ബിജെപി വിരുദ്ധത കുത്തിനിറച്ച മലയാള ദിനപത്രങ്ങളും കേരളത്തിലെ ദൃശ്യമാധ്യമങ്ങളും ഒരു പരിധിയിലധികം വായിക്കുകയും കാണുകയും ചെയ്യുന്നവര്‍ക്ക് അരവിന്ദ് കെജ്രിവാള് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയേക്കുമെന്ന് വരെ തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അഴിമതിക്കേസില്‍ പ്രതിയായി ആഴ്ചകളായി തീഹാര്‍ ജയിലില്‍ കഴിയവേ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ കെജ്രിവാളിനെ ചുമലിലേറ്റി നടക്കുന്ന ചില മലയാള മാധ്യമങ്ങളെ കാണുമ്പോള്‍ സഹതാപമാണ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരാളിയായി അരവിന്ദ് കെജ്രിവാളിനെ അവര്‍ പ്രതിഷ്ഠിക്കുന്നു. ആംആദ്മി പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തുമെന്നും കെജ്രിവാള് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമുള്ള പ്രതീതി സൃഷ്ടിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസാണ് നിരാശരാകുന്നത്. 2019ല്‍ രാഹുല്‍ഗാന്ധിയെ ‘പ്രധാനമന്ത്രിയാക്കി’സത്യപ്രതിജ്ഞ ചെയ്യിച്ചവരാണ് ഈ മാധ്യമങ്ങളെന്നോര്ക്കണം. നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ അമേഠിയും തോറ്റ് ന്യൂനപക്ഷ വോട്ടുബാങ്കിന്റെ സുരക്ഷിത കേന്ദ്രമായ വയനാട്ടിലേക്ക് ഓടി രക്ഷപ്പെട്ടെത്തിയ രാഹുല്‍ഗാന്ധിയുടെ ദേശീയ രാഷ്ട്രീയത്തിലെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. ദല്‍ഹിയിലും പഞ്ചാബിലും മാത്രം വോട്ടുകളുള്ള ആപ്പിന്റെ നേതാവിന് വേണ്ടി ആര്‍ത്തുവിളിക്കുന്ന പല മലയാള മാധ്യമപ്രവര്‍ത്തകരും വാളയാറിനപ്പുറത്തേക്കുള്ള രാഷ്ട്രീയത്തേപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരുമാണ്.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്‍പറ്റി രാഷ്ട്രീയത്തിലേക്കിറങ്ങിയ അരവിന്ദ് കെജ്രിവാള് രാജ്യത്തെ രാഷ്ട്രീയ രംഗം ശുദ്ധീകരിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് സിവില്‍ സര്‍വ്വീസ് രാജിവെച്ചെത്തിയയാളാണ്. 2013ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ അത്ഭുത പ്രതിഭാസമായി ആംആദ്മി പാര്‍ട്ടി മാറിയത് അഴിമതിക്കെതിരായ സന്ധിയില്ലാ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുകൊണ്ടാണ്. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം കോടികളുടെ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ നിന്നിറങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ട ഗതികേടിലാണ് അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും. രാജ്യതലസ്ഥാനത്തെ ജനങ്ങളോട് ഇക്കാര്യങ്ങളെല്ലാം താഴേത്തട്ടില്‍ വിശദീകരിക്കാന്‍ ആപ്പ് നേതൃത്വം വല്ലാതെ ബുദ്ധിമുട്ടുകയാണ്. യാഥാര്‍ത്ഥ്യം ഇതെന്നിരിക്കെയാണ് മലയാള മാധ്യമങ്ങളുടെ കെജ്രിവാള് പ്രേമം പരിഹാസ്യമാകുന്നത്.
ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. രാഷ്ട്രീയത്തിലെ അഴിമതി തുടച്ചുനീക്കി ശുദ്ധീകരിക്കാനായി പാര്‍ട്ടിയുടെ ചിഹ്നമായി ചൂല് തെരഞ്ഞെടുത്ത ആപ്പിന് ജനപിന്തുണ ലഭിക്കുക സ്വാഭാവികമാണ്. എന്നാല്‍ പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം അഴിമതിക്കേസുകളില്‍ ആപ്പിന്റെ നിരവധി നേതാക്കള്‍ക്ക് ജയിലുകളില്‍ കഴിയേണ്ടിവന്നത് അവരുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് കേസില്‍ ഏറ്റവും അവസാനം ജയിലിലേക്ക് പോയത്. ഒന്നര വര്‍ഷം മുമ്പ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേസില്‍ അറസ്റ്റിലായതാണ്. നിരവധി തവണ രാജ്യത്തെ വിവിധ കോടതികളെ സമീപിച്ചിട്ടും ജാമ്യം പോലും ലഭിച്ചിട്ടില്ല. പാര്‍ട്ടിയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന സഞ്ജയ് സിങ് എംപിയും മാസങ്ങളോളം ജയിലില്‍ കിടന്നു. മദ്യനയ അഴിമതിയിലെ സിബിഐ കേസും അഴിമതിപ്പണമായി ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് കേസും ആപ്പ് നേതാക്കളെ മുഴുവന്‍ തീഹാറിലെത്തിച്ചു. ഗുജറാത്ത്, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി പണമൊഴുക്കാന്‍ ആപ്പ് നടത്തിയ അഴിമതിയായിരുന്നു ദല്‍ഹിയിലെ മദ്യനയത്തില്‍ മാറ്റംവരുത്തിയുള്ള നടപടികള്‍. മദ്യം മൊത്തവിതരണക്കാര്‍ക്ക് 12 ശതമാനവും സ്വകാര്യ ചില്ലറ വില്‍പ്പന ശാലകള്‍ക്ക് 184 ശതമാനവും ഉയര്‍ന്ന ലാഭനിരക്ക് വ്യവസ്ഥ ചെയ്തുകൊണ്ട് നടപ്പാക്കിയ മദ്യനയ പരിഷ്ക്കരണം വഴി എണ്ണായിരം കോടി രൂപയുടെ വരുമാനം ദല്ഹിക്കുണ്ടാകുമെന്നായിരുന്നു ആപ്പ് നേതൃത്വത്തിന്റെ അവകാശവാദം. എന്നാല്‍ വരുമാന വര്‍ദ്ധന ഉണ്ടായില്ലെന്നു മാത്രമല്ല, മദ്യകമ്പനികള്‍ക്ക് അനുകൂലമായി നയം പരിഷ്ക്കരിച്ചതിന് കോടിക്കണക്കിന് രൂപ ആപ്പ് നേതാക്കള്‍ വാങ്ങിയ വിവരങ്ങളും പുറത്തുവരിയായിരുന്നു. ഇതോടെ ദല്‍ഹി ലഫ്.ഗവര്‍ണ്ണര്‍ മദ്യനയ പരിഷ്ക്കരണം റദ്ദാക്കുകയും സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലക്കാരനുമായ മനീഷ് സിസോദിയയും ദല്‍ഹി സര്‍ക്കാരിലെ എക്സൈസ് ഉദ്യോഗസ്ഥര്‍, മദ്യകമ്പനി എക്സിക്യൂട്ടീവുമാര്‍, ഡീലര്‍മാര്‍ തുടങ്ങിയവരും പ്രതികളായി. ആപ്പിന്റെ സാമൂഹ്യമാധ്യമ പ്രചാരണ ചുമതലയുള്ള മലയാളി വിജയ് നായര്‍, അരുണ്‍ രാമചന്ദ്രന് പിള്ള എന്നിവരടക്കം ഇരുപതോളം പേര് ഇതിനകം തീഹാറില്‍ കഴിയുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഒന്‍പതു തവണയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കുന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാവാതെ കെജ്രിവാള് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ മാര്‍ച്ചില്‍ അറസ്റ്റും ജയില്‍ വാസവും കെജ്രിവാളിനെ തേടിയെത്തി. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുമ്പോഴും മുഖ്യമന്ത്രി പദം രാജിവെയ്ക്കാതെ നാണംകെട്ട നിലപാട് കെജ്രിവാളിന്റെ വ്യക്തിത്വം എത്രമാത്രം അധപതിച്ചതാണെന്ന് കാട്ടിത്തന്നു. അഴിമതിക്കേസുകളിലെ ജയില്‍വാസത്തില്‍ ലാലുപ്രസാദ് യാദവ് മുതല്‍ അടുത്തിടെ ഝാര്‍ഖണ്ഡില്‍ ഷിബു സോറന് വരെ കാട്ടിയ രാഷ്ട്രീയ മര്യാദ പോലും അരവിന്ദ് കെജ്രിവാള് കാട്ടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും മോദി-ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ക്ക് കെജ്രിവാള് പ്രിയങ്കരനാണ്.
കര്‍ശന വ്യവസ്ഥകളോടെ 21 ദിവസത്തേക്ക് കിട്ടിയ ഇടക്കാല ജാമ്യത്തെ അഴിമതിക്കേസില്‍ കോടതി വെറുതെ വിട്ടതുപോലെയാണ് പ്രചരിപ്പിക്കുന്നത്. ദല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ യാതൊരു അധികാരവുമില്ലെന്നും സെക്രട്ടേറിയറ്റിലോ മുഖ്യമന്ത്രിയുടെ ഓഫീസിലോ കയറിപ്പോകരുതെന്നുമുള്ള വ്യവസ്ഥകളാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കേസിനെപ്പറ്റി പ്രതികരിക്കരുതെന്നും കേസിലെ സാക്ഷികളെ കാണരുതെന്നുമുള്ള വ്യവസ്ഥകളുമുണ്ട്.
ജയില്‍ മോചിതനായ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദിയുടെ വയസ്സു സംബന്ധിച്ച ചര്‍ച്ച തുടങ്ങിവെച്ച അരവിന്ദ് കെജ്രിവാളിനോട് ബിജെപി നേതൃത്വത്തിന് ശരിക്കും നന്ദിയുണ്ടാവേണ്ടതാണ്. 2029 വരെ മാത്രമല്ല അതിന് ശേഷവും രാജ്യത്തെ നയിക്കാന്‍ പ്രധാനമന്ത്രി മോദിയുണ്ടാവുമെന്ന് അസന്നിഗ്ധമായി പറയാന്‍ ബിജെപിക്ക് അതുവഴി സാധിച്ചു. അടുത്ത വര്‍ഷത്തോടെ മോദി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് ബിജെപി നേതൃത്വം പറഞ്ഞുകഴിഞ്ഞു.
ആഴ്ചകളുടെ ജയില്‍വാസത്തിനു ശേഷം ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങി പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത മുഖമായി ഉയര്‍ന്നുവരാനാണ് അരവിന്ദ് കെജ്രിവാള് പലതരം വിവാദ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളേറ്റെടുത്ത മുദ്രാവാക്യങ്ങളിലൊന്ന് മോദി കീ ഗ്യാരന്റി എന്നതായിരുന്നു. കെജ്രിവാളും ഗ്യാരന്റിയുമായി ഇറങ്ങിയിട്ടുണ്ട്. ജൂണ്‍ 2ന് തീഹാറിലേക്ക് മടങ്ങാന്‍ മറക്കരുതെന്നാണ് ഇതിനോടുള്ള ബിജെപിയുടെ പ്രതികരണം എന്നത് രസകരമായി. മേയ് 25നാണ് ദല്‍ഹിയിലെ 7 മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. ആപ്പുമായി സഖ്യത്തിലേര്‍പ്പെട്ട ഹൈക്കമാന്റ് തീരുമാനത്തിനെ എതിര്‍ത്ത് ദല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍സിങ് ലൗലി അടക്കമുള്ള പ്രധാന നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു കഴിഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആപ്പ് സഖ്യത്തെ എതിര്‍ക്കുന്നു. ആപ്പ് മത്സരിക്കുന്ന നാല് ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പ്രചാരണ രംഗത്തുനിന്ന് പിന്മാറിയ അവസ്ഥയിലാണ്. ദല്‍ഹിയിലെ ഏഴു ലോക്സഭാ സീറ്റുകളിലും പഞ്ചാബിലെ 13 സീറ്റുകളിലും മാത്രം കാര്യമായി മത്സരിക്കുന്ന ആപ്പ് പ്രധാനന്ത്രി പദം മോഹിക്കുന്നുവെന്നാണ് ഇന്‍ഡി സഖ്യകക്ഷികളുടെ വിലയിരുത്തല്‍. പ്രതിപക്ഷത്തിന്റെ നേതൃപദവിയിലേക്ക് സ്വയം ഉയര്‍ന്നുവരികയും സ്വന്തം നിലയില്‍ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന കെജ്രിവാളിന്റെ കുരുട്ടുബുദ്ധി മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന് മനസ്സിലാവും. അതിനാല്‍ തന്നെ കെജ്രിവാളിന് പിന്തുണ കൊടുക്കാതെ മാറിനില്‍ക്കുകയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: