India

രാംലല്ല വിരാജിക്കുന്നത് കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നു; ഹിമാചലില്‍ തരംഗമായി നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ ഭരണമാറ്റം ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്തിന്റെ മണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. റോസാപ്പൂക്കള്‍ നല്കിയാണ് പ്രധാനമന്ത്രിയെ കങ്കണ വേദിയിലേക്ക് ക്ഷണിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് മണ്ഡിയില്‍ ഒഴുകിയെത്തിയത്.

രാജ്യത്ത് പൊതു സിവില്‍ നിയമം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ ആവര്‍ത്തിച്ചു. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ മതവിശ്വാസികള്‍ക്ക് ഏകീകരിച്ച വ്യക്തി നിയമം നടപ്പില്‍ വരുത്തും. അത് എന്റെ പ്രതിജ്ഞയാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഏകീകൃത വ്യക്തിനിയമത്തോട് എതിര്‍പ്പാണ്. ശരീയത്ത് നടപ്പാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അവര്‍ പിന്തുണയ്‌ക്കുന്നതും അതിനെയാണ്. മോദി പറഞ്ഞു. ദശാബ്ദങ്ങളോളം നീണ്ട കോണ്‍ഗ്രസ് ഭരണം നമ്മള്‍ കണ്ടു. ദാരിദ്ര്യവും പട്ടിണിയും പ്രതിസന്ധികളും ഉള്ള രാജ്യമാണ് കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നത്. വികസനത്തെ റിവേഴ്സ് ഗിയറിലിട്ട് പിന്നോട്ടടിക്കലാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടാണ് അധികാരത്തിലെത്തിയാല്‍ 370 അനുഛേദം പുനസ്ഥാപിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുമെന്നും പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ആണവായുധങ്ങള്‍ നശിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ സഖ്യ കക്ഷികള്‍ പറയുന്നത്, മോദി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ എന്‍ഡിഎ മുന്നണി ഭൂരിപക്ഷം ഉറപ്പിച്ചു കഴിഞ്ഞതായി മോദി പറഞ്ഞു. മണ്ഡി അടക്കം ഹിമാചലിലെ നാല് സീറ്റുകളിലും ബിജെപി വിജയിക്കും. മൂന്നാം തവണയും രാജ്യം കോണ്‍ഗ്രസിനെ തിരസ്‌കരിക്കും.

പാലംപൂരില്‍ നടന്ന ബിജെപി പ്രവര്‍ത്തക സമിതി യോഗത്തിലാണ് അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനം എടുക്കുന്നത്. ചരിത്രപരമായ ആ തീരുമാനം കൈക്കൊണ്ടത് ഈ പുണ്യഭൂമിയിലാണ്. 500 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത്. അതിന് കാരണമായത് നിങ്ങളുടെ വോട്ടുകളാണ്. അയോദ്ധ്യയില്‍ രാംലല്ല വിരാജിക്കുന്നത് കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നു. നിങ്ങള്‍ മോദിയെ ജയിപ്പിച്ചില്ലായിരുന്നെങ്കില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകില്ലായിരുന്നു, മോദി പറഞ്ഞു.

ബോളിവുഡ് തന്നെ പുറത്തു നിന്നുള്ള ആളായി ഒറ്റപ്പെടുത്തിയപ്പോള്‍ ഒപ്പം നിര്‍ത്തിയത് ബിജെപിയാണെന്ന് കങ്കണ റണാവത്ത് പറഞ്ഞു. പഹാഡി ബേട്ടിയെ(പര്‍വതത്തിന്റെ മകള്‍) ജനങ്ങളെ സേവിക്കാനായി നിങ്ങള്‍ നിയോഗിച്ചിരിക്കുന്നു. പാര്‍ട്ടിയോട് ഏറെ നന്ദിയുണ്ട്, മണ്ഡി മണ്ഡലത്തില്‍ നിന്നുള്ള കങ്കണയ്‌ക്ക് ഇവിടെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് ആണ് കങ്കണയുടെ എതിരാളി. ജൂണ്‍ ഒന്നിന് അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ് ഹിമാചലിലെ നാല് മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക