തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സോളാറിന്റെ പേരില്‍ സിപിഎം സമരം തുടങ്ങും മുമ്പു തന്നെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുണ്ടാക്കിയിരുന്നുവെന്ന് വെൡവായി. ഇതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കൊടുംവഞ്ചനയാണ് പുറത്തായത്. അണികളെയും അക്ഷരാര്‍ത്ഥത്തില്‍ കബളിപ്പിക്കുകയായിരുന്നു.
സോളാര്‍ വിഷയത്തില്‍ മണ്ഡലങ്ങളില്‍ സമരം നടത്തിയിട്ടും ഫലം കാണാത്തതോടെയാണ് സെക്രട്ടേറിയറ്റ് വളയാന്‍ സിപിഎം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു സമരം.
സമരം പ്രഖ്യാപിച്ചതിനൊപ്പം അണികളെ മണ്ടന്മാരാക്കി ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടന്നു. ഒത്തുതീര്‍പ്പ് സമരങ്ങളാണ് നടക്കുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പിന്നീട് പറഞ്ഞിരുന്നു.
എല്‍ഡിഎഫ് യോഗം ചേര്‍ന്ന് സിപിഎം സമരത്തിന് തത്വത്തില്‍ പിന്തുണ നേടി. സമരം കടുപ്പിക്കാനും എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്താനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശവും നല്കി. ഏന്തു സമരം നടത്തിയാലും രാജിവയ്‌ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. പ്രഖ്യാപിച്ച സമരം നടത്തുക, ഒരു കുഴപ്പവുമില്ലാതെ പിന്‍വലിക്കുക ഇതായിരുന്നു പിണറായിയുടെ നീക്കം. സമരം നടത്തും ഒപ്പം ഒത്തുതീര്‍പ്പും എന്ന തരത്തില്‍ ചര്‍ച്ചയും നടന്നു.
സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും തുടങ്ങി. അതീവ രഹസ്യമായി നടന്ന ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസും ചെറിയാന്‍ ഫിലിപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സെക്രട്ടേറിയറ്റ് വളയുന്ന പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. പോലീസിനോട് സംയമനം പാലിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും നിര്‍ദേശിച്ചു.
ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഇരുകൂട്ടരും തമ്മില്‍ നേരത്തെ തന്നെ ധാരണയിലെത്തി. ഈ വിവരം യുഡിഎഫ് നേതാക്കളെ അറിയിച്ച് ഉമ്മന്‍ചാണ്ടി സമ്മതം വാങ്ങി. എന്നാല്‍ എല്‍ഡിഎഫിലെ ആരോടും ഒത്തുതീര്‍പ്പ് ധാരണ പറഞ്ഞില്ല. ഈ സമയം എന്‍.കെ. പ്രേമചന്ദ്രനും പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനുമെല്ലാം ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കടുത്ത ഭാഷയില്‍ സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്ന് പ്രസംഗിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ സമരം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. എകെജി സെന്ററില്‍ എത്തിയ ഘടകകക്ഷി നേതാക്കളോട് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് സമ്മതിച്ചെന്ന പച്ചക്കള്ളമാണ് പിണറായി പറഞ്ഞത്.
വൈകുന്നേരം പൊടുന്നനെ സമരം അവസാനിച്ചതായി പിണറായി പ്രഖ്യാപിച്ചു. പിണറായി ഒരു തള്ളു പ്രഖ്യാപനം കൂടി നടത്തി. മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ രണ്ടാംഘട്ടം സമരം… പാര്‍ട്ടി വഞ്ചിച്ചതറിയാതെ പ്രവര്‍ത്തകര്‍ നീണ്ട കരഘോഷം മുഴക്കി.
സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫ് നേതാക്കള്‍ ദിവസങ്ങള്‍ നീണ്ട രാപകല്‍ സത്യഗ്രഹം നടത്തിയ ശേഷമായിരുന്നു സെക്രട്ടേറിയറ്റ് വളഞ്ഞതും. പിണറായിയും കോടിയേരിയും ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വഞ്ചിച്ച് സത്യഗ്രഹവും കിടന്നു. നിയമസഭയെയും എല്‍ഡിഎഫ് കബളിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: