Cricket

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ 27 മുതല്‍

Published by

ഫ്‌ളോറിഡ: അമേരിക്കയിലും കരീബിയന്‍ നാടുകളിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ 27ന് ആരംഭിക്കും. ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള മത്സരം അടക്കം പതിനാറ് കളികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഭാരതത്തിന്റെ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ജൂണ്‍ ഒന്നിനാണ് ലോകകപ്പിന്റെ ആദ്യ മത്സരമെങ്കിലും പ്രാദേശിക സമയം രാത്രി ഏഴരയാണ്. എന്നാല്‍ ഇവിടെ ആ സമയം ജൂണ്‍ രണ്ട് വെളുപ്പിനായിട്ടുണ്ടാകും.

ഭാരതം-ബംഗ്ലാദേശ് സന്നാഹ മത്സരം ന്യൂയോര്‍ക്കിലായിരിക്കും. സമയത്തെ കുറിച്ച് കൃത്യത ഉണ്ടായിട്ടില്ല. എന്നാല്‍ ബാക്കിയുള്ള എല്ലാ സന്നാഹ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തുകഴിഞ്ഞു.

27ന് കാനഡയും നേപ്പാളും തമ്മിലാണ് ആദ്യ മത്സരം. ടെക്‌സസ് ആണ് വേദി. അന്നുതന്നെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ഓമാനും പപ്പുവ ന്യൂ ഗ്വിനിയയും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സര ശേഷം ഇതേ വേദിയില്‍ നമിബിയയും ഉഗാണ്ടയും നേര്‍ക്കുനേര്‍ പോരടിക്കും.

മെയ് 28നും മൂന്ന് സന്നാഹ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ശ്രീലങ്ക-നെതര്‍ലന്‍ഡ്‌സ് (ഫ്‌ളോറിഡ), ബംഗ്ലാദേശ്-അമേരിക്ക(ടെക്‌സസ്), ഓസ്‌ട്രേലിയ-നമീബിയ(ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ). മെയ് 29ന് നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒമാനെ നേരിടും (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ).

മെയ് 30ന് അഞ്ച് കളികളാണ് നടക്കുക. നേപ്പാള്‍-അമേരിക്ക, സ്‌കോട്ട്‌ലന്‍ഡ്-ഉഗാണ്ട, നെതര്‍ലന്‍ഡ്‌സ്-കാനഡ, നമീബിയ-പപ്പുവ ന്യൂ ഗ്വിനിയ, വെസ്റ്റിന്‍ഡീസ്-ഓസ്‌ട്രേലിയ. മെയ് 31ന് രണ്ട് കളികള്‍: അയര്‍ലന്‍ഡ്- ശ്രീലങ്ക, സ്‌കോട്ട്‌ലന്‍ഡ് അഫ്ഗാനിസ്ഥാന്‍. ജൂണ്‍ ഒന്നിന് നടക്കുന്ന ഭാരതത്തിന്റെ എതിരാളികളെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. വേദിയും സമയവും നിശ്ചയിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by