ഇറാനുമായി ചേര്‍ന്ന് ഛബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഭാരതം ഒപ്പുവച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാത്രമല്ല, ഭാരതത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി വലിയൊരു നേട്ടവുമാണ്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇറാന് സന്ദര്‍ശനത്തിനിടെ ഛബഹാര്‍ തുറമുഖം അന്താരാഷ്ട്ര ചരക്ക്-യാത്രാ ഇടനാഴിയായി വികസിപ്പിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതാണെങ്കിലും കൊവിഡ് മഹാമാരിയുടെ ഫലമായി നിരവധി തടസ്സങ്ങളുണ്ടായതിനാല്‍ പ്രതീക്ഷിച്ച വേഗതയില്‍ തുടര്‍നടപടികള്‍ മുന്നോട്ടുപോയില്ല. ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്നായിരുന്നു കരാര്‍. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാളിന്റെയും ഇറാന് റോഡ്-നഗര വികസന മന്ത്രി മെഹ്റ്ദാദുന്റെയും സാന്നിധ്യത്തില്‍ ഐപിജിഎല്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും പോര്‍ട്ട്സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് പത്ത് വര്‍ഷത്തെ കരാറില്‍ ഇപ്പോള്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതനുസരിച്ച് ഐപിജിഎല്‍ 120 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുകയും, അടിസ്ഥാന സൗകര്യ വികസനത്തിന് 250 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്യും. രാജ്യത്തിനു പുറത്ത് ഭാരതം നിര്‍മാണ ചുമതല ഏറ്റെടുക്കുന്ന ആദ്യ തുറമുഖമാണ് ഛബഹാര്‍ എന്ന പ്രത്യേകതയുമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖം ഭാരതത്തിന് സ്വന്തമാക്കാനുള്ള അവസരം കോണ്‍ഗ്രസ് സര്‍ക്കാര്‍ തുലച്ചുകളഞ്ഞിരുന്നു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നെഹ്റുവിന് അന്ന് ഇതിന് കഴിയാതിരുന്ന സ്ഥാനത്താണ് മോദി സര്‍ക്കാര്‍ ചരിത്രപരമായ കരാറുണ്ടാക്കിയിരിക്കുന്നത്.
ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം പത്ത് വര്‍ഷം ഭാരതത്തിന്റെ കയ്യിലാവുക വഴി വലിയ വാണിജ്യനേട്ടമാണ് രാജ്യത്തിനുണ്ടാവുക. ഛബഹാര്‍ തുറമുഖം വന്‍ നിക്ഷേപത്തിനുള്ള പാതയാണ് തുറക്കുന്നത്. ഇറാന്റെ തെക്കു കിഴക്കന്‍ തീരത്ത് ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് ഇറാന്-പാകിസ്ഥാന് അതിര്‍ത്തിയിലാണ് ഛബഹാര്‍ തുറമുഖം. ഇവിടെനിന്ന് ഇറാന്, അഫ്ഗാനിസ്ഥാന്, മധ്യേഷ്യന്‍ രാജ്യങ്ങള്‍, അര്‍മേനിയ, അസര്‍ബൈജന്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുഗതാഗത മാര്‍ഗം വികസിപ്പിക്കാനാവും. ഗുജറാത്തിലെ കട്ല തുറമുഖത്തുനിന്ന് 550 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് ഛബഹാറിനിലേക്കുള്ളത്. മുംബൈ തുറമുഖത്തുനിന്ന് 786 നോട്ടിക്കല്‍ മൈലും. തുറമുഖ നിര്‍മാണം ഭാരതവും ഇറാനും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പുറമെ വാണിജ്യബന്ധങ്ങള്‍ക്കും കരുത്തു പകരും. ഛബബാര്‍ തുറമുഖത്തിന്റെ നിര്‍മാണം ഭാരതം ഏറ്റെടുക്കുന്നത് ചൈനയ്ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയാവും. ചൈന-പാക് സാമ്പത്തിക ഇടനാഴിയെ നേരിടാനും ഭാരതത്തിന് ഇതിലൂടെ കഴിയും. ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം കയ്യടക്കിയ രീതിയില്‍ പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖ വികസനം ചൈന ഏറ്റെടുത്തിരുന്നു. ഇതിനു മറുപടിയാണ് ഗ്വാദറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഛബഹാര്‍ തുറമുഖ വികസനം ഭാരതം ഏറ്റെടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെത്താനുള്ള വടക്കു-തെക്കു അന്താരാഷ്ട്ര ഇടനാഴിയുടെ കീഴില്‍ ഛബഹാറിനെ ട്രാന്‍സിറ്റ് ഹബ്ബാക്കുകയാണ് ഭാരതത്തിന്റെ ലക്ഷ്യം.
ഗ്വാദര്‍ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുക്കുന്നത് അറബിക്കടലില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനായിരുന്നു. ഇത് ഭാരതത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഛബഹാര്‍ തുറമുഖത്തിലൂടെ അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ നേരിടാന്‍ ഭാരതത്തിനാവും. ഭാരതം ഛബഹാര്‍ തുറമുഖ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് പാകിസ്ഥാനെയും ചൈനയെയും മാത്രമല്ല അമേരിക്കയെയും അസ്വസ്ഥമാക്കും. അമേരിക്കയുടെ പ്രതികരണവും വന്നിരിക്കുന്നു. ഇറാനെതിരെ സാമ്പത്തിക ഉപരോധം നിലനില്‍ക്കെ തുറമുഖ നിര്‍മാണക്കരാര്‍ ഒപ്പുവച്ചതില്‍ അപകടസാധ്യതയുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ഭാരതത്തിന്റെ വിദേശകാര്യലക്ഷ്യങ്ങളെക്കുറിച്ച് പറയേണ്ടത് അവരാണെന്നും, എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ ഉപരോധം തങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്നും യുഎസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേലാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഭാരതം ഏതുരാജ്യവുമായി ബന്ധമുണ്ടാക്കണം, കരാറൊപ്പുവയ്ക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഭാരതമാണ്, അമേരിക്കയല്ല. ഇത്തരം കാര്യങ്ങളില്‍ അമേരിക്ക ഇടപെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അഗ്നി മിസൈല്‍ പരീക്ഷണം അമേരിക്ക കണ്ണുരുട്ടിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണല്ലോ. എന്നാല്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അമേരിക്കന്‍ താല്‍പ്പര്യം മറികടന്ന് ആണവപരീക്ഷണം നടത്തി. ഇതിനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെയും ഭാരതം അതിജീവിച്ചു. ഭീകരവാദത്തെ നേരിടുന്ന കാര്യത്തില്‍ ഭാരതത്തിന്റെ ആശങ്കയെ മാനിക്കാതെ പാകിസ്ഥാന് ആയുധവും പണവും നല്കുന്ന അമേരിക്കയാണ് ഇപ്പോള്‍ പാകിസ്ഥാന്റെ താല്‍പ്പര്യത്തിനെതിരെ ഭാരതം ഇറാനുമായി ചേരുന്നതിനെ എതിര്‍ക്കുന്നത്. പുതിയ ഭാരതത്തിനു മുന്പില് ഇതൊന്നും വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: