കേരളത്തിന്റെ വിദ്യാഭ്യാസ രംഗം കഴിഞ്ഞ ഏതാനും വര്‍ഷമായി ചൂടേറിയ ചര്‍ച്ചാവിധേയമാകുകയാണ്. ന്യൂനപക്ഷവല്‍ക്കരണവും പ്രീണന രാഷ്ട്രീയവുമായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ചര്‍ച്ചയുടെ കേന്ദ്രബിന്ദു. പിന്നീട് അത് പതുക്കെ ഗുണനിലവാര തകര്‍ച്ചയിലേക്കും കമ്യൂണിറ്റ് രാഷ്ടീയവല്‍ക്കരണത്തിലേക്കും വഴിമാറിയിരിക്കുന്നു. എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ത്ഥികള്‍ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്ലസ് എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും എടുത്തുകാട്ടി, വിജയശതമാനവും ഗുണനിലവാരവും തമ്മിലുള്ള ബന്ധമില്ലായ്മ പലരും പുറത്തു പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടു നടന്ന ഒരു ഉന്നതാധികാര യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ സൂചിപ്പിച്ച കാര്യം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാര തകര്‍ച്ചയും പഠനാന്തരീക്ഷം അക്രമത്തിനും കൊലപാതക രാഷ്ട്രീയത്തിനും അടിമപ്പെട്ടതും, ആവശ്യപ്പെടുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖല പുനഃസംഘടിപ്പിക്കാത്തതും കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കിനും പറന്നുപോക്കിനും സാഹചര്യം ഒരുക്കിയത് വലിയ ഉല്‍ക്കണ്ഠ സൃഷ്ടിച്ചിരിക്കയാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്കും അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന രീതിയില്‍ ഒരു നൈരന്തര്യം കേരളത്തില്‍ കാണുന്നില്ല. അധ്യായന വര്‍ഷാരംഭത്തില്‍ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരീക്ഷാഫലങ്ങള്‍ വരുന്ന സമയത്ത് ഗുണനിലവാരത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളും ഒരു സ്ഥിരം ചടങ്ങായി മാറിയിരിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവസരം നല്‍കാത്ത സ്ഥിതിയാണെന്നാണ് അടക്കം പറിച്ചില്‍. മുഖ്യമന്ത്രിയും സ്വപരിവാരങ്ങളും വിദേശത്തുപോയ സന്ദര്‍ഭം നോക്കി ചില കാര്യങ്ങള്‍ വെടിപ്പായി പറഞ്ഞിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രിമാര്‍. അതില്‍ രണ്ടുപേരും അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാണ്. കേരളത്തിലെ പൊതു സമൂഹം പ്രത്യേകിച്ച് അക്കാദമിക സമൂഹം ഇതിനെ സ്വാഗതം ചെയ്യുന്ന വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സമയത്ത് മൂല്യനിര്‍ണയത്തിലെ അപാകതകളെ ഉള്‍ക്കൊണ്ട്, എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിനും ചുരുങ്ങിയ മാര്‍ക്ക് എന്ന പഴയ രീതി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചാണ് പൊതുവിദ്യാഭ്യാസ മന്ത്രി ആദ്യം പറഞ്ഞത്. അടുത്ത ദിവസം പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സന്ദര്‍ഭത്തില്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യവേ സ്വകാര്യ വിദ്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ അതിര്‍വരമ്പുതിരിച്ചു പരസ്പരം എതിര് ചേരിയില്‍ നിര്‍ത്തുന്ന രീതി സൃഷ്ടിക്കുന്ന അനഭലഷണീയമായ ചിന്തയുടെ പരിണതഫലമാണിത്. എങ്കിലും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നത് കേവലം ഭൗതിക സാഹചര്യങ്ങളുടെ നിര്‍മാണവും തത്വതീക്ഷയില്ലാത്ത ഇംഗ്ലീഷ് മീഡിയം വല്ക്കരണവും അല്ല എന്നതിരിച്ചറിവും മന്ത്രിക്കുണ്ടായി എന്ന് നമുക്ക് പ്രതീക്ഷിക്കാം. സര്‍വ്വസാധാരണ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഈ വിദ്യാലയങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തണമെങ്കില്‍ വിദ്യാലയത്തിലും സമൂഹത്തിലെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളുടെ ജീവിത നിലവാരത്തിലും സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തേണ്ടി വരും. വിദ്യാഭ്യാസത്തിന്റെ വൈവിധ്യവല്‍ക്കരണം, തൊഴില്‍ നൈപുണ്യ വികസനം, മൂല്യനിര്‍ണയത്തെ ഓര്‍മ്മ പരീക്ഷണത്തില്‍ നിന്നും അനുഭവജ്ഞാനത്തെ വിലയിരുത്തലിലേക്കുള്ള മാറ്റം എന്നിവ പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം. എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, ആഭ്യന്തര മൂല്യനിര്‍ണയം, മറ്റു മേഖലകളിലെ മികവിന് നല്കുന്ന സ്കോര്‍ എന്നിവ പ്രത്യേകം പ്രത്യേകം കണക്കാക്കുന്ന രീതിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് അടുത്ത അധ്യായന വര്‍ഷം മുതല്‍ വലിയ പൊളിച്ചെഴുത്തലുകള്‍ നടത്തുമെന്ന പ്രഖ്യാപനമാണ് തുടര്‍ന്നുള്ള ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിലൂടെ നടത്തിയത്. ബിരുദ കോഴ്സുകള്‍ നാലു വര്‍ഷത്തെ കോഴ്സുകളാക്കി മാറ്റുന്നതുപോലും ഏതു രീതിയിലായിരിക്കും എന്ന് അവര്‍ വിശദീകരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന രീതിയിലാണ് പരിഷ്കരണങ്ങള്‍ എന്ന കാര്യം അവര്‍ പറയുന്നില്ലെങ്കിലും ദേശീയ വിദ്യാഭ്യാസ നയം ഒരുവട്ടം വായിക്കുകയോ അതിനെ സംബന്ധിച്ച് എന്തെങ്കിലും മനസ്സിലാക്കുകയോ ചെയ്ത ആര്‍ക്കും മന്ത്രി ബിന്ദുവിന്റെ പ്രസ്താവനയില്‍ പുതിയതായൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാലുവര്‍ഷത്തെ ഇടവേളക്കു ശേഷം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ദേശീയ വിദ്യാഭ്യാസം നയം മുന്നോട്ടുവെക്കുന്ന പരിഷ്കരണങ്ങളാണെന്നുള്ള തുറന്ന സമ്മതമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രധാന പ്രശ്നങ്ങള്‍ക്കു കാരണം കേരളത്തില്‍ വിദ്യാഭ്യാസ വിചക്ഷണരോ കഴിവുറ്റ അധ്യാപകരോ ഇല്ലാത്തതല്ല, മറിച്ച് വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും ‘രാഷ്ട്രീയ വിഷയം’ ആണെന്നുള്ളതാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മൂല്യനിര്‍ണയം, വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള വൈവിധ്യവല്‍ക്കരണം, തൊഴില്‍ നൈപുണ്യ ഉദ്ഗ്രഥനം, ജീവിത മൂല്യങ്ങളുടെ സന്നിവേശം എന്നിവയും കേരളത്തിലെ വിദ്യാഭ്യാസരംഗം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. ഇവ നടപ്പാക്കുന്നതിന് തടസ്സമായി നില്ക്കുന്ന കേരളത്തിലെ അധ്യാപക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെയും ഭരണ സംവിധാനത്തിലെ അനാവശ്യ ചുവപ്പുനാട സമ്പ്രദായത്തെയും പൊളിച്ചെഴുതാനുള്ള ആര്‍ജ്ജവം ഈ പ്രസ്താവനയുടെ ഉടമസ്ഥര്‍ക്കുണ്ടാവണം. അത് സാധ്യമാകുമെന്ന് വലിയ പ്രതീക്ഷ പുലര്‍ത്തേണ്ടതില്ല. എങ്കിലും ഈ തുറന്നു പറച്ചിലിലൂടെ കിട്ടുന്ന പുതിയ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ പ്രബുദ്ധ സമൂഹം തയ്യാറായാല്‍ ചില പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താം. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനും അതിലൂടെ പൊതുസമൂഹത്തിനും വലിയ സാധ്യതകളാണുണ്ടാകുക. ലോകം ഇന്ന് മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച്, കേരളത്തിലെ വിദ്യാഭ്യാസത്തെ മാറ്റാനും അതിന്റെ പരമാവധി പ്രയോജനം കേരളത്തിലും കേരളീയര്‍ക്കും ലഭിക്കുന്നതിനും ഇത് ഇടയാകും എന്ന കാര്യത്തിലും സംശയമില്ല.
(വിദ്യാദ്യാസ വികാസ കേന്ദ്രം ദേശിയ സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: