Kerala

പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം അഹല്യാ ശങ്കറിന്

Published by

കൊച്ചി: കവി തിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള പുരസ്‌കാരം മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കറിന്. 25,000 രൂപയാണ് പുരസ്‌കാരത്തുക. നിരവധി രാഷ്‌ട്രീയ സമരങ്ങള്‍ക്കും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം വഹിച്ചതു പ്രമാണിച്ചാണു ബഹുമതി.

മയ്യഴിയില്‍ ജനിച്ച അഹല്യശങ്കര്‍ വിവാഹശേഷം കോഴിക്കോട് കേന്ദ്രമാക്കിയാണ് പൊതുപ്രവര്‍ത്തനം നയിച്ചത്. ജനസംഘത്തിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അവര്‍ എഴുപതുകളില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിച്ചു.

1982ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പിന്നീട് മൂന്നു തവണ പാര്‍ലമെന്റിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ചു.

ജനസംഘത്തിന്റെയും ജനതാപാര്‍ട്ടിയുടെയും ജില്ലാ – സംസ്ഥാന ഭാരവാഹിത്വം വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ദേശീയ കൗണ്‍സില്‍ അംഗം എന്നീ പദവികള്‍ വഹിച്ചു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ രൂപീകരണം മുതല്‍ സംഘടനയുടെ സജീവ സാന്നിധ്യമായിരുന്നു. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി രൂപീകരിച്ച ശ്രീ വേദവ്യാസ ട്രസ്റ്റിന്റെ അംഗമായും പിന്നീട് ട്രസ്റ്റിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 140-ാത് ജയന്തി ദിനത്തോടനുബന്ധിച്ച് പുരസ്‌കാരം അഹല്യാ ശങ്കറിന് സമര്‍പ്പിക്കുമെന്നു വി. സുന്ദരം, കെ.കെ. വാമലോചനന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by