ബിജെപി സ്വാധീന മേഖലയായ ഹിന്ദി ഹൃദയഭൂമിയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ പതിവിലേറെ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 2014ലും 2019ലും നേടിയ വിജയം മേഖലയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് മണ്ഡലങ്ങളിലെ താഴേത്തട്ടില്‍ വരെ നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി ഉറപ്പിക്കുന്നു. ഇന്നലെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന 49 സീറ്റുകളില്‍ മൂന്നില്‍ രണ്ടും വിജയിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
2019ല്‍ 49ല്‍ 32 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. സഖ്യകക്ഷികള്‍ക്ക് 9 സീറ്റുകളും അടക്കം 41 സീറ്റുകളാണ് ഈ ഘട്ടത്തില്‍ കഴിഞ്ഞ തവണ എന്‍ഡിഎ നേടിയത്. യുപിയിലും ബീഹാറിലും അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന എല്ലാ ലോക്‌സഭാ സീറ്റുകളിലും വിജയ പ്രതീക്ഷയിലാണ് ബിജെപി. 2019ല്‍ ബീഹാറിലെ അഞ്ചില്‍ അഞ്ചും യുപിയിലെ 14ല്‍ 12ഉം ബിജെപിക്കൊപ്പം നിന്നിരുന്നു. ഇന്ന് വോട്ടെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളായ അമേഠിക്ക് പുറമേ റായ്ബറേലിയിലും ഇത്തവണ വിജയം ലഭിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. രാജ്‌നാഥ്‌സിങ് മത്സരിക്കുന്ന ലഖ്‌നൗവിലും ഝാന്‍സി, അയോദ്ധ്യ, ഗോണ്ട, കൈസര്‍ഗഞ്ച്, ബാരാബങ്കി, കൗശംബി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ബിജെപി തുടര്‍ വിജയം ഉറപ്പാക്കിയ ഇടങ്ങളാണ്. ബീഹാറിലെ സീതാമതി, മധുബനി, മുസാഫര്‍പൂര്‍, സരണ്‍, രാംവിലാസ് പാസ്വാന്റെ തട്ടകമായിരുന്ന ഹാജിപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. എല്ലായിടത്തും എന്‍ഡിഎയുടെ വിജയം ആവര്‍ത്തിക്കപ്പെടും.
ബംഗാളിലെ ഏഴില്‍ മൂന്നിടത്തും ബിജെപിക്കായിരുന്നു 2019ല്‍ വിജയം. ഹൗറ, ശ്രീറാംപൂര്‍, ഹൂഗ്ലി, ആരംബാഗ്, ബരാക്പൂര്‍ മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് ബിജെപി. മഹാരാഷ്‌ട്രയിലെ നഗര മണ്ഡലങ്ങളായ മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് എന്നിവയടക്കം 13 സീറ്റുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബിജെപിയുടേയും ശിവസേനയുടേയും ശക്തികേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കും. നാസിക്, കല്യാണ്‍, താനെ മേഖലകളും ഇന്നലെ പോളിംഗ് ബൂത്തിലെത്തി. മഹാരാഷ്‌ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അഞ്ചാംഘട്ടത്തോടെ പൂര്‍ത്തിയായിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 428 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് അവസാനിച്ചിരിക്കുന്നത്. മേയ് 25ന് 58 മണ്ഡലങ്ങളിലും ജൂണ്‍ 1ന് 57 മണ്ഡലങ്ങളിലുമാണ് ഇനി വോട്ടെടുപ്പ് അവശേഷിക്കുന്നത്. ബാക്കിയുള്ള 114 സീറ്റുകളില്‍ 75 സീറ്റുകളും ബിജെപിയുടെ കൈവശമുള്ളതാണ്. ഇവിടങ്ങളിലും വിജയം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബംഗാളില്‍ കൂടുതല്‍ സീറ്റുകളും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നു.
മേയ് 25നാണ് ദല്‍ഹിയിലെ ഏഴു മണ്ഡലങ്ങള്‍ അടക്കം എട്ടു സംസ്ഥാനങ്ങളിലെ 58 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. ദല്‍ഹിയില്‍ വീടുവീടാന്തരം കയറിയുള്ള പ്രചാരണവും കുടുംബയോഗങ്ങളും റോഡ് ഷോകളും ബിജെപിയുടെ കരുത്ത് കൂട്ടുന്നു. അഴിമതിക്കേസിലെ കെജ്‌രിവാളിന്റെ ജയില്‍ ശിക്ഷയും വനിതാ എംപി സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ വസതിയിലിട്ട് മര്‍ദ്ദിച്ചതും ആംആദ്മി പാര്‍ട്ടിക്ക് താഴേത്തട്ടില്‍ തിരിച്ചടി നല്‍കുന്നു. 2019ല്‍ 7 സീറ്റുകളിലും മൂന്നുലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപിക്ക് ഇത്തവണയും സമാന വിജയം ഉറപ്പാക്കാനാവുന്നുണ്ട്. ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളും ഈ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും. ബംഗാളിലെ എട്ട് ലോക്‌സഭാ സീറ്റുകളാണ് ആറാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതില്‍ അഞ്ചിടത്തും ബിജെപിയായിരുന്നു. മൂന്ന് സീറ്റുകളില്‍ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ബങ്കുര, പുരുളിയ, പടിഞ്ഞാറന്‍ മേദിനിപ്പൂര്‍ ജില്ലകളിലെ മണ്ഡലങ്ങളിലെ സാന്താള്‍ വിഭാഗ വോട്ടുകളാണ് ബിജെപിയെ ഈ ഘട്ടത്തില്‍ ശക്തരാക്കുന്നത്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രങ്ങളായ കാന്തി, പൂര്‍ബ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാണെന്ന വിലയിരുത്തലാണുള്ളത്.
