല്‍ ഹിമാചല്‍ ഭരണം മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ബിജെപിയിലേക്കെത്തും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക