”നാം മഹത്തായ ഒരു ഭരണഘടന രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു. ഭാവിയില്‍ വിവേകമില്ലാത്തവര്‍ ജഡ്ജിമാരാവുകയും നിയമങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്നത് എന്നെ ആശങ്കപ്പെടുത്തുന്നു”
–ഡോ.ബി.ആര്.അംബേദ്കര്‍
നിയമപരമായ സമത്വം മൗലികവകാശവും ഭരണഘടനയുടെ അന്തസ്സത്തയുമാണ്. ഒരാള്‍ ആരുതന്നെയാവട്ടെ, സാധാരണ പൗരനെന്ന പരിഗണന മാത്രമാണ് നിയമം നല്‍കുന്നത്. ഇത് പാലിക്കപ്പെടുന്നതിലൂടെയാണ് ജനാധിപത്യവും, നിയമവാഴ്ചയും ഉറപ്പാവുന്നത്. ദില്ലി മദ്യനയ അഴിമതിക്കേസ്സില്‍ ജയിലിലായിരുന്ന അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് ഇതിനോടകം വിവാദമായിട്ടുള്ളതാണ്. ജഡ്ജിമാരായ സജ്ഞീവ്ഖന്നയും ദീപാങ്കര്‍ദത്തയും ഉള്‍പ്പെട്ട ബഞ്ചാണ് ഇതനുവദിച്ചത്. എട്ടു പേജുകളുള്ള ഉത്തരവില്‍ യുക്തിഭദ്രമായ ന്യായങ്ങളോന്നും പറയുന്നില്ല. ഞങ്ങള്‍ പ്രത്യേക കേസായി പരിഗണിക്കുന്നു, അനുവദിക്കുന്നു, ഇലക്ഷന് പ്രധാനം, ഇങ്ങനെയൊക്കെയല്ലാതെ സത്യവാങ്മൂലത്തിലൂടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ഗൗരവമേറിയ തര്‍ക്കങ്ങള്‍ പരിഗണിച്ചതേയില്ല. സമാനമായ കേസ്സിലുള്‍പ്പെട്ട ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും, ബിആര്‍എസ് നേതാവ് കവിതയ്ക്കും അവരാവശ്യപ്പെട്ടിട്ടുപോലും, നല്‍കാതിരുന്ന പരിഗണനയാണ് കേജരിവാളിന് ഈ ജഡ്ജിമാര്‍ നല്‍കിയിട്ടുള്ളത്. ഇവരെല്ലാം ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നുവെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ജാമ്യാപേക്ഷ പോലും നല്‍കാതെയാണ് കേജരിവാളിന് 21 ദിവസത്തെ ജാമ്യം നല്‍കിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ഉത്തരവ് സമാനതകളില്ലാത്തതാണ്. കീഴ്വഴക്കങ്ങളുമില്ല. നിയമത്തിനു മുന്നില്‍ ഏവരും തുല്യത നേടുന്നുവെന്ന ഭരണഘടനാ മൂല്യം ലംഘിക്കപ്പെട്ടുവെന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
കേജ്രിവാള് ഉള്‍പ്പെട്ട ദില്ലി മദ്യനയ അഴിമതിക്കേസ്സില്‍ 300 കോടി രൂപയുടെ അഴിമതി നടന്നിട്ടുള്ളതാണ്. ഇതില്‍ കുറെ പണം ഗോവയിലെ തെരഞ്ഞെടുപ്പിനായി ആപ് നേതൃത്വം വിനിയോഗിച്ചിരുന്നു. പണമിടപാടിന്റെ തെളിവുകളും മണിട്രെയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുള്ളതാണ്. കേജ്രിവാളിന്റെ കുറ്റകൃത്യത്തിലുള്ള പങ്കിന് തെളിവുള്ളതുകൊണ്ടാണ് അറസ്റ്റ് റദ്ദാക്കാനുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളാനിടയായത്. മാത്രമല്ല കേജ്രിവാള് നൂറിലധികം മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായി അന്വേഷണ ഏജന്‍സിക്ക് തെളിവു ലഭിച്ചിരുന്നു. ഒന്‍പതു തവണ സമന്‍സുകളയച്ചുവെങ്കിലും ഹാജരാവുന്നതിനു പോലും അദ്ദേഹം തയ്യാറായിരുന്നില്ല.
കേജ്രിവാള് ജാമ്യാപേക്ഷ പോലും നല്‍കിയില്ലായെന്നത്് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പി.എം.എല്‍.എ നിയമത്തില്‍ ജാമ്യം ലഭിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ആരോപിക്കപ്പെടുന്ന കുറ്റം പ്രഥമ ദൃഷ്ട്യാ ചെയ്തിട്ടില്ലെന്ന് ജഡ്ജിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം നല്കാനാവുകയുള്ളൂ. അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ അതിന് സാധ്യതകളില്ല. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുവാനായിരുന്നു കേജ്രിവാളിന്റെ അപേക്ഷ. ദില്ലി ഹൈക്കോടതി ഇത് തള്ളിയതിനെതിരെയുള്ള അപ്പീലാണ് സുപ്രീംകോടതിയുടെ ഈ ബഞ്ച് കേട്ടുകൊണ്ടിരുന്നത്. വാദം കേള്‍ക്കുന്നതിനിടയില്‍ തന്നെ വാദം നീണ്ടു പോവുമെന്നുള്ളതുകൊണ്ട് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്കാന് താല്പര്യമില്ലായെന്ന് ജസ്റ്റീസ് സഞ്ജീവ ഖന്ന വാക്കാല്‍ പറഞ്ഞിട്ടുള്ളതാണ്. ജാമ്യം കിട്ടിയപ്പോള്‍ കേജ്രിവാളിന്റെ അഭിഭാഷകന് പോലും അതിശയിച്ചിട്ടുണ്ടാവണം. അവര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല. ഈ ഡിക്കു വേണ്ടി ഹാജരായ അഭിഭാഷകന് ഇതിനെ ശക്തിയായി എതിര്‍ത്തു. ഇത് നിയമസാധ്യത ഇല്ലാത്തതാണ്. ഇലക്ഷനില്‍ മത്സരിക്കുന്നതും പങ്കെടുക്കുന്നതും മൗലികവകാശമല്ല. ആ നിലയ്ക്ക് ഇതനുവദിച്ചാല്‍ തെറ്റായ കീഴ്വഴങ്ങള്‍ക്കിടവരുത്തുന്നതാണെന്നും വാദിച്ചു. മാത്രമല്ല വ്യക്തമായ നിയമ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഈ ഡി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.
2022 ലാണ് പിഎംഎല്‍എ നിയമം ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്. കാര്‍തിചിദംബരം, മെഹബൂബ മുഫ്തിയടക്കം 241 പേരാണ് നിയമം ചാലഞ്ച് ചെയ്ത് സുപ്രീംകോടതിയിലെത്തിയത്, ഈ ഡി യുടെ അധികാരം നിയന്ത്രിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. സമന്‍സ് നല്‍കാനുള്ള ഈ ഡിയുടെ അധികാരവും അവര്‍ ചോദ്യം ചെയ്തിരുന്നു. വിശദമായ വാദം കേട്ട് ജസ്റ്റീസ് ഖാന്‍വില്‍കറുടെ നേതൃത്വത്തിലുള്ള ബഞ്ച് നിയമം ശരിവയ്ക്കുകയാണുണ്ടായത്. സുപ്രീംകോടതിയുടെ ഈ വിധിയും കേജ്രിവാളിന്റെ കേസ് പരിഗണിച്ച ബഞ്ച് മുഖവിലയ്ക്കെടുത്തില്ലായെന്നത് ഖേദകരമാണ്. അതുകൊണ്ടു കൂടിയാണ് നിയമവൃത്തങ്ങളെ ഈ വിധി അതിശയിപ്പിക്കുന്നത്. ജയിലില്‍ കഴിയുന്ന ഒരു ഖാലിസ്ഥാന്‍ തീവ്രവാദി തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍പോവുന്നതായി വാര്‍ത്ത യുണ്ടായിരുന്നു. അയാള്‍ക്കും ഈ വിധിപ്രകാരം പ്രചാരണത്തിനായി ജാമ്യം ലഭിക്കാമെന്ന സാഹചര്യമാണ് ഈ ഉത്തരവ് സൃഷ്ടിച്ചിട്ടുള്ളത്. നമ്മുടെ സുപ്രീംകോടതിക്ക് ഒരു ചരിത്രമുണ്ട്. അത് പൗരവകാശങ്ങളും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തിലായിരുന്നു. മൗലികവകാശങ്ങള് പരിരക്ഷിക്കുന്ന എത്രയോ വിധികള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായിട്ടുള്ളതാണ്. ദൗര്‍ഭാഗ്യമെന്നുപറയട്ടെ, ചരിത്രം ദുരന്തവും പ്രഹസനവുമായി മാറിയ അനുഭവമാണ്, ഈ ഉത്തരവ് നല്‍കുന്നതെന്ന് നിസ്സംശയം പറയാം.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ തുഷാര്‍ മേത്ത ജാമ്യം നല്കുന്നപക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാവുമെന്ന് സുപ്രീംകോടതി വിധികള്‍ ഉന്നയിച്ചു കൊണ്ട് വാദിച്ചു. 2013ല്‍ ആന്ധ്രാപ്രദേശിലെ ജഗന് റെഡ്ഡി സുപ്രീംകോടതിയില്‍ ഇലക്ഷന് പ്രചാരണത്തിനായി ജാമ്യമാവശ്യപ്പെട്ടിരുന്നതാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജഗനെ കുടുക്കിയെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ഇലക്ഷന് പ്രചരണാവകാശം രാഷ്ട്രീയ നേതാവിനുന്നയിക്കാനാവില്ലായെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാഷ്ട്രഭദ്രതയെ തന്നെ ബാധിക്കുന്നതാണ്. അത് മനുഷ്യവകാശങ്ങള്‍ക്കെതരാണെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ജഗന്റെ കേസും, കേജ്രിവാളിന്റെ കേസും സമാനമായിരുന്നു എന്നോര്‍ക്കണം. 2014ല്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഉള്‍പ്പെട്ട അഴിമതി കേസിലും സമാനമായ ഉത്തരവാണ് കര്‍ണാടക ഹൈക്കോടതി നല്‍കിയത്. സുപ്രീംകോടതിയിലും അത് ശരിവച്ചിട്ടുള്ളതാണ്. സമാജ്വാദി പാര്‍ട്ടിയുടെ നേതാവായ അസംഖാന്റെ കേസിലും ഇതു തന്നെയാണുണ്ടായത്. രാഷ്ട്രീയക്കാരനെ പ്രത്യേക ക്ലാസ്സായി കണ്ട് പ്രത്യേക പരിഗണന നല്‍കാനാവില്ലായെന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്.
കേജ്രിവാളിന് എന്ത് പ്രത്യേകതയാണുള്ളത്, സോറിനും കവിതയ്ക്കും മറ്റും നല്കിയ പരിഗണന മാത്രമെ അദ്ദേഹത്തിന് ലഭിക്കേണ്ടതുള്ളൂ. കേജ്രിവാളിന് ഇടക്കാല ജാമ്യം നല്കി കൊണ്ടുള്ള ഉത്തരവിലെവിടെയും അതിനുണ്ടായ കാരണങ്ങള്‍ കാണുന്നില്ല. സുപ്രീംകോടതിയുടെ മുമ്പുള്ള ഉത്തരവുകള്‍ എങ്ങനെ ഒഴിവാക്കിയെന്നും ഈ ഉത്തരവില്‍ പറയുന്നില്ല. ഉത്തരവെന്നത് വ്യക്തമായ കാരണങ്ങള്‍ നിരത്തിയുള്ളതാവണം. യുക്തി ഭദ്രമായിരിക്കണം. എന്തുകൊണ്ട് തങ്ങളുടെ തന്നെ ഉത്തരവ് മറിച്ചെഴുതുവാന്‍ ഈ ജഡ്ജിമാര്‍ തയ്യാറായി എന്നത് ഏറെ ഗൗരവമുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ഇലക്ഷന് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേകപരിഗണന വേണമോയെന്നത് ഒരു വിശാല ബഞ്ച് പരിഗണിക്കേണ്ടതായിരുന്നു. മുന്‍വിധിയോടെയാണ് ഈ ബഞ്ച് തീരുമാനമെടുത്തതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുകയില്ല.
ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്നതില്‍ സംശയമില്ല. രാഷ്ട്രീയ വേഷമിട്ട ഏതു കൊള്ളക്കാരനും പരിഗണന ലഭിക്കണമെന്നായാല്‍ ഈ നാടിന്റെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ സമൂഹം ജുഡീഷ്യറിയെ കറക്റ്റ് ചെയ്യുന്നതിനായി പുതിയ ഒരു മെക്കാനിസം സൃഷ്ടിക്കേതുണ്ട്. ജഡ്ജിമാരുടെ നിയമനത്തിനും പുതിയ സംവിധാനം ഉണ്ടാവണം. ജഡ്ജിമാര്‍, ജഡ്ജിമാരെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടതാണ.് അല്ലാത്തപക്ഷം നമ്മുടെ ജനാധിപത്യം തന്നെ വെല്ലുവിളിക്കപ്പെടും. സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: