തലസ്ഥാനത്തെ റോഡാകെ കുളംതോണ്ടിയിരിക്കുകയാണ്. മാര്‍ച്ച് 24 നുമുമ്പ് റോഡൊക്കെ സഞ്ചാരയോഗ്യമാക്കും എന്നായിരുന്നു മേയറുടെ പ്രഖ്യാപനം. എന്തുവന്നാലും ഏപ്രില്‍ 30ന് മുമ്പ് നഗരത്തിലെ റോഡൊക്കെ ക്ലീനാകുമെന്ന് പൊതുമരാമത്ത് മന്ത്രിയും പ്രഖ്യാപിച്ചതാണ്. മന്ത്രിയും മേയറും പറഞ്ഞ വാക്കുകളും പഴയചാക്കും ഒരുപോലെയായി. പൊട്ടിപ്പൊളിഞ്ഞ, കുത്തിത്തുറന്ന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. സ്വതവേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും എന്ന മട്ടിലായി അവസ്ഥ. കാലവര്‍ഷം വരുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ തലസ്ഥാനവാസികള്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിപ്പോള്‍ വേനല്‍മഴ. ഇനി കാലവര്‍ഷം വന്നാല്‍ എന്താകും.
പ്രകൃതിദത്ത അഴുക്കുചാലുകളുള്ള നഗരമാണ് തിരുവനന്തപുരം. പഴമക്കാര്‍ പറയുന്നു ഇന്ത്യയിലെ ഒന്നാന്തരം നഗരമായിരുന്നു തിരുവനന്തപുരമെന്ന്. എന്നാല്‍ ഇന്ന് അഴുക്കുമൂടിയ നഗരം. കെട്ടുനാറുന്ന പ്രദേശം. അതിനിടയിലാണ് മഴകൂടി രംഗം കൊഴുപ്പിക്കുന്നത്. കൊടും ചൂടിനെ അകറ്റാന്‍ മഴയുടെ വരവിനെ പ്രതീക്ഷിച്ച ജനങ്ങള്‍ക്കാകെ കെടുതിയുടെ ദിനങ്ങള്‍.
അടുത്തിടെ ദുബായിലുണ്ടായ പേമാരിയേക്കാളും കഷ്ടമായി നഗരജീവിതം. ദുബായിയെപോലെ വിമാന സര്‍വീസുകളൊന്നും റദ്ദാക്കിയില്ലെങ്കിലും വീടുകളിലെ ജീവിതം പൊറുതിമുട്ടി. കടകളില്‍ വെള്ളം കയറി. കച്ചവടങ്ങള്‍ അവതാളത്തിലായി. സമാധാനപരമായി സഞ്ചരിക്കാനോ സാധനങ്ങള്‍ വാങ്ങാനോ കഴിയില്ല. ഇതൊക്കെയാണെങ്കിലും നഗരസഭയുടെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മറച്ചുവയ്‌ക്കാനാവില്ല. കടുത്തമഴയില്‍ ഒമാനില്‍ മാത്രം 18 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ദുബായില്‍ ക്ലൗഡ് സീഡിംഗ് എന്ന പേരില്‍ കൃത്രിമ മഴ ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ അത് തള്ളി. ഇവിടെ ശനിയാഴ്ച രാത്രിയാണ് ശക്തമായ മഴ തുടങ്ങിയത്. തുടര്‍ന്ന് പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. തമ്പാനൂര്‍, ചാല, അട്ടക്കുളങ്ങര, മുക്കോലയ്‌ക്കല്‍, ഉള്ളൂര്‍, ശ്രീചിത്രനഗര്‍, വലിയതുറ ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി യാത്രയും മുടങ്ങി.
തിരുവനന്തപുരം ജില്ലയില്‍ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി എന്നുപറയേണ്ടതില്ലല്ലോ. അട്ടക്കുളങ്ങര ഭാഗത്തും ചാലയിലും കടകളിലും വെള്ളം കയറി. ബൈപാസിന് സമീപം ചാക്കയില്‍ മുട്ടിനൊപ്പമാണ് വെള്ളം. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഫലപ്രഥമായ നടപടികളൊന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന പരാതിയുണ്ട്. കനത്ത കാറ്റില്‍ മരംവീണ് ഗതാഗതതടസവും അനുഭവപ്പെട്ടു. വഴുതയ്‌ക്കാട് ഡിപിഐക്ക് സമീപം മരം റോഡിലേക്ക് വീണത് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മാര്‍ ഇവാനിയോസ് കോളജിന് സമീപവും മരം വീണ് ഗതാഗതം മുടക്കി. പാങ്ങോട് എസ്.കെ. ഹോസ്പിറ്റലിന് സമീപവും റോഡിലും വെള്ളപൊക്കവും ഗതാഗതതടസവുമുണ്ടായി. നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങുമ്പോള്‍ നഗരപിതാവ് നഗരത്തിലുണ്ടാവേണ്ടേ. അതൊക്കെ പിതാവ് ആകുമ്പോള്‍ നിന്നാല്‍ മതി. ആര്യാരാജേന്ദ്രന്‍ പിതാവല്ലല്ലോ, നഗരമാതാവല്ലെ എന്ന ചോദ്യം ഉയര്‍ന്നേക്കാം. അതെന്തുമാകട്ടെ, നഗരമാതാവും ഭര്‍ത്താവും മകളും ഉയര്‍ന്ന പ്രദേശമായ മൂന്നാറിലേക്കാണ് പോയത്. എത്ര മഴപെയ്താലും മുങ്ങാത്ത മലനിരകളുള്ള മൂന്നാറില്‍ ഉല്ലാസ യാത്രയായിരുന്നോ സല്ലാപയാത്രയായിരുന്നോ എന്നറിയില്ല. മൂന്നാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. എറണാകുളം മഹാരാജാസില്‍ മതതീവ്രവാദികളുടെ കുത്തേറ്റുമരിച്ച എസ്എഫ്‌ഐ നേതാവായ അഭിമന്യൂവിന്റെ വട്ടവടയിലെ വീട്ടിലായിരുന്നു ഭക്ഷണം. കൊലക്കേസിലെ പ്രതികളെല്ലാം ഇസ്ലാംമത തീവ്രവാദികളായിരുന്നു. 2018 ജൂലായ് രണ്ടിന് കുത്തേറ്റ് മരിച്ച കേസ് അട്ടിമറിക്കാന്‍ തന്നെ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന പരാതി സജീവമായിരുന്നു. കേസ് ഫയല്‍ പോലും അപ്രത്യക്ഷമായി. ദുരൂഹസാഹചര്യം നിലനില്‍ക്കുമ്പോള്‍ മേയര്‍ എന്തിന് അഭിമന്യൂവിന്റെ വീട്ടില്‍ ചെന്നു എന്ന ചോദ്യം പ്രസക്തമാണ്. ഏതായാലും നഗരം മുങ്ങുമ്പോള്‍ മൂന്നാറിലേക്കോടിയ മേയറുടെ നടപടി നീറോ ചക്രവര്‍ത്തിയെയാണ് ഓര്‍മിപ്പിക്കുന്നത്.
റോമാ നഗരം കത്തുമ്പോള്‍ വീണ വായിക്കുകയെന്നത് കേരളത്തില്‍ പോലും പഴഞ്ചൊല്ലായിക്കഴിഞ്ഞിട്ട് കാലം കുറേ ആയില്ലെ. ഈ പഴഞ്ചൊല്ലിലെ നായകന്‍ റോമിലെ നീറോ ചക്രവര്‍ത്തി, നീറോ ക്‌ളോഡിയസ് സീസര്‍ ആഗസ്റ്റസ് ജെര്‍മനിക്കസ് ജനിച്ചത് ക്രിസ്തുവര്‍ഷം 37ലാണ്. ഡിസംബര്‍ 15 ന്. ദുഷ്ടനും നീചനുമായിരുന്നു നീറോ. ക്രിസ്ത്യന്‍ പ്രവാചകനായ സെന്റ് പീറ്റേഴ്‌സ്, സെന്റ് പോള്‍ എന്നിവരെ കൊന്നത് നീറോ ആയിരുന്നു. ഗര്‍ഭിണിയായ ഭാര്യ പോപ്പെയേയെ ചവിട്ടി കൊന്നു. അമ്മയെ വകവരുത്തി. ഇതെല്ലാം ക്രിസ്ത്യാനികള്‍ പറയുന്ന കഥകളാണ്. എന്തായാലും ക്രിസ്ത്യാനികളെ വന്‍തോതില്‍ ഉന്മൂലനാശനം ചെയ്തവരില്‍ മുമ്പനായിരുന്നു നീറോ. പക്ഷെ റോം കത്തുമ്പോള്‍ അദ്ദേഹം ഫിഡില്‍ വായിക്കുകയായിരുന്നുവെന്നത് ആലങ്കാരിക പ്രയോഗമാവാനേ തരമുള്ളൂ. കാരണം നീറോ മരിച്ച് 1500 കൊല്ലം കഴിഞ്ഞാണ് ഫിഡില്‍ ഉണ്ടാവുന്നത് തന്നെ.
നീറോ ഉന്നതനായ കലാകാരനും പണ്ഡിതനുമായിരുന്നു. അദ്ദേഹം ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂതക്രിസ്ത്യന്‍ ശത്രുതയും ഹ്രൈറ്റോറിയന്‍ സൈന്യത്തിന്റെ എതിര്‍പ്പും രാജ്യത്തെ ആഭ്യന്തര കുഴപ്പങ്ങളുമാണ് നാടുവിടാനും ആത്മഹത്യചെയ്യാനും നീറോയെ പ്രേരിപ്പിച്ചത്. അത്തരം കടുംകൈ ഒന്നും മേയര്‍ ചെയില്ലെന്നാശ്വസിക്കാം. ഇതെല്ലാം ഓര്‍മപ്പെടുത്തുന്നതായി മേയറുടെയും ഭര്‍ത്താവ് എംഎല്‍എയുടെയും കൊച്ചിന്റെയും മൂന്നാര്‍ വാസം. തലസ്ഥാനത്തും സംസ്ഥാനത്തൊട്ടാകെയും ഗുണ്ടാവിളയാട്ടവും കൊലപാതകങ്ങളും അരങ്ങുവാഴുമ്പോള്‍ നാടുവിട്ട മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഉല്ലാസ യാത്ര നടക്കുമ്പോള്‍ മേയര്‍ രണ്ടുദിവസം തലസ്ഥാനം വിട്ടത് അത്ര കാര്യമാക്കേണ്ടതുണ്ടോ? സഖാവേ എന്നാരും ചോദിച്ചുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: