രാഷ്ട്രത്തിന്റെ നല്ല നാളെക്കുവേണ്ടി വളര്‍ന്നുവരേണ്ട ഇന്നത്തെ കുട്ടികള്‍ സുരക്ഷിതബോധത്തോടെയും മൂല്യബോധത്തോടെയുമാണോ വളരുന്നതെന്ന് ചിന്തിക്കേണ്ട സമയമാണിത്. വര്‍ദ്ധിച്ചുവരുന്ന പീഡനവാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം വീടുകളില്‍ പോലും അവര്‍ക്ക് സുരക്ഷ നഷ്ടമാകുന്നു. രക്ഷിതാക്കളില്‍ നിന്നുപോലും അസഹ്യമായ പീഡനങ്ങളാണ് കുട്ടികള്‍ സഹിക്കുന്നത്. കുടുംബാഗംങ്ങളാല് കൊലചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നു. കൂട്ട ആത്മഹത്യകളും കുട്ടികളെയില്ലാതാക്കി ആത്മഹത്യ ചെയ്യുന്ന മാതാപിക്കളുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്.
മുതിര്‍ന്നവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുമ്പോഴും സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിയാതെ വരുമ്പോഴും, ഒന്നും അറിയാത്ത കുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. തന്റേതല്ലാത്ത കാരണത്താല്‍ ജീവിതം ഇല്ലാതാകുന്ന കുട്ടികളുടെ ജീവിക്കാനുളള അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ. കുട്ടികള്‍ കളിച്ചും ചിരിച്ചും സ്വാതന്ത്ര്യത്തോടെവേണം വളരാന്‍. ശുചിത്വം, സേവനം, കൂട്ടായ്മ, സൗഹൃദം ഇതെല്ലാം കുട്ടികള്‍ ശീലമാക്കണം. ദേശസ്നേഹം, മൂല്യബോധം, ഉത്തമഭക്ഷണം, വ്യായാമം എന്നീ കാര്യങ്ങളില്‍ കുട്ടികളുടെ ശ്രദ്ധയെത്തണം.
കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്നത് കുടുംബത്തിന്റെ മത്രം കടമയായി കാണരുത്. അത് സമൂഹത്തിന്റെ ബാധ്യതയാണ്. ആ ബാധ്യത സൗരക്ഷിക എന്ന സംഘടന ഏറ്റെടുക്കുകയാണ്. ബാലാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും, ബാല സൗഹൃദ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വേണ്ടി കഴിഞ്ഞ 23 വര്‍ഷമായി കേരളത്തില്‍ ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന ബാലാവകാശ സംരക്ഷണ പ്രസ്ഥാനമാണ് സൗരക്ഷിക. വിവിധ മേഖലയിലെ വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ എല്ലാ ജില്ലകളിലും സമിതികള്‍ പ്രവര്‍ത്തിച്ചു വരികയാണ്. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വിവിധ പരിശീലനങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ എന്നിവ സൗരക്ഷിക നടത്തിവരുന്നു. ബാലസൗഹൃദ സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി സൗരക്ഷിക നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ സ്നേഹിക്കുന്ന എല്ലാപേരുടെയും പങ്കാളിത്തവും അനുഗ്രഹാശിസുകളും ഉണ്ടാകണം. 23 വര്‍ഷം പൂര്‍ത്തിയാക്കുന്ന സൗരക്ഷികയുടെ സംസ്ഥാന വര്‍ഷിക സമ്മേളനം ഇന്ന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. ഭിന്നശേഷി കമ്മിഷണര്‍ ജസ്റ്റിസ് എസ്. എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും.
ജോലിയെന്നതിലുപരി കര്‍ത്തവ്യബോധം ഉളളവരാകണം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍. പാഠങ്ങള്‍ പഠിപ്പിക്കുകമാത്രമല്ല വിദ്യാഭ്യാസമെന്ന് അദ്ധ്യാപകര്‍ മനസ്സിലാക്കണം. വിദ്യാലയങ്ങളില്‍ സഭ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ട്. അദ്ധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചുനിന്ന് വിദ്യാലയങ്ങളെ ശുദ്ധീകരിക്കണം അദ്ധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം സ്കൂളിലോ, കോളജിലോ അനുവദിക്കരുത്. വിദ്യാലയങ്ങളില്‍ ഭൗതീക സാഹചര്യങ്ങല്‍ വികസിച്ചാല്‍ മാത്രം പോരാ കുട്ടികളില്‍ സ്നേഹം, പരസ്പരമുളള കരുതല്‍, ദേശസ്നേഹം, സേവനം, പൊതുശുചിത്വബോധം, പരിസ്ഥിതി അവബോധം വളര്‍ത്തുവാന്‍ കഴിയുന്ന കാര്യങ്ങള്‍ വിദ്യാലയ നടത്തിപ്പുകാരും, അദ്ധ്യാപക-രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയും ചേര്‍ന്ന് നടപ്പിലാക്കണം. കുട്ടികളുടെ സ്വഭാവരൂപീകരണവും തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ധ്യാപകര്‍ മനസ്സിലാക്കണം മാതൃകയാകണം. ഒരു കുട്ടി ഒരു വ്യക്തിയാണെന്ന് മുതിര്‍ന്നവര്‍ അറിയണം. വ്യക്തിയെന്ന നിലയ്ക്കുളള കുട്ടിയുടെ അഭിപ്രായം/സംസാരം കേള്‍ക്കുവാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണം.
സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയണം. ഒരു കുട്ടിപോലും സംരക്ഷിക്കപ്പെടാതെ പോകരുത്. ഒരു കുട്ടിപോലും വഞ്ചിക്കപ്പെടരുത്. ഒരു കുട്ടിപോലും അവഗണിക്കപ്പെടരുത്. വികാരവും വിചാരവും കുട്ടികള്‍ക്കും ഉണ്ടെന്നുളള യഥാര്‍ത്ഥ്യം നാം മറക്കരുത്. കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക. പൊതുസമൂഹത്തിന്റെ ശ്രദ്ധയും കരുതലും ഈ കാര്യത്തില്‍ അത്യാവശ്യമാണ്. തങ്ങളുടെ വീട്ടിലെ കുട്ടികളെ മാത്രമല്ല അയല്വക്കത്തുളള കുട്ടികളേയും നിരീക്ഷിക്കേണ്ടതാണ്. ഏതെങ്കിലും ഒരു കുട്ടി അവഗണിക്കപ്പെടുന്നുയെന്ന് കണ്ടാല്‍ മുതിര്‍ന്ന വ്യക്തികള്‍ ഇടപെടേണ്ടതാണ്. സംഘടനകള്‍/ നിയമപാലകര്‍/ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍/ അദ്ധ്യാപകര്‍ എന്നുവേണ്ട ആരെവേണമെങ്കിലും വിവരം ധരിപ്പിക്കുകയും അവരുടെ ഇടപെടല്‍ ശരിയായവിധം ഉണ്ടായിയെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
മയക്കുമരുന്നും മറ്റ് ലഹരികളും കേളരത്തിലെ വിദ്യാലയങ്ങളെ വലവീശിയിരിക്കുകയാണ്. മയക്കുമരുന്നിന്റെ ഇടനിലക്കാരായിപോലും കുട്ടികള്‍ പ്രവര്ത്തിക്കുന്നുയെന്നുളളത് വസ്തുതയാണ്. സ്കൂളിന്റെ പുറത്ത് ജാഗ്രതാസമിതികള്‍ ഉണ്ടാകണം. ലഹരി പദാര്‍ത്ഥങ്ങള്‍ വില്പന നടത്തുന്ന കടകള്‍ സ്കൂള്‍ പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തണം. പരിചയമില്ലാത്തവര്‍ വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ലഹരിമുക്ത വിദ്യാലയങ്ങള്‍ നമ്മുടെ ലക്ഷ്യം ആയിരിക്കണം. ശാരീരികാരോഗ്യം, മാനസികാരോഗ്യം രണ്ടും കുട്ടികള്‍ക്ക് അവകാശപ്പെട്ടതാണ്. കുട്ടി ലക്ഷ്യബോധത്തോടെ വളരണം. ലക്ഷ്യത്തിലെത്താന്‍ ശരിയായ മാര്‍ഗ്ഗവും കണ്ടെത്തണം. തെറ്റായ മാര്‍ഗ്ഗം തിരുത്തപ്പെടണം.
കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി കേന്ദ്രസര്‍ക്കാറിന്റെ അനവധി പദ്ധതികളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടക്കേണ്ടുന്ന പദ്ധതികള്‍ കാര്യമായിട്ട് പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ ബാലവേല കുറഞ്ഞുവെങ്കിലും ലൈംഗീക പീഡനങ്ങള്‍ കൂടി. കുട്ടി കുറ്റവാളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പോഷകാഹാരത്തിന്റെ കുറവുമൂലം പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടികള്‍ നേരിടുന്നു. വീടുകളില്‍ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയുവാനും ഗൃഹാന്തരീക്ഷത്തില്‍ ഉല്ലസിക്കാനും മുതിര്‍ന്നവര്‍ സമയം കണ്ടെത്തണം. ലാളനയോടൊപ്പം ശാസനയ്ക്കും സ്ഥാനമുണ്ട്. കുട്ടികളെ ഡോക്ടറാക്കാനും ഐഎഎഎസ് ആക്കാനും ആഗ്രഹിക്കുന്നതോടൊപ്പം നല്ല വ്യക്തിയാക്കണമെന്ന കാഴ്ചപ്പാട് രക്ഷിതാക്കള്‍ക്കും, അദ്ധ്യാപകര്‍ക്കും ഉണ്ടാകണം. അവകാശങ്ങളോടൊപ്പം കര്‍ത്തവ്യബോധവും അച്ചടക്കവും കുട്ടികള്‍ അറിയണം. വീട്ടിലും നാട്ടിലും സ്വാതന്ത്ര്യത്തോടെ കളിച്ചു രസിച്ചു ജീവിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണം. നന്മയുടെ കരുത്തായിരിക്കണം കുട്ടികള്‍. ശ്രദ്ധിച്ചും ലാളിച്ചും ഓരോ കുട്ടിയേയും വളര്‍ത്തണം. ഒരു കുട്ടിയും സംരക്ഷിക്കപ്പെടാതെ പോകരുത്. ഓരോ കുട്ടിയും നാടിന്റെ അഭിമാനമാണ്. നാളെയുടെ കരുത്താണ്. ആ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സൗരക്ഷിക സമ്മേളനത്തിന്റെ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: