തിരുവനന്തപുരം: തലസ്ഥാന ജനത വെള്ളക്കെട്ടിലും പകര്‍ച്ചവ്യാധി ഭീഷണിയിലും പെട്ട് വലയുമ്പോള്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനോദയാത്രയില്‍. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ കൃത്യമായി നടപ്പാക്കത്തതിനാല്‍ നഗരത്തിലെ വ്യാപാര മേഖലയുള്പ്പെടെയുണ്ടായ വെള്ളക്കെട്ടില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജനങ്ങളെ ദുരിതത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണ്ടണ്ടഹെല്ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണാണ് ഉല്ലസിക്കാനായി വിനോദയാത്ര പോയിരിക്കുന്നത്.
ഒരു മാസത്തോളമായി അവര്‍ വിനോദയാത്രയിലാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി നേതൃത്വം കൊടുക്കേണ്ടണ്ടഹെല്ത്ത് ഓഫീസറാകട്ടെ ദീര്‍ഘകാലമായി അവധിയിലുമാണ്. ഇവര്‍ രണ്ടു പേരുടെയും അഭാവവും പകരം പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കേണ്ടണ്ട ഉദ്യോഗസ്ഥരുടെ അലംഭാവവും ഭരണനേതൃത്വത്തിന്റെ നിസംഗതയും കാരണമാണ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായത്.
ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു ഉല്ലാസയാത്രപോയ സ്ഥലത്തിരുന്ന് ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തുകയും ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയുമാണ് ഭരണം നടത്തുന്നത്. ഏപ്രില്‍ 15ന് ശേഷം മാത്രമാണ് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൗണ്‍സില്‍ യോഗം പോലും ചേര്‍ന്നത്. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുകളില്‍ വേണ്ടത്ര തൊഴിലാളികളോ ഉപകരണങ്ങളോ ഒന്നും തന്നെയില്ലാത്ത വളരെ പരിതാപകരമായ അവസ്ഥയിലാണ് നഗരസഭ. ഓടകളില്‍ നിന്നും കോരി മാറ്റുന്ന മണ്ണും മറ്റ് അവശിഷ്ടങ്ങളും കൊണ്ടുപോയി നിക്ഷേപിക്കുവാന്‍ ഒരു പൊതുസ്ഥലം ഇല്ലാ എന്നതും ശുചീകരണ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈയില്‍ ഡെങ്കിപ്പനി രൂക്ഷമായി പടരാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, ജപ്പാന് ജ്വരം, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, എച്ച്വണ് എന്‍വണ്‍, ചെളളുപനി, ഷിഗെല്ല, വെസ്റ്റ്നൈല്‍ എന്നീ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. എന്നിട്ടും നഗരസഭാ നേതൃത്വം കുറ്റകരമായ അനാസ്ഥ തുടരുകയാണ്.
കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവും മേയറുമായുള്ള വിവാദത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട് നില്ക്കുന്ന മേയര്‍ക്ക് വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കാനാണ് ഈ സമയത്ത് തന്നെ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനോദയാത്രയ്ക്ക് തെരഞ്ഞെടുത്തതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയതയില്‍ ഇരുഗ്രൂപ്പുകളിലായാണ് മേയറുടെയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണിന്റെയും സ്ഥാനം. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി. ശിവന്‍കുട്ടിയും നേതൃത്വം നല്കുന്ന മൂന്ന് പ്രബല ഗ്രൂപ്പുകളാണ് ജില്ലയില്‍ സിപിഎമ്മിനുള്ളില്‍ ഉള്ളത്. മേയര്‍ സ്ഥാനത്തേക്ക് കടകംപള്ളി ഗായത്രി ബാബുവിന്റെ പേര് നിര്‍ദേശിച്ചപ്പോള്‍ വി. ശിവന്‍കുട്ടി ഗ്രൂപ്പും ആനാവൂര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ആര്യാ രാജേന്ദ്രനെ മേയറാക്കിയത്.
ഇത് ഗായത്രിയുടെ അച്ഛനും മുന്‍ കൗണ്‍സിലറുമായ പി.ബാബുവിനെ ഒതുക്കാനായിട്ടാണ് എന്നത് പരസ്യമായ രഹസ്യമാണ്. അന്നു മുതല്‍ ആര്യയും ഗായത്രിയും പരസ്പരം അത്ര രസത്തിലായിരുന്നില്ല. മേയറോടുള്ള നീരസം കൊണ്ട് ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോലും മേയറെ പിന്തുണച്ച് ഒരു പോസ്റ്റ് പോലും ഇടാന്‍ സിപിഎം യുവവനിതാ നേതാവും ഹെല്ത്ത്സ്റ്റാന്ഡിങ് കമ്മറ്റി ചെയര്‍പേഴ്സണുമായ ഗായത്രി ബാബു ഇതുവരെയും തയ്യാറായിട്ടില്ല.
ഇക്കാര്യത്തിലുള്ള മേയറുടെ അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ നഗരസഭാ ഭരണത്തിനെ സഹായിക്കാതെ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനോദയാത്രയില്‍ പങ്കെടുത്തതിലുള്ള നീരസം മേയര്‍ പലരോടും ഉന്നയിച്ചിട്ടുമുണ്ട്. ഇതോടെ മേയറും ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണും തമ്മിലുള്ള വൈരം കൂടുതല്‍ വഷളായിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയും പകര്‍ച്ചവ്യാധി സാധ്യത വര്‍ധിക്കുകയും ചെയ്തതോടെ നഗരസഭാ ഭരണനേതൃത്വത്തോടും സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ രോഷം വര്‍ധിച്ചിട്ടുണ്ട്. ജനരോഷം തണുപ്പിക്കാന്‍ വിനോദയാത്ര മതിയാക്കി അടിയന്തരമായി തിരിച്ചെത്താന്‍ പാര്‍ട്ടി ഗായത്രിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: