Samskriti

കാരാഴ്മ തമ്പുരാട്ടി അകത്തെഴുന്നള്ളി; ഓണാട്ടുകരയില്‍ ഉത്സവ സമാപ്തി

Published by

ചാരപ്പെരുമയില്‍ കാരാഴ്മ അമ്മയുടെ അകത്തെഴുന്നള്ളത്ത്. മദ്ധ്യതിരുവിതാംകൂറില്‍ ഈ വര്‍ഷത്തെ ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് അന്‍പൊലി-അരീപ്പറ മഹോത്സവത്തോടെയാണ് ചടങ്ങ് പൂര്‍ത്തിയായത്. ഇടവം ഒന്നിന് നടന്ന ചടങ്ങില്‍ ഭക്തസാഗരം പങ്കെടുത്തു.

അരീപ്പറ ദിവസം രാത്രി 10 മണിയോടെ കിഴക്കേക്കരയുടെ അന്‍പൊലി സ്വീകരിക്കുവാനായി ഭഗവതിയുടെ എഴുന്നെള്ളത്ത് ആരംഭിച്ചു. ഇതിന് മുന്‍പായി ദേവിക്കു ചാര്‍ത്താനുള്ള പട്ടുടയാടയും പൂമാലയും കരക്കാര്‍ എത്തിച്ചു. തുടര്‍ന്ന് ദേവസ്വം പ്രതിനിധികള്‍, കരക്കാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അഷ്ടമംഗല്യവിളക്ക്, താലപ്പൊലി, എന്നിവയോടെ ദേവിയെ അന്‍പൊലി സ്ഥലത്തേക്ക് ആനയിച്ചു.

ഭഗവതിയുടെ എഴുന്നള്ളത്തിനുള്ള വീക്ക് ചെണ്ടകള്‍, ഉരുട്ടുചെണ്ടകള്‍, കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ മേളവാദ്യങ്ങള്‍ക്കൊപ്പം ജീവിതയ്‌ക്കിരുവശവും രണ്ടുമെഴുവെറ്റക്കുടകള്‍, വാള്‍, പരിച, കൂത്തുവിളക്ക്, തൊണ്ടിവിളക്ക്, ചുക്കുവിളക്ക്, പന്തക്കുറ്റി, കാല്‍, തീവെട്ടി, തകില്‍, നാദസ്വരം എന്നിവ അകമ്പടി സേവിച്ചു.

അതിമനോഹരം അന്‍പൊലിത്തട്ട്

ഓണാട്ടുകരയുടെ കരകൗശലം പ്രകടമാക്കുന്ന പന്തലാണ് അന്‍പൊലിക്ക് ഒരുക്കുക. പതിനാറേകാല്‍ കോല്‍ നീളത്തില്‍ ഉത്തരക്കൂട്ടിലാണ് അന്‍പൊലി പന്തല്‍ നിര്‍മ്മിക്കുന്നത്. നിലവിളക്കും ആട്ടവിളക്കും കൂടി ആകെ 31 വിളക്കുകള്‍ അന്‍പൊലിക്കായി ഉപയോഗിക്കുന്നു. ഇതില്‍ 15 നിലവിളക്കുകള്‍ അന്‍പൊലി പന്തലിനുള്ളില്‍ നിരത്തും.

ഓരോ നിലവിളക്കിനു മുന്‍പിലും തൂശനിലയിട്ട് പറ, ചങ്ങഴി, നാഴി എന്നിവ ക്രമീകരിക്കുന്നു. കൂടാതെ തൂശനിലകളില്‍ ഒരുക്കും ഉണ്ടാവും പറകളില്‍ നെല്ല്, അരി, അവില്‍, മലര്‍, പഴം എന്നിവയാണ് നിറയ്‌ക്കുക. പന്തലിന്റെ കന്നിമൂലയ്‌ക്ക് ഗണപതിക്കായി ഒരു നിലവിളക്കും ഇലയില്‍ ഒരുക്കും ഉണ്ടാവും. അന്‍പൊലി പന്തലിന് മുമ്പിലാണ് വിശാലമായ അന്‍പൊലിക്കളം, ത്രികോണാകൃതിയിലുള്ള പുഷ്പാലംകൃതമായ അന്‍പൊലിക്കളത്തില്‍ 15 ആട്ടവിളക്കുകള്‍ ക്രമീകരിച്ചിരിക്കും. ഇവയില്‍ ഒന്ന് ഗണപതി, ഒരെണ്ണം ഗുരു, അഞ്ചെണ്ണം പഞ്ചഭൂതങ്ങള്‍, എട്ടെണ്ണം അഷ്ടദിക്പാലകര്‍ എന്ന സങ്കല്‍പ്പത്തിലാണ് ക്രമീകരിക്കുക.

ഏകതാളത്തില്‍നിന്ന് പഞ്ചാരിയിലേക്ക്

ഏകതാളത്തില്‍ ആരംഭിച്ച് ലക്ഷ്മി, ചമ്പ, അടന്ത, മര്‍മ്മം, വിഷമ കുണ്ഡലി , കുട്ടളാച്ചി, കൊച്ചു ലക്ഷ്മി തുടങ്ങിയ താളങ്ങള്‍ക്കൊടുവില്‍ പഞ്ചാരിയിലേക്ക് അന്‍പൊലി മേളം കടക്കുന്നതോടെ ദേവി അന്‍പൊലിക്കളത്തില്‍ പ്രവേശിക്കും.

ഇരുവശവും മേളങ്ങള്‍ക്കൊപ്പം ചിട്ടയോടെ തുള്ളുന്ന മെഴുവെറ്റക്കുടകളുടെ അകമ്പടിയോടെ നീങ്ങുന്ന ദേവി ഓരോ ആട്ടവിളക്കിനും പ്രദക്ഷിണം വെയ്‌ക്കും. ദ്രുതഗതിയിലുള്ള മേളത്തിനൊപ്പം ചുവടുവെച്ചു നീങ്ങുന്ന ജീവിത(ദേവിയെ തോളിലേറ്റി എഴുന്നള്ളിക്കുന്ന, പല്ലക്കിനു സമാനമായ വാഹനമാണ് ജീവിത) മേളം അവസാനിക്കുമ്പോഴേക്ക് അന്‍പൊലിപ്പന്തലിന്റെ തൊട്ടുമുന്‍പിലായി എത്തിയിരിക്കും.

തുടര്‍ന്ന് കരക്കാര്‍ ഭഗവതിക്ക് ദക്ഷിണവയ്‌ക്കും. തിരുമേനിമാര്‍ക്ക് വെറ്റില, പാക്ക്, പുകയില എന്നിവയും കൊടുക്കാറുണ്ട്. അന്‍പൊലിക്ക് ശേഷം ഗംഭീര വെടിക്കെട്ട് നടക്കും. കിഴക്കേക്കരയുടെ അന്‍പൊലി സ്വീകരിച്ച ദേവി പടിഞ്ഞാറക്കരയുടെ അന്‍പൊലിക്കളത്തിലേക്ക് എഴുന്നെള്ളത്ത് ആരംഭിക്കും. രാത്രി രണ്ടു മണിയോടെയാണ് പടിഞ്ഞാറേക്കരയിലേക്ക് അന്‍പൊലി എഴുന്നെള്ളത്ത് ആരംഭിക്കുക. കിഴക്കേക്കരക്കാര്‍ പടിഞ്ഞാറെക്കരയുടെ അന്‍പൊലിക്കളം വരെ ദേവിയെ അനുഗമിക്കും.

അമ്മയ്‌ക്ക് അരീപ്പറ

പടിഞ്ഞാറേക്കരയുടെ അന്‍പൊലിക്കു ശേഷവും ഗംഭീരവെടിക്കെട്ട് ഉണ്ടാവും. പിന്നീടാണ് അരീപ്പറ. ഇതിനായി ദേവി തന്റെ സഹോദരനായ ഉലച്ചിക്കാട്ട് ശ്രീകൃഷ്ണ സ്വാമിയുടെ തിരുസന്നിധിയിലേക്ക് പുറപ്പെടുന്നു. ഇവിടെനിന്നും അരികൊണ്ട് പറ (അരീപ്പറ) സ്വീകരിച്ച ശേഷം സഹോദരനോട് യാത്രപറഞ്ഞ് കാരാഴ്മ കിഴക്ക് മൂടിത്തറ ജംഗ്ഷനില്‍ (പഴയകാലത്ത് അമ്മയുടെ മുടി എഴുന്നള്ളത്ത് നടന്നിരുന്ന സ്ഥലം) എത്തുമ്പോള്‍ അമ്മയ്‌ക്ക് മുന്നിലായി ആള്‍പ്പിണ്ടി തുള്ളല്‍ ചടങ്ങ് ആരംഭിക്കുന്നു. ആള്‍ പിണ്ടി തുള്ളലോടുകൂടി കിഴക്കേ ആല്‍ത്തറയില്‍ എത്തിച്ചേരുന്ന ദേവി, ശാന്ത ഭാവത്തില്‍ തകില്‍, നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ആനന്ദ നൃത്തം ചെയ്തു തിരികെ കാരാഴ്മ ക്ഷേത്രത്തിലെത്തും.

ക്ഷേത്രത്തിലെത്തിയ ദേവി സര്‍വ്വാഭരണ വിഭൂഷിതയായി പള്ളി സ്രാമ്പിന്മേലിരുന്ന് വലിയകാണിക്ക സ്വീകരിക്കും. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള ഉയര്‍ന്ന മണ്ഡപമാണ് പള്ളി സ്രാമ്പ്. ഈ ചടങ്ങിനു ശേഷം ദേവിയെ അകത്തേക്കെഴുന്നള്ളിക്കുന്നു.

പണ്ടുകാലത്ത് ക്ഷേത്രത്തിന് ഏഴുവലത്ത് വച്ച് ഏഴുക്കരക്കാരും കൂടി ‘ഹരോഹര’ പാടിയാണ് ദേവിയെ അകത്തേക്കാനയിച്ചിരുന്നത്. ഈ ചടങ്ങ് കഴിയുന്നതോടെ അന്‍പൊലി അരീപ്പറ മഹോത്സവം സമാപിക്കുന്നു. മദ്ധ്യതിരുവിതാംകൂറില്‍ ഓച്ചിറക്കളിയോടെ ആരംഭിക്കുന്ന ഉത്സവങ്ങള്‍ക്ക് സമാപ്തി കുറിക്കുന്നത് കാരാഴ്മ അന്‍പൊലി-അരീപ്പറ മഹോത്സവത്തോ
ടെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by