യുപിയിലെ 14 മണ്ഡലങ്ങളാണ് മേയ് 25ന് ആറാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഫൂല്‍പൂര്‍, അലഹബാദ്, അസംഗട്ട്, ജോന്‍പൂര്‍ മേഖലകളിലെ മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വരുന്നത്. ബിജെപിക്ക് വലിയ വിജയം നല്‍കിയ മേഖലകളാണിവയെല്ലാം.
ബിജെപിയുടെ ദേശീയ നേതൃത്വം വലിയ ആത്മവിശ്വാസത്തോടെയാണ് അഞ്ചുഘട്ടങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രതികരിക്കുന്നത്. അഞ്ചു ഘട്ടങ്ങള്‍ കഴിഞ്ഞതോടെ മുന്നൂറിലധികം സീറ്റുകള്‍ ഉറപ്പായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബാക്കിയുള്ള രണ്ടു ഘട്ടങ്ങള്‍ കൂടി ആവുന്നതോടെ 400 എന്ന സംഖ്യയിലേക്കെത്താനാവുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ജൂണ്‍ 4ന് അധികാരത്തിലെത്തുമെന്ന് പറഞ്ഞു നടക്കുന്ന കോണ്‍ഗ്രസ് വെറും 40 സീറ്റുകളിലേക്ക് ഒതുങ്ങുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ഹരിയാനയില്‍ പ്രതികരിച്ചിട്ടുണ്ട്. ബിജെപിക്ക് എന്താണ് പ്ലാന്‍ ബി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്ലാന്‍ എയുടെ വിജയസാധ്യത 60ശതമാനത്തില്‍ താഴെ പോയാല്‍ മാത്രമേ പ്ലാന്‍ ബിയുടെ ആവശ്യം വരുന്നുള്ളൂ എന്നായിരുന്നു അമിത് ഷായുടെ മറുപടി. ബംഗാളില്‍ 24 മുതല്‍ 30 സീറ്റുകള്‍ വരെയും ഒഡീഷയില്‍ 17 സീറ്റുകളും ബിജെപി നേടും. ഒഡീഷയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും. ബിജെപി 370 സീറ്റുകളോടെയും എന്‍ഡിഎ 400 സീറ്റുകളോടെയും പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ വിജയം നേടി മൂന്നാമൂഴത്തിലേക്ക് പോകുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 72ന് മുകളില്‍ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുപിയില്‍ ബിജെപി ആകെ ജയിക്കാന്‍ പോകുന്നത് വാരണാസി മാത്രമായിരിക്കുമെന്നാണ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പ്രധാനമന്ത്രി മോദി മാത്രമേ യുപിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിക്കൂ എന്ന് രാഹുല്‍ പറയുമ്പോള്‍ യുപിയിലെ കോണ്‍ഗ്രസിന്റെ അവസ്ഥ അതീവ ദയനീയമാണ്. അമേഠിക്ക് പുറമേ റായ് ബറേലിയും ഇത്തവണ കോണ്‍ഗ്രസിനെ കൈവിട്ടേക്കാം. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ തോല്‍ക്കാനുള്ള സാധ്യതകളാണ് ശക്തമായിരിക്കുന്നത്.
രാജ്യത്ത് വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവ് പ്രതിപക്ഷ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്താത്തതിനാലാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവ് ചൂണ്ടിക്കാട്ടി ഇതു ബിജെപി സ്ഥിരീകരിക്കുന്നു. ഇന്‍ഡി സഖ്യത്തിന്മേലുള്ള പ്രതീക്ഷ നഷ്ടമായത് പ്രതിപക്ഷ വോട്ടുകള്‍ കുറയാന്‍ കാരണമായി. ബിജെപി കടുത്ത മത്സരം കാഴ്ചവെയ്‌ക്കുന്ന പശ്ചിമ ബംഗാളിലും അസമിലും ത്രിപുരയിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നതും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യുപിയില്‍ സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യം താഴേത്തട്ടില്‍ വലിയ പരാജയമാണ്. അതിനാല്‍ തന്നെ അവരുടെ വോട്ട് ബാങ്കുകള്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നില്ല. വടക്കേയിന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ വോട്ടുകള്‍ പാര്‍ട്ടികള്‍ക്ക് പോകാത്തതും ബിജെപിക്ക് നേട്ടമായി മാറുന്നുണ്ട്. ജാതിക്കതീതമായി വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നു. ബീഹാറിലും യുപിയിലും യാദവ വോട്ടുകള്‍ ബിജെപിക്ക് വലിയ തോതില്‍ ലഭിക്കുന്നതായും ബിജെപി നേതൃത്വം പറയുന്നു. മൂന്നാംഘട്ടം മുതല്‍ വോട്ടിംഗ് ശതമാനം ശക്തിപ്പെടുത്താന്‍ ബിജെപി കൂടുതല്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ കൂടുതല്‍ വലിയ വിജയത്തിനുള്ള സാധ്യതകളാണ് ഇതെല്ലാം നല്‍കുന്നതെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: