വര്ണ്ണാശ്രമത്തെക്കുറിച്ച് ഹനുമാന് പറഞ്ഞു നല്‍കുന്നതാണ് ശ്രീരാമഗീതയിലെ ഒന്‍പതാം അദ്ധ്യായം. ആജ്ഞനേയ, ധര്‍മ്മാനുഷ്ഠാനങ്ങളില്‍ ഏറെ ശ്രേഷ്ഠമാണ് വര്‍ണ്ണാശ്രമവ്യവസ്ഥ. അതിപ്രാചീനരായ ഋഷീശ്വരന്മാരാണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത്. തന്റേതായ വര്‍ണ്ണാശ്രമങ്ങള്‍ ആചരിച്ച് പരമേശ്വരനെ പ്രസന്നനാക്കുന്ന സാധകന് ക്രമേണ ജീവന് മുക്തി നേടി ശ്രേഷ്ഠപദം അലങ്കരിക്കും. വര്‍ണ്ണാശ്രമങ്ങള്‍ ആചരിക്കാത്തവര്‍ വേദാന്തവിജ്ഞാനത്തിന്റെ സര്‍വ്വജ്ഞ പീഠം കയറിയാലും പരിശുദ്ധനാകില്ല. എന്നാല്‍ വര്‍ണ്ണാശ്രമത്തിന് ആധീനമായി ജീവിക്കുന്നവര്‍ക്ക് ഇരുലോകങ്ങളിലും സന്തോഷവും സംതൃപ്തിയും ലഭിക്കുന്നു.
വായൂപുത്രാ ചണ്ഡാലന് പോലും പ്രായശ്ചിത്തം കൊണ്ട് ബ്രാഹ്മണനായിത്തീരാം. എന്നാല്‍ വര്‍ണ്ണാശ്രമത്തില്‍ വിമുഖനായ വ്യക്തിക്ക് ഒരിക്കലും പ്രായാശ്ചിത്തം കൊണ്ട് ഉന്നതി ലഭിക്കില്ല. കാരണം ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നീ വൃക്ഷങ്ങളുടെ വേരുകള്‍ എന്നു പറയുന്നത് ഈ വര്‍ണ്ണാശ്രമധര്‍മ്മങ്ങളാണ്. അവയെ ത്യജിക്കുന്നത് വേരില്ലാത്ത വൃക്ഷത്തെ നനയ്ക്കുന്നതു പോലെയാണ്. ഒരിക്കലും കായ്ഫലം ലഭിക്കില്ല.
മോക്ഷമാകുന്ന സ്വരാജ്യത്തിന്റെ അടിസ്ഥാനം ഒരുവന്റെ ആശ്രമ ആചാരങ്ങള്‍ ആണെന്ന് അറിയണമെന്ന് ഭഗവാന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു.
പിന്നീട് വായൂപുത്രന് ഭഗവാന് ഉപദേശിക്കുന്നത് കര്മ്മവിഭാഗയോഗമാണ്. ഹനുമാന് ശ്രീരാമനോട് ചോദിച്ചതിനു മറുപടിയായാണ് ഈ വിശദീകരണവും വരുന്നത്. ‘രഘുനാഥാ പ്രഭോ, സഞ്ചിതം, ആഗാമി, പ്രാരബ്ധം എന്നിങ്ങനെ കര്‍മ്മങ്ങള്‍ മൂന്ന് വിധത്തിലുണ്ടെന്നാണ് മഹാത്മാക്കള്‍ പറയുന്നത്. അതിന്റെ പൊരുളറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പറഞ്ഞുതന്നാലും’ എന്നു ഹനുമാന് പറയുന്നു.
ആജ്ഞനേയാ, ഉചിതമായ ചോദ്യമാണ് നിന്റേത് എന്ന് അഭിനന്ദിച്ചുകൊണ്ടാണ് ഭഗവാന് ഇതിനു മറുപടി നല്‍കുന്നത്. ഇതിനെക്കുറിച്ച് വേദാന്തകള്ക്കിടയില് രണ്ട് പക്ഷമുണ്ട്. ഓരോരുത്തരും ചെയ്യുന്ന ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലം തീര്‍ച്ചയായും അവരവര്‍ അനുഭവിക്കേണ്ടി വരുന്നു. അങ്ങനെ അവ അനുഭവയോഗ്യമായില്ലെങ്കില് കോടിക്കണക്കിന് കല്‍പ്പകാലം കഴിഞ്ഞാലും, ആ കര്‍മ്മങ്ങള്‍ നശിക്കാതെ അവശേഷിക്കും. ഇതില്‍ സഞ്ചിതകര്‍മ്മം ആത്മജ്ഞാനം കൊണ്ടും ആഗാമിക കര്‍മ്മങ്ങള്‍ ലൗകിക വിഷയാസക്തിയുടെ പതനത്തോടെയും നശിക്കുമെന്ന് പറയുമ്പോഴും പ്രാരബ്ധ കര്‍മ്മങ്ങള്‍ തൊടുത്തുവിട്ട ബാണം ലക്ഷ്യത്തില്‍ എത്തി മാത്രം നശിക്കുന്നതുപോലെ കര്‍മ്മഫലം അനുഭവിച്ചേ നശിക്കൂ.
കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ എരിയുന്നുവെന്നാണ് വേദങ്ങള്‍ സൂചിപ്പിക്കുന്നത്. ജ്ഞാനത്തിന് കര്‍മ്മങ്ങള്‍ ക്ഷയിപ്പിച്ച് മുക്തി നല്കാന് പ്രാപ്തിയുണ്ട്. എന്നാല്‍ അരൂപനാശം എന്ന സിദ്ധി ഉചിതമായി ലഭിക്കാത്ത കാലത്തോളം ജ്ഞാനേന്ദ്രിയങ്ങള്‍ ബാഹ്യ ദിശകളിലെല്ലാം സ്വാര്‍ത്ഥതയോടെ വ്യാപരിക്കും. അവ അതിന്റെ വിഷയവാസനകളില്‍ നിന്ന് മോചനം നേടുന്നില്ല. അതിനാല്‍ ധര്മ്മാര്ത്ഥകാമങ്ങളിലൂടെ അവയെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതായിട്ടുണ്ട്. പിന്നീട് ഹനുമാന് സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണത്രയങ്ങളെക്കുറിച്ചാണ് ഭഗവാനോട് ചോദിക്കുന്നത്. സത്ത്വാദി ഗുണത്രയങ്ങള്‍ കൊണ്ട്, കര്‍മ്മികള്‍ ഭക്തര്‍, ജ്ഞാനികള്‍, യോഗികള്‍ ഇവര്‍ക്കുണ്ടാകുന്ന അവസ്ഥ ഭേദങ്ങളെക്കുറിച്ച് പതിനൊന്നാം അദ്ധ്യായത്തിലൂടെ ഭഗവാന് വായൂപുത്രന് പറഞ്ഞു നല്‍കുന്നുണ്ട്.
ഹനുമാനെ ഈശ്വരപ്രാപ്തിക്ക് വേണ്ടി കര്‍ത്തവ്യബോധത്തോടെ സ്വകര്‍മ്മത്തില്‍ മുഴുകി വര്‍ണ്ണാശ്രമവ്യവസ്ഥ പ്രകാരം ജീവിക്കുന്നവരാണ് സാത്വികര്‍. അവര്‍ ബ്രഹ്മോപാസകരും ജ്ഞാനികളായ ഭക്തരുമാണ്. രണ്ടാമതായിപ്പറയുന്ന രജോഗുണമുള്ളവര്‍, ദേവന്മാരേയും പിതൃക്കളേയും ഉപാസിച്ച് കര്‍മ്മനിരതരായി ജീവിക്കുന്ന ആര്‍ത്തരും ജിജ്ഞാസുക്കളുമാണ്. ഇഹത്തിലും പരത്തിലുമുള്ള മോക്ഷപ്രാപ്തിക്കായി ഇവര്‍ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കും. എന്നാല്‍ മൂന്നാമത്തെ പ്രകൃതക്കാരായ തമോഗുണമുള്ളവര് എല്ലാ സുഖഭോഗങ്ങളിലും മുഴുകി ഭൗതികനേട്ടങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് മോക്ഷപ്രാപ്തിയെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കുന്നു. ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന പുനര്ജന്മം ഏറ്റവും നികൃഷ്ടമായിരിക്കും.
രജോഗുണത്തില്പ്പെട്ടവര് എപ്പോഴും ബ്രഹ്മപൂജാദികളില് കൂടി എന്നെ ഭജിച്ച് ഈശ്വരചിന്തയോടെ വര്‍ത്തിക്കുന്നു. ആയതിനാല്‍ അവര്‍ സാലോക്യം പ്രാപിച്ച് വൈകുണ്ഠത്തില്‍ എത്തി ബ്രഹ്മാദി ദേവന്മാര്ക്ക് പോലും ദുര്‍ല്ലഭമായ സുഖഭോഗങ്ങള്‍ അനുഭവിച്ച് വീണ്ടും ഉന്നതകുലജാതരായി ഭൂമിയില്‍ ജനിക്കും. എന്നാല്‍ തമോഗുണവാന്മാര് വേദപ്രോക്തമായ ധനാദികള് കാംക്ഷിച്ചാണ് എന്നെ ഭജിക്കുന്നത്. അവര്‍ക്ക് മോക്ഷം ലഭിക്കുകയില്ലെന്നുമാത്രമല്ല ശ്വാനയോനിയിലൂടെയും മറ്റുമാണ് പുനര്‍ജ്ജന്മം ലഭിക്കുക. വൈരാഗ്യാദി ഗുണങ്ങളാല്‍ ശോഭിക്കുന്നവരാണ് സാത്ത്വിക ജ്ഞാനികള്‍. ആത്മാവും, ബ്രഹ്മവും ഏകമാണെന്ന് അവര്‍ തിരിച്ചറിയുന്നു. അവരുടെ വര്‍ണ്ണാശ്രമാചാരങ്ങള്‍ പൂര്‍ണ്ണമായതിനാല്‍ അവര്‍ എന്നില്‍ ലയിക്കുന്നു. ഇപ്രകാരം സത്ത്വാദി ഗുണത്രയത്തെക്കുറിച്ച് ഹനുമാനെ ഭഗവാന് ഉദ്ഭുദ്ധനാക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: