വൈക്കം സത്യാഗ്രഹം ഏതെങ്കിലും സമുദായത്തിന് എതിരല്ലായിരുന്നു. ജാതീയതയായിരുന്നു അതിനു പിന്നിലെ കാരണം. ജാതീയതയെ നിഷേധിച്ച്, തങ്ങള്‍ ഹിന്ദുക്കളാണെന്ന പ്രഖ്യാപനമായിരുന്നു അതിന്റെ ആണിക്കല്ല്. സമരത്തില്‍ പങ്കെടുക്കേണ്ട വാളണ്ടിയര്‍മാര്‍ ഒരു പ്രതിജ്ഞയെടുക്കണമായിരുന്നു. ‘ഞാനൊരു ഹിന്ദുവാണ്’ എന്നു തുടങ്ങുന്ന ആ പ്രതിജ്ഞയാണ് ഈ പ്രഖ്യാപനത്തിന്റെ അടയാളം. എന്നാല്‍ ഇന്നത്തെ കപട ബുദ്ധിജീവികളും ഒരു സംഘം രാഷ്‌ട്രീയക്കാരും സത്യാഗ്രഹത്തിന്റെ ഈ ആണിക്കല്ലിനെപ്പറ്റി പറയാന്‍ നട്ടെല്ലുള്ളവരല്ല. എല്ലാത്തിലും മതേതരത്വം എന്ന വികലസങ്കല്‍പ്പം സന്നിവേശിപ്പിച്ച് സാംസ്‌ക്കാരികമായി അധഃപതിപ്പിക്കുന്നതിലാണ് ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം.
പുലയനും പറയനും പട്ടരും നമ്പൂതിരിയും നായരും ഈഴവനും എല്ലാം അടങ്ങുന്ന ഓരോ സത്യാഗ്രഹിയും ഹിന്ദു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിജ്ഞയെടുത്തത്. അത് മതേതര പ്രതിജ്ഞയല്ല, ഈശ്വരനെ സാക്ഷിയാക്കിയുള്ള പ്രതിജ്ഞയാണ്. ഈശ്വര സങ്കല്‍പ്പത്തെയും ഹിന്ദു എന്നതിനെയും അംഗീകരിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ക്ക് എങ്ങനെയാണ് അതിന്റെ ആശയത്തെ അംഗീകരിക്കാന്‍ കഴിയുക? ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ ബദ്ധശ്രദ്ധരായ, മതേതരത്വത്തിന്റെ പേരില്‍ ഹിന്ദുവിരുദ്ധ നിലപാടുകള്‍ മാത്രമെടുത്തിട്ടുള്ള, 1969ല്‍ മാത്രം ഉണ്ടായ ഇന്ദിരാ കോണ്‍ഗ്രസ്സിന് എങ്ങനെ സത്യാഗ്രഹത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയും? ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ഇടതുപക്ഷവും വലതുപക്ഷവും എത്രനാള്‍ ജനങ്ങളെ വിഡ്ഢികളാക്കും?
സത്യമാണെന്റെ ദൈവം എന്നു പ്രഖ്യാപിച്ച ഗാന്ധിജിയുടെ പേരിലുള്ള എംജി സര്‍വ്വകലാശാല ഇറക്കിയ ‘വൈക്കം സത്യാഗ്രഹ രേഖകള്‍’ എന്ന പുസ്തകത്തില്‍ അവിടുത്തെ ‘കള്ളന്മാര്‍’ ഈ പ്രതിജ്ഞ ‘രേഖ’കളില്‍നിന്ന് ഒഴിവാക്കി. ഇത്തരം ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളാണ് നമ്മുടെ ചരിത്രമെഴുതുന്നത്! ജനങ്ങള്‍ എങ്ങനെ അറിവുള്ളവരായി മാറാന്‍!
ആ സമരം ഒരു സമന്വയ പ്രഖ്യാപനമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ സമന്വയ പ്രഖ്യാപനമായതുകൊണ്ടാണ് തങ്ങള്‍ ഹിന്ദുക്കളല്ല എന്നു കരുതുന്ന ഇതര മതസ്ഥരോട് സത്യാഗ്രഹത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടത്. 1924 ഏപ്രില്‍ 12ന് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന് അയച്ച വിശദമായ കത്തില്‍ ഗാന്ധിജി അദ്ദേഹത്തോട് സത്യാഗ്രഹത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. പഞ്ചാബില്‍നിന്ന് അകാലികള്‍ സത്യാഗ്രഹികള്‍ക്ക് സൗജന്യഭക്ഷണം കൊടുക്കാന്‍ അരിയും ഗോതമ്പും മറ്റു സാമഗ്രികളുമായി എത്തിയിരുന്നു. അവര്‍ സന്തോഷത്തോടെ അക്കാര്യം ചെയ്തുകൊണ്ടിരിക്കവേ അവരെയും ഗാന്ധിജി തിരിച്ചയച്ചു. ചില മുസ്ലീങ്ങള്‍ ദേശീയപ്രസ്ഥാനക്കാര്‍ എന്നനിലയില്‍ സത്യാഗ്രഹത്തെ സഹായിക്കുന്നുണ്ടായിരുന്നു. അതെല്ലാം ഗാന്ധിജിയുടെ നിര്‍ദ്ദേശത്തോടെ അവസാനിപ്പിച്ചു. കാരണം അതൊരു മതേതര സത്യാഗ്രഹമല്ല, മറിച്ച് ഹിന്ദുക്കളുടെ മതപരമായ കാര്യം മാത്രമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ എന്നനിലയില്‍ പങ്കെടുത്തുവന്ന ജോര്‍ജ് ജോസഫ് അടക്കമുള്ള എല്ലാ ഇതര മതസ്ഥരും പിന്നീട് സത്യാഗ്രഹത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു.
ആര്‍ക്കും യാതൊരു സംശയവും ഉണ്ടാകാതിരിക്കാന്‍ ഗാന്ധിജി വ്യക്തമായിത്തന്നെ എഴുതി: ‘അയിത്തോച്ചാടനം കോണ്‍ഗ്രസ് പരിപാടിയില്‍ പെടുത്തിയതുകൊണ്ട് അത് ഹിന്ദുക്കളുടെയും അഹിന്ദുക്കളുടെയും പ്രസ്ഥാനമായിത്തീരുന്നില്ല. കോണ്‍ഗ്രസ് പരിപാടിയില്‍ പെടുത്തിയതുകൊണ്ട് ഖിലാഫത്തു പ്രസ്ഥാനം മുസ്ലീങ്ങളുടെയും അമുസ്ലീങ്ങളുടെയും പ്രസ്ഥാനമായി തീരാത്തതുപോലെ’ (യങ് ഇന്ത്യ-1924 മെയ് 6) 1921ലെ മാപ്പിളക്കലാപത്തിന്റെ ദുരന്തപാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം ഗാന്ധിജി ഈ പഥ്യം നിര്‍ദ്ദേശിച്ചത്.
സത്യാഗ്രഹലക്ഷ്യം ഹിന്ദുസമന്വയമാണെന്നതിന്റെ മറ്റൊരു അടയാളമായിരുന്നു വൈക്കത്തു നടന്ന നായരീഴവ ഐക്യസമ്മേളനം! സമരം തുടങ്ങി ഒരുമാസം കഴിഞ്ഞായിരുന്നു ഇത്. സമ്മേളനാധ്യക്ഷന്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു. (കൊല്ലത്ത് പെരിനാട് ലഹളയെന്ന് അറിയപ്പെടുന്ന നായര്‍ പുലയ സംഘര്‍ഷത്തെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത ഹിന്ദുസമ്മേളനത്തിന്റെ അദ്ധ്യക്ഷനായി മഹാത്മാ അയ്യങ്കാളി ക്ഷണിച്ചുകൊണ്ടുവന്നതും ചങ്ങനാശ്ശേരിയെത്തന്നെയായിരുന്നു)
സംയുക്ത സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഒരു പ്രതിനിധിസംഘത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ചുമതലപ്പെടുത്തി. പ്രതിനിധിസംഘത്തിന്റെ തലവന്‍ ഇ.വി.രാമസ്വാമി നായ്‌ക്കര്‍ ആയിരുന്നു. ഈ സമിതിയിലും ഹിന്ദു സമുദായത്തിന്റെ വിവിധ ശ്രേണിയില്‍ പെട്ടവരായിരുന്നു അംഗങ്ങള്‍. ഡോ: നായിഡു, മന്നത്തു പത്മനാഭപിള്ള, എം.മാത്തുണ്ണി, ചിറ്റേടത്തു ശങ്കുപ്പിള്ള, രാമകൃഷ്ണദാസ്, അയ്യാമുത്തു ഗൗണ്ടര്‍, ഏ.കെ.ഗോവിന്ദ ചാന്നാര്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍! ഹിന്ദുക്കളുടെ പ്രശ്‌നം ഹിന്ദുക്കള്‍ തന്നെ തീര്‍ത്തുകൊള്ളാം എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഈ സംയുക്തസമ്മേളനത്തിന്റെ പ്രതിനിധിസംഘം കാണിച്ചുതന്നത്.
സത്യാഗ്രഹം എല്ലാ ഹിന്ദുക്കളുടെയും ഒന്നിച്ചുള്ള മുന്നേറ്റമായിരുന്നതുകൊണ്ടാണ് ഓരോ ബാച്ചിലും അന്നത്തെ നിലയ്‌ക്ക് ഒരു ഹരിജന്‍, ഒരു പിന്നാക്കക്കാരന്‍, ഒരു സവര്‍ണന്‍ എന്നീ ക്രമത്തില്‍ സമരഭടന്മാരെ നിശ്ചയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യ സമരഭടന്മാര്‍ കുഞ്ഞപ്പി എന്ന പുലയനും ബാഹുലേയന്‍ എന്ന ഈഴവനും ഗോവിന്ദപ്പണിക്കര്‍ എന്ന നായരും ആയിരുന്നു. എല്ലാ നടപടികളിലും പ്രവര്‍ത്തനങ്ങളിലും ഇത്തരമൊരു സമവാക്യം പാലിച്ചിരുന്നു എന്ന് നമുക്കു കാണാം. ഒരിക്കല്‍ സത്യാഗ്രത്തിന്റെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മൂന്നുപേര്‍ വൈക്കത്തുനിന്നും ചങ്ങനാശ്ശേരി പെരുന്നയിലെ മന്നത്തിന്റെ ഭവനത്തിലെത്തി. അഴകന്‍ എന്ന പുലയ പ്രതിനിധിയും കെ.കുമാര്‍ എന്ന ഈഴവ പ്രതിനിധിയും മറ്റൊരു ഭട്ടതിരിയുമായിരുന്നു. സമവാക്യം സമമായിത്തന്നെ തുടര്‍ന്നുപോന്നു എന്നു വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്.
എസ്എന്‍ഡിപി നേതാവായിരുന്ന ടി.കെ.മാധവന്‍ മുന്‍കൈ എടുത്തു നടത്തിയ സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ മറ്റു സവര്‍ണനായകര്‍ മന്നത്തു പത്മനാഭപിള്ള, കെ.കേളപ്പന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ.പി.കേശവമേനോന്‍, ചിറ്റേടത്തു ശങ്കുപ്പിള്ള തുടങ്ങിയവരായിരുന്നു. ഏതെങ്കിലും സമുദായത്തിനെതിരായിരുന്നു സമരമെങ്കില്‍ ഇവരെങ്ങനെ സമരക്കാരാകും? ഹിന്ദു സമൂഹത്തില്‍ അടിഞ്ഞുകൂടിയ അഴുക്കു നീക്കിക്കളയുന്നതിനായിരുന്നു സമരം. അത് മറ്റാരും ചെയ്യേണ്ടതല്ല, തങ്ങള്‍ സ്വയം ചെയ്യേണ്ടതാണെന്ന ചുമതലാബോധത്തില്‍ നിന്നാണ് സര്‍വ്വാത്മനാ എല്ലാവരും സഹകരിച്ചത്. ഇന്ന് വൈക്കം സത്യാഗ്രഹത്തിന്റെയടക്കമുള്ള നവോത്ഥാനമൂല്യങ്ങളെ അട്ടിമറിക്കാനും വികലമാക്കി വിറ്റുതുലയ്‌ക്കാനും കപടചരിത്രമെഴുതുന്ന ഇടതുവലതു മുന്നണിക്കാര്‍ ജാതിസ്പര്‍ദ്ധ വീണ്ടും സൃഷ്ടിക്കുകയാണ്. തമ്മില്‍ത്തല്ലിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള നാളുകളായുള്ള അവരുടെ പരിശ്രമം ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞുതുടങ്ങി. അതിന്റെ വെപ്രാളത്തിലാണ് മുന്നും പിന്നും നോക്കാതെ നവോത്ഥാനത്തെ സംബസിച്ച് പമ്പരവിഡ്ഢിത്തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍പോലും നിരന്തരം ഉരുവിടുന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഒരു സവര്‍ണജാഥ സംഘടിപ്പിക്കപ്പെട്ടു. അയിത്തത്തെ ദൂരീകരിച്ച് എല്ലാ ഹിന്ദുക്കള്‍ക്കും തുല്യമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ ജാഥ നയിച്ചത് മന്നത്തു പത്മനാഭപിള്ളയായിരുന്നു. ചെരിപ്പിടാതെ, കുടപിടിക്കാതെ മഴയും വെയിലുമേറ്റ്, കല്ലും ചെളിയും ചവിട്ടി വൈക്കം മുതല്‍ തിരുവനന്തപുരംവരെ നടത്തിയ കഠിനമായ യാത്ര എളുപ്പമായിരുന്നില്ല. വഴിനീളെ പിന്നാക്കമെന്നു പറയപ്പെട്ടിരുന്നവരുടെയും അല്ലാത്തവരുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയും അവര്‍ നല്‍കിയ പലതരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഭക്ഷിച്ചുമാണ് മുന്നേറിയത്. മന്നം സവര്‍ണജാഥ നയിച്ചത് പിന്നാക്ക വിഭാഗക്കാര്‍ക്കുവേണ്ടി എന്ന നിലയ്‌ക്കു മാത്രമായിരുന്നോ? അതോ ഹിന്ദുസമൂഹത്തിന്റെ നന്മ കണക്കാക്കിയോ? ഹിന്ദു സമൂഹം ഒറ്റക്കെട്ടായി കാലത്തിന്റെ വെല്ലുവിളിയെ അതിജീവിക്കണമെന്നതുകൊണ്ടാണ് അത്തരമൊരു തീരുമാനത്തിലെത്തിയത്. ആ ജാഥയുടെ മുന്നൊരുക്കങ്ങള്‍ക്ക് എല്ലാ സ്ഥലത്തും എത്തിച്ചേര്‍ന്നത് ബാരിസ്റ്റര്‍ എ.കെ.പിള്ള എന്ന ‘സവര്‍ണ’നായിരുന്നു.
സമരത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകാനും ജനാഭിപ്രായം സ്വരൂപിക്കാനുമായി ചെങ്ങന്നൂരില്‍ ഒരു സവര്‍ണസമ്മേളനം നടത്തപ്പെട്ടു. സവര്‍ണര്‍ എന്നു പറയപ്പെടുന്നവര്‍ ബഹുഭൂരിപക്ഷവും അയിത്തത്തിനെതിരാണ് എന്നു തെളിയിക്കുന്നതിനുംകൂടിയായിരുന്നു സമ്മേളനം. 1924 ജൂലൈ 6ന് കൂടിയ സമ്മേളനത്തില്‍ മധ്യതിരുവിതാംകൂറിലെ പ്രമുഖരായ ആയിരത്തോളം നമ്പൂതിരിമാര്‍ ഉണ്ടായിരുന്നു. സവര്‍ണ സമ്മേളനം നടത്തി നമ്പൂതിരിമാര്‍ സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു. ദേശീയപ്രസ്ഥാനം അഖിലഭാരതീയ തലത്തില്‍ നടത്തിയ അയിത്തോച്ചാടന പ്രവര്‍ത്തനത്തിന്റെകൂടി ഭാഗമായിരുന്നു വൈക്കം സത്യാഗ്രഹം. കേരളത്തിലെ അയിത്തോച്ചാടനക്കമ്മിറ്റിയുടെ കണ്‍വീനര്‍ കെ. കേളപ്പന്‍ നായരായിരുന്നു. കമ്മിറ്റിയംഗങ്ങളായി നിശ്ചയിക്കപ്പെട്ടവര്‍ ടി.കെ.മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കെ.വേലായുധ മേനോന്‍ എന്നിവരായിരുന്നു.
സത്യാഗ്രഹത്തെ ആശീര്‍വദിക്കാനും പിന്തുണയ്‌ക്കാനും അനേകം ആചാര്യന്മാരും സനാതനധര്‍മ്മ സംരക്ഷകരും എത്തിയിരുന്നു. ശ്രീനാരായണ ഗുരുസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, സ്വാമി സത്യവ്രതന്‍ തുടങ്ങിയ ആചാര്യശ്രേഷ്ഠന്മാര്‍ എത്തിയതും ഹൈന്ദവനവോത്ഥാനം എന്നനിലയ്‌ക്കാണ്. ദേശീയ നേതാക്കള്‍ എന്ന നിലയില്‍ സ്വാമി ശ്രദ്ധാനന്ദന്‍, ഗാന്ധിജി, സി.രാജഗോപാലാചാരി, പി.സി.റേ, സി.ആര്‍.ദാസ് തുടങ്ങിയവരൊക്കെ എത്തി എന്നതും നാം ശ്രദ്ധിക്കേണ്ടതാണ്.
അയിത്തോച്ചാടനക്കമ്മിറ്റി അംഗങ്ങളും വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവരായിരുന്നു. സത്യാഗ്രഹ നടത്തിപ്പിന്റെ കമ്മിറ്റിയുടെ വിവിധ വകുപ്പുതലവന്മാരുടെ പേരുകള്‍ നോക്കിയാലും ഇതേ വൈവിധ്യവും സമന്വയവും ദര്‍ശിക്കാവുന്നതാണ്. നായരും ഈഴവനും നമ്പൂതിരിയും ഒക്കെ ഒന്നിച്ചായിരുന്നു ഓരോ കാര്യങ്ങളും നടത്തിയിരുന്നത്. സത്യാഗ്രഹാശ്രമ കാര്യദര്‍ശി കെ.കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പ്രസിദ്ധീകരണ വിഭാഗം എന്‍.ബാലകൃഷ്ണന്‍, ഖജാന്‍ജി ഏ.കെ.ഗോവിന്ദ ചാന്നാര്‍, പാചകപ്പുര കടൂര്‍ നാരായണപിള്ള, വാളണ്ടിയര്‍ ക്യാപ്റ്റന്‍ എസ്. രാമനാഥന്‍, കലവറ ശങ്കുണ്ണി നായര്‍ എന്നിവരായിരുന്നു.
വൈക്കം സത്യാഗ്രഹത്തില്‍ നിരവധി പേര്‍ പോലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ആമചാടി കണ്ണന്‍ തേവന്‍ ഗുണ്ടകളുടെയും പോലീസിന്റെയും മര്‍ദ്ദനത്തിന് ഇരയായവരില്‍ ഒരാളാണ്. അക്രമികള്‍ തേവന്റെ കണ്ണില്‍ ചുണ്ണാമ്പു തേച്ച് കാഴ്ച നഷ്ടപ്പെടുത്തിയിരുന്നു. പിന്നീട് ഗാന്ധിജി കൊടുത്തയച്ച ഒരു മരുന്നുപയോഗിച്ചാണ് കാഴ്ച തിരിച്ചു കിട്ടിയത്. സാമൂഹികാദര്‍ശത്താല്‍ പ്രേരിതനായി മൂവാറ്റുപുഴയില്‍ നിന്നും ഒരാള്‍ പെരുമഴയത്ത് വൈക്കത്തേക്കു പുറപ്പെട്ടു. രാമന്‍ ഇളയത് എന്ന സവര്‍ണന്‍! കൊടിയ മഴയില്‍ സമരസ്ഥലവും വെള്ളത്തിലായിരുന്നു. കഴുത്തൊപ്പം വെള്ളത്തില്‍നിന്നു സമരം ചെയ്ത രാമനിളയതിന്റെ കണ്ണിലും അക്രമികള്‍ ചുണ്ണാമ്പെഴുതി; കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. ഇടത്തരം ജന്മിയായിരുന്ന തന്റെ ഭൂമി മുഴുവന്‍ ദാനം ചെയ്തു. ഹരിജനങ്ങള്‍ക്കുവേണ്ടി ഒരു വിദ്യാലയം തുടങ്ങി. മഹാത്മാ അയ്യങ്കാളിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചയാളാണ് അദ്ദേഹം. ഒടുവില്‍ പെരുവഴിയില്‍ അനാഥനായി ആരാലും അറിയാതെ മരിച്ചുവീണു. അങ്ങനെ എത്രയോ ത്യാഗികളുടെ ജീവിതത്തിന്റെ വിലയായിരുന്നു വൈക്കം സത്യാഗ്രഹ വിജയം.
സത്യാഗ്രഹത്തിന് ഒരു രക്തസാക്ഷിയുള്ളത് ചിറ്റേടത്തു ശങ്കുപ്പിള്ള എന്ന നായരാണ്. ഇതെല്ലാം മറച്ചുവച്ച് വൈക്കം സത്യാഗ്രഹത്തെ ജാതി വഴക്കിനുള്ള വെടിമരുന്നാക്കാന്‍ ശ്രമിക്കുന്ന കപട ‘മാനവവാദി’കളെയും വ്യാജ മതേതരവാദികളെയും നാം തിരിച്ചറിയണം. അഴകനും ആമചാടി തേവനും ഒപ്പം തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കാന്‍ അയ്യരും നമ്പൂതിപ്പാടും നായരും ചാന്നാറും ചേര്‍ന്ന് മതില്‍ തീര്‍ത്തെങ്കില്‍ അതിനെ തകര്‍ക്കാന്‍ മറ്റൊരു ശക്തിക്കും സാധ്യമല്ല. അതിന്റെ ബലവും ഉള്‍ക്കരുത്തും അറിയുന്നതുകൊണ്ടാണ് ഹിന്ദു സമൂഹത്തിന്റെ ഇന്നത്തെ ശത്രുക്കളായ ഭൗതികവാദികളും മതതീവ്രവാദികളും ഇപ്പോള്‍ ദിവസവും ജാതിപറഞ്ഞ് തമ്മില്‍ത്തല്ലിക്കാന്‍ കോപ്പുകൂട്ടുന്നത്.
വൈക്കം സത്യാഗ്രഹത്തിന്റെ മര്‍മ്മമറിയുന്നവരാണ് കേരളത്തിലെ ഇന്നത്തെ സമുദായനേതാക്കളെങ്കില്‍ അവര്‍ ഇന്നത്തെ ചില രാഷ്‌ട്രീയക്കാരുടെ ചതി തിരിച്ചറിയണം. വൈക്കത്തു കാണിച്ച സാമൂഹിക ഐക്യവും സംഘടിത ശക്തിയും ആത്മാര്‍ത്ഥതയും വലിച്ചെറിഞ്ഞ് നിങ്ങള്‍ എങ്ങോട്ടെങ്കിലും പോകാന്‍ ശ്രമിക്കുകയാണോ? സ്വസമുദായാംഗങ്ങളെയും അതുവഴി ഹിന്ദു സമൂഹത്തെ മുഴുവനായും ബലികൊടുത്ത് ചിലര്‍ മാത്രമായി നിലനില്‍ക്കുമെന്ന വിഡ്ഢികളുടെ സ്വര്‍ഗത്തിലാവരുത് നേതാക്കള്‍. വിഭജിച്ചു ഭരിക്കുക എന്ന ചതി പ്രയോഗിച്ച ബ്രിട്ടീഷുകാരാല്‍ തുടങ്ങുകയോ അവരാല്‍ സംരക്ഷിക്കപ്പെടുകയോ ചെയ്ത കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും മുസ്ലീം ലീഗും ഒപ്പം അവരുടെ കൂലിക്കാരായ ചില ‘സാംസ്‌ക്കാരിക നായകരും’ ഹിന്ദു സമുദായത്തെ വീണ്ടും വീണ്ടും വിഭജിക്കാനും തമ്മില്‍ത്തല്ലിക്കാനും കിണഞ്ഞു പരിശ്രമിക്കുകയാണ്. കൂലിയെഴുത്തുകാരായ ചിലര്‍ കിട്ടിയ കാശിനു നന്ദി കാണിക്കാന്‍ സ്വന്തം സമൂഹത്തെ ഒറ്റുകൊടുക്കുകയാണ്. മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന ഈ തട്ടിപ്പ് ഇന്ന് വിവിധ തലങ്ങളിലുള്ള ഹിന്ദു സമുദായ നേതാക്കള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ സാഹചര്യത്തില്‍ കാലത്തിന്റെ വെല്ലുവിളികളെയും വൈക്കത്തിന്റെ പാഠങ്ങളെയും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ നല്ലവരായ നേതാക്കളായി എല്ലാ ഹിന്ദു സമുദായ നേതാക്കളും മാറുക. ഹിന്ദുക്കളെ ശിഥിലമാക്കി, സംഘടിത ന്യൂനപക്ഷവോട്ടിന്റെ ബലത്തില്‍ അധികാരം കൈയാളാന്‍ വെമ്പല്‍ കൊള്ളുന്നവരെ പാഠം പഠിപ്പിക്കുക.
ഒറ്റുകാരെന്നും ചതിയന്മാരെന്നും കൂട്ടിക്കൊടുപ്പുകാരെന്നുമുള്ള വിശേഷണങ്ങള്‍ക്ക് ഭാവിയില്‍ ഇടവരാതിരിക്കാന്‍ വൈക്കം സത്യാഗ്രഹത്തിലെ സമന്വയത്തിന്റെ സന്ദേശം എല്ലാവര്‍ക്കും പാഠമാകട്ടെ! പ്രാദേശികതലം മുതല്‍ കേന്ദ്രതലം വരെയുള്ള ഓരോ സമുദായ നേതാവും യഥാര്‍ത്ഥ ഹിന്ദുനേതാവായി ഉയരട്ടെ. സംഘടിതശക്തിക്കു മുന്നില്‍ പ്രീണനത്തിന്റെ വക്താക്കളെ അടിപറയിപ്പിക്കുക. ഇനിയും കപട മതേതരക്കാരുടെ വാഴ്‌ത്തുപാട്ടുകളിലോ കുമ്പിടലിലോ വീഴാതെ സമൂഹതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തി സമുദായങ്ങളെ നയിച്ചാല്‍ ഭാവിതലമുറ എല്ലാ നേതാക്കളോടും എല്ലാക്കാലത്തും നന്ദിയുള്ളവരായിരിക്കും. വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ പാഠവും പൊരുളും അതാണ്.
സത്യാഗ്രഹ പ്രതിജ്ഞ
1. ഞാന്‍ ഒരു ഹിന്ദുവാണ്. തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. തീണ്ടല്‍ജാതിക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ക്കൂടി സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുവാനായി ഞാന്‍ നിരന്തരം പരിശ്രമിക്കുന്നതാണ്.
2. ഈ സ്വാതന്ത്ര്യത്തെ സ്ഥാപിക്കുവാനായി വൈക്കം ക്ഷേത്രറോഡിനെ സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ (ഭാരത മഹാജനസഭ അഥവാ ദേശീയപ്രസ്ഥാനം ലേഖകന്‍) ആരംഭിക്കുവാന്‍ പോകുന്ന സത്യാഗ്രഹസമരത്തില്‍ ഞാന്‍ ഒരു വാളണ്ടിയര്‍ ആയിച്ചേരുവാന്‍ ആഗ്രഹിക്കുന്നു.
3. എന്റെ മേലുദ്യോഗസ്ഥരുടെ കല്‍പ്പനകളെ ശരിയായി അനുസരിച്ച് ഈശ്വരന്‍ മുമ്പാകെ ചെയ്യുന്നതായ ഈ പ്രതിജ്ഞയെ അണുപോലും പിഴയ്‌ക്കാതെ ഞാന്‍ അനുഷ്ഠിക്കുന്നതാണ്.
4. ഞാനിതിലെ ഒരു വാളണ്ടിയര്‍ ആയിരിക്കുന്ന കാലത്തോളം വാക്കിലും പ്രവൃത്തിയിലും അക്രമരാഹിത്യം അനുഷ്ഠിക്കുന്നതാണ്.
5. തീണ്ടല്‍ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുവാനുള്ള ഈ സത്യാഗ്രഹത്തില്‍ ജയില്‍വാസമോ ദേഹദണ്ഡമോ അനുഭവിക്കുവാന്‍ ഞാന്‍ ഒരുക്കമാണ്.
6. എനിക്കു തടവുശിക്ഷ അനുഭവിക്കേണ്ടി വരുന്നതായാല്‍ എന്റെ കുടുംബത്തിലെ ചെലവിലേക്കായി യാതൊന്നും ഞാന്‍ കോണ്‍ഗ്രസ്സില്‍ നിന്നും ആവശ്യപ്പെടുന്നതല്ല.
(വൈക്കം സത്യാഗ്രഹം ഒരു ഇതിഹാസ സമരം- സുകുമാരന്‍ മൂലേക്കാട്ട്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: