വേദങ്ങള്‍ മുഴുവന്‍ വ്യസിച്ചിട്ടും ബ്രഹ്മസൂത്രം രചിച്ചിട്ടും മഹാഭാരത കഥനം നടത്തിയിട്ടും തൃപ്തിയാകാതിരുന്ന വ്യാസന്റെ അന്തരംഗം സമ്പൂര്ണ്ണകൃതാര്ത്ഥത വരിച്ചത് ഭാഗവത രചനയിലൂടെയാണത്രേ. വേദവ്യാസന്റെ അവസാന കൃതിയായി അംഗീകരിക്കപ്പെടുന്നതും ഭാഗവതമാണ്. പുരാതന ഭാരതത്തിലെ ഋഷികള്‍ പല പ്പോഴായി ശിഷ്യന്മാര്ക്ക് നല്കിക്കൊണ്ടിരുന്ന വൈജ്ഞാനിക സമ്പത്ത് ഒരുമിച്ചു ഗ്രഹിക്കാന്‍ സാധിച്ച സര്‍വ്വജ്ഞനായ വ്യാസന് അവയെ ചിട്ടപ്പെടുത്തിയിട്ടും, അവയിലെ പ്രധാന പാഠം എന്താണെന്ന് ബ്രഹ്മസൂത്രത്തിലൂടെ വെളിപ്പെടുത്തിയിട്ടും, ആ സത്യവും അതുമായി ബന്ധപ്പെട്ട ധര്‍മ്മവും മഹാഭാരത കഥയിലൂടെ വ്യക്തമാക്കിയിട്ടും മതിയാകാതെ, ദര്‍ശനങ്ങളെ പാരമ്യത്തിലെത്തിച്ചത് ഭാഗവതത്തിലൂടെയാണ്. വസ്തുത ഇതായിരിക്കെ സാധാരണ പണ്ഡിതന്മാര് വേദാന്തത്തിന്റെ ഏതെങ്കിലും ഒരു ശാഖയില്‍ മാത്രം ഒതുങ്ങിക്കൊണ്ട് ഭാരതീയ വൈജ്ഞാനിക മേഖലയെ മുഴുവനായി വിഴുങ്ങിയ മട്ടില്‍ പലപ്പോഴും കാര്യങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഈ നിലപാട് സാധാരണക്കാരില്‍ തെറ്റിദ്ധാരണ ജനിപ്പിച്ചേക്കാം. ഇത്തരം പണ്ഡിതന്മാരില് പലരും വേദാന്തസാരത്തെ സ്വയം മനനം ചെയ്ത് അവതരിപ്പിക്കുന്നതിനു പകരം അതിലെ സാങ്കേതിക പദങ്ങളുടെ അര്‍ത്ഥങ്ങളില്‍ അമിതമായ ശ്രദ്ധ പുലര്‍ത്തുന്നവരും അതിന്മേല് നിലപാട് ഉറപ്പിച്ചുകൊണ്ടു മാത്രം വ്യാഖ്യാനം നടത്തുന്നവരുമാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് അവ ദുര്ഗ്രാഹ്യമാണെന്നു മാത്രമല്ല, മൗലികമായ ഉപനിഷദ് വ്യാഖ്യാനങ്ങള്‍ ഇന്നു ലഭ്യമാകാതെയും വരുന്നു. ശങ്കരാചാര്യരെയും രാമാനുജനെയും മധ്വനെയും പോലുള്ള ശ്രേഷ്ഠ വ്യാഖ്യാതാക്കള്‍ ഇന്ന് നമുക്ക് ഇല്ലാതാവാനുള്ള കാരണം ഇതുതന്നെയായിരിക്കാം.
ഭാഗവതത്തിലെ ജ്ഞാനസമ്പത്ത്
സര്വ്വവേദസാരഗര്ഭത്താലുള്ള ജ്ഞാനസമ്പുഷ്ടത, ഭഗവാന് കൃഷ്ണന്റെ ജനനവും ലീലകളും കൊണ്ടുള്ള ഭക്തിസാന്ദ്രത, ഗീതയിലെ കര്‍മ്മസിദ്ധാന്തത്തിന്റെ ഉള്‍ച്ചേര്‍ച്ച എന്നിങ്ങനെ ഉത്തമ പരുഷാര്ത്ഥയോഗ്യമായ ശ്രേഷ്ഠതയെല്ലാം ഒരുമിക്കുന്ന മഹദ്ഗ്രന്ഥമാണ് ശ്രീമദ് ഭാഗവതമെന്ന് പൊതുവെ അംഗീകരിച്ചിട്ടുള്ളതാണ്. ഇക്കാരണത്താല്‍ മറ്റെല്ലാ പുരാണങ്ങളിലും വച്ച് ഉത്തമ സ്ഥാനം ഭാഗവതത്തിന് നല്കിവരുന്നുമുണ്ട്. 18 പുരാണങ്ങളിലും 18 ഉപപുരാണങ്ങളിലും ഏറ്റവും മഹത്തായ പുരാണമെന്ന് പ്രശസ്തിയാര്‍ജ്ജിച്ച ഭാഗവതം രചിക്കപ്പെടാനുണ്ടായ കാരണം, ജനങ്ങളില്‍ ഭക്തി-ജ്ഞാന-വൈരാഗ്യം ജനിപ്പിക്കുകയെന്ന ഉദ്ദേശ്യമായിരുന്നുവെന്നു വ്യക്തം. ഇതില്‍ യഥാര്‍ത്ഥ ഭക്തിയെ സംബന്ധിക്കുന്ന അറിവ് കൂടാതെ ജ്ഞാനമാര്ഗ്ഗികള്ക്ക് ഉപനിഷദ്സാരവും നല്‍കുന്നുണ്ട്. ഭാഗവതത്തിലെ മാത്രം അര്ത്ഥാവഗാഹത്താല് സര്‍വ്വ ഉപനിഷത്തുകളുടെയും ദര്‍ശനം ലഭ്യമാകുന്നതാണ്. വാസ്തവത്തില്‍ ഭാരതീയ സംസ്കാരമുള്‍ക്കൊള്ളുന്ന സകല ആദ്ധ്യാത്മിക മാര്‍ഗ്ഗങ്ങളും-ഭക്തി, ജ്ഞാനം, കര്‍മ്മം, ധ്യാനം, തപസ്സ് മുതലായവ -കൂടാതെ ആത്യന്തിക സത്യം, പ്രപഞ്ചം എന്നിവയുടെ വിവരണവും വിശകലനവും മറ്റ് കൃതികളെക്കാള്‍ കൂടുതല്‍ വ്യക്തമാക്കുന്നത് ഭാഗവതത്തിലാണ്.
രാജാക്കന്മാരുടെയും ഋഷികളുടെയും വംശപരമ്പര, അവയിലൂടെ വെളിപ്പെടുന്ന ചരിത്രം, കാലഗണന എന്നിവ കൂടാതെ വിവിധ വൈജ്ഞാനിക സംഭാവനകള്‍കൊണ്ട് സമ്പുഷ്ടമാണ് ഈ പൗരാണിക ഗ്രന്ഥം. സൃഷ്ടി, സംഹാരം, പുനഃസൃഷ്ടി, വംശക്രമം, മന്വന്തര കഥകള്‍ എന്നിവ പുരാണങ്ങളില്‍ പൊതുവെ ചര്ച്ചചെയ്യപ്പെടുന്നവയാണ്. എന്നാല്‍ ജഗദുല്പ്പത്തി, അതിന്റെ അഭിവൃദ്ധി, കര്‍മ്മവാസനകള്‍, അഹംബോധത്തിന്റെ വിവിധ വശങ്ങള്, മുക്തിക്ക് വേണ്ടിയുള്ള യത്നങ്ങള്‍ എന്നിങ്ങനെ അഞ്ചുവിഷയങ്ങള്‍ കൂടി ചര്‍ച്ചചെയ്യുന്നുവെന്നതാണ് ഭാഗവതത്തിന്റെ സവിശേഷത. എന്നാല്‍ ഭാഗവത സപ്താഹത്തിന് കാര്‍മ്മികത്വം വഹിക്കുന്ന ആചാര്യന്മാര് പൊതുവെ അതിലെ കഥ പറഞ്ഞുപോവുക പതിവാക്കുന്നതിനാല്‍, അതിവിശിഷ്ടമായ ഈ കൃതിയെ പൊതുജനസമക്ഷം കഥാപ്രാമുഖ്യമുള്ള മറ്റ് പുരാണങ്ങളില്‍ ഒന്നാക്കി മാത്രം പ്രദര്‍ശിപ്പിക്കുന്നു.
വിശ്വവിജ്ഞാനത്തിനും വ്യഷ്ട്യപഗ്രഥനത്തിനും പണ്ഡിതന്മാര് പൊതുവെ ഉപനിഷത്തുകളുടെ വ്യാഖ്യാനങ്ങളാകുന്ന വേദാന്ത ശാഖകളെയാണ് ആശ്രയിക്കുക. എന്നാല്‍ ഉപനിഷത്തുകളുടെ വിശദവും ആധികാരികവുമായിട്ടുള്ള വ്യാഖ്യാനമുള്ക്കൊള്ളുന്നതാണ് ഭാഗവതം എന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ ഗ്രന്ഥത്തില്‍ എല്ലാ വേദാന്ത ശാഖകളും ഒരുമിക്കുന്നു, ഉപനിഷത്തുകളിലെന്നപോലെ. ഇതില്‍ ആത്യന്തിക സത്യം, അതിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍, വ്യഷ്ടി-സമഷ്ടികളെ കുറിക്കുന്ന അപഗ്രഥനം എന്നിവയെല്ലാം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
വിശ്വത്തിന്റെ ഉത്ഭവം, വികാസം, ദിക്ക്, കാലം എന്നിവയെക്കുറിച്ച് പാശ്ചാത്യ ഭൗതിക ശാസ്ത്രം ഏകദേശം രണ്ടായിരം വര്‍ഷങ്ങളായി തേടിക്കൊണ്ടിരിക്കുന്ന സത്യവും അടങ്ങുന്ന ഗ്രന്ഥമാണിത്. ആധുനികവും ആധുനികോത്തരവുമായിട്ടുള്ള എല്ലാ പ്രധാനപ്പെട്ട ഭൗതിക ശാസ്ത്ര സിദ്ധാന്തങ്ങളും ഈ പൗരാണിക ഗ്രന്ഥത്തിലുണ്ടെന്നത് വലിയ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
ഭാഗവതത്തില്‍ അഹം ബോധത്തിന്റെ വിവിധ വശങ്ങളുടെ വിവരണമാവട്ടെ പാശ്ചാത്യതത്ത്വശാസ്ത്രം നേരിട്ട ചില കീറാമുട്ടികളെ വളരെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പ്രശ്നരഹിതമാക്കി അവയെ സുഗ്രാഹ്യമാക്കിത്തീര്ക്കുന്നതാണ്. മനസ്സും ദ്രവ്യവും തമ്മിലുള്ള ബന്ധം പാശ്ചാത്യതത്ത്വശാസ്ത്രത്തിന് അഗമ്യമായി തുടരുമ്പോള്‍ വൈദികസരണിയിലൂടെ സഞ്ചരിക്കുന്ന ഭാഗവതം അവയെ യോജിപ്പിച്ചു നിര്‍ത്തുന്നതു കാണാം. ഇതിലുപരി മനസ്സ് എന്താണെന്നും, അതിന്റെ സ്വഭാവവും പ്രവര്‍ത്തന രീതിയും (മനഃശാസ്ത്രം) വ്യക്തമാക്കുന്നുമുണ്ട്. ഇത് പാശ്ചാത്യ മനഃശാസ്ത്രത്തിന് ഇന്നുവരെയും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലാത്തവിധം ശാസ്ത്രീയമായ ആധികാരികതയോടെ, അനുഭവത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്.
ബ്രഹ്മവും പരാശക്തിയും
സകല ജീവജാലങ്ങളുടെയും പ്രപഞ്ചത്തിന്റെയും സ്രോതസ്സാവുന്ന ഏകസത്തയെക്കുറിച്ചുള്ള ഗവേഷണമാണ് ഭൗതിക ശാസ്ത്ര സൈദ്ധാന്തികരും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഏകസത്തയെ ഉപനിഷത്തുകള്‍ ‘ബ്രഹ്മം’ എന്നു വിളിക്കുന്നു. ‘ബ്രഹ്മം’ എന്നത് ബോധസ്വരൂപനായ ആദിപുരുഷനും ആനന്ദ സ്വരൂപമായ ആദിശക്തിയും ചേര്‍ന്ന ‘ചിദാനന്ദം’ ആണെന്ന് ഉപനിഷത്തുകളിലെന്നപോലെ ഭാഗവതവും ഉദ്ഘോഷിക്കുന്നു. ഇതിലേക്കുള്ള മാര്‍ഗ്ഗവും ഈ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇവയിലടങ്ങുന്ന അറിവ് ശാസ്ത്രീയ സത്യങ്ങളാകുന്നു. ശാസ്ത്രീയ സത്യത്തിന്റെ പ്രത്യേകത, അത് കണ്ടുപിടിക്കുന്നയാളിനു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രത്യക്ഷാനുഭവമാക്കാനുള്ള വിധിയും അതു നല്കുന്നുവെന്നതാണ്. ഇപ്രകാരം മറ്റുള്ളവര്‍ക്കും സത്യത്തിലെത്താനുള്ള മാര്‍ഗ്ഗം വേദവും ഭാഗവതവും നല്‍കുന്നുണ്ട്. ഈ മാര്‍ഗ്ഗമാണ് ആദ്ധ്യാത്മിക സാധന.
ചിദാനന്ദ സ്വരൂപമാകുന്ന ബ്രഹ്മത്തെ സാമാന്യബോധമുള്ള ഒരാള്‍ക്കും നിരസിക്കാനാവില്ല. കാരണം ബോധം എന്നത് എല്ലാ ജീവജാലങ്ങളിലും സാമാന്യമായി വര്‍ത്തിക്കുന്ന ഒന്നാണല്ലോ. അതിനാല്‍ സകല ജീവജാലങ്ങളുടെയും സ്രോതസ്സാവാന്‍ ഏറ്റവും യോഗ്യത ബോധത്തിനാണ്. പ്രപഞ്ചത്തിലും ജീവികളിലും നിറഞ്ഞിരിക്കുന്ന ഊര്‍ജ്ജത്തെ ഭൗതിക ശാസ്ത്രത്തിനും നിഷേധിക്കാനാവില്ല. ശാസ്ത്രം ഈ വാസ്തവം അംഗീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഏക ശക്തിയുടെ വ്യാപനമാണ് സര്‍വ്വപ്രപഞ്ചവും എന്ന സത്യം ഇപ്പോള്‍ ശാസ്ത്രീയ സത്യമാണ്. എല്ലാ ജീവികളും തേടുന്നത് ആനന്ദമാണ്. പൂര്‍ണ്ണമായ ആനന്ദം സ്ഥൂലലോകത്ത് ലഭ്യമല്ലെങ്കിലും ജീവികള്‍ അതുതന്നെയാണ് തേടിക്കൊണ്ടിരിക്കുന്നത്. യോഗികള്‍ പൂര്ണ്ണസ്വരൂപത്തിലനുഭവിക്കുന്ന ബ്രഹ്മാനന്ദം ശക്തിയുടെ തനതായ സ്വഭാവമാണ്. ഇപ്രകാരം വൈദിക ദര്‍ശനം വെറുമൊരു മതവിശ്വാസമല്ല, യുക്തിക്ക് നിരക്കുന്നതും ശാസ്ത്രസമ്മതവുമാകുന്ന സത്യമാണ്. ബ്രഹ്മം ചിദാനന്ദ സ്വരൂപമാണെന്ന ദര്‍ശനം ഭാഗവതത്തില്‍ നിരവധി അദ്ധ്യായങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്.
ഈ സത്യത്തെയാണ് ഭാരതത്തില്‍ വൈദിക കാലത്തിനു ശേഷമുണ്ടായ വിവിധ സിദ്ധാന്തങ്ങളും (വൈഷ്ണവ-ശൈവ-ശാക്തേയ സിദ്ധാന്തങ്ങള്‍) ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതിയുമൊക്കെ ഉള്‍ക്കൊള്ളുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം, ഏകസത്തയിലെത്താനുള്ള വിവിധങ്ങളാകുന്ന മാര്‍ഗ്ഗത്തിന്റെ കാര്യത്തിലാണ്. ഇപ്രകാരം ശാക്തേയര്‍ ബോധസ്വരൂപിണിയാകുന്ന പരാശക്തിയെ ആത്യന്തിക സത്യമായിട്ട്, പരബ്രഹ്മമായിട്ട് ആരാധിക്കുന്നു. എന്നാല്‍ വിഷ്ണുഭക്തരും ശിവഭക്തരും പരാശക്തിയുടെ നാഥനും, അതിനെ ജയിച്ചു നില്ക്കുന്നതുമായ ബോധസ്വരൂപത്തെ അഥവാ ആദിപുരുഷനെയാണ് പരബ്രഹ്മമായിട്ടാരാധിക്കുന്നത്. കേവലബോധമാകുന്ന പരബ്രഹ്മം വൈഷ്ണവര്‍ക്ക് വിഷ്ണുവും ശൈവര്‍ക്ക് ശിവനുമാകുന്നു.
പരബ്രഹ്മം അഥവാ വിഷ്ണു ബോധസ്വരൂപത്തില്‍ ലോകങ്ങളെ അതിക്രമിച്ചും തന്റെ അനന്തശക്തികൊണ്ട് ലോകങ്ങളില്‍ വ്യാപിച്ചും സ്ഥിതിചെയ്യുന്നുവെന്നതാണ് ഭാഗവത മതം. ബോധസ്വരൂപം ബ്രഹ്മാനന്ദത്തെയും അതിക്രമിച്ചു നില്‍ക്കുന്നുവെന്നത് തൈത്തിരീയോപനിഷത്ത് വ്യക്തമാക്കുന്നുണ്ട്. തൈത്തിരീയത്തിലെ രണ്ടാമദ്ധ്യായത്തില്‍ മനുഷ്യനെ അപഗ്രഥിക്കുമ്പോള്‍ പറയുന്നതിപ്രകാരമാണ്: ചിത്സ്വരൂപമാകുന്ന ആത്മാവ് അതിനുചുറ്റും അഞ്ചുതരം ശക്തിവിശേഷങ്ങളെക്കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു-അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം. ഈ അവസ്ഥകളിലെല്ലാം അനുഭവം എന്ന ദ്വന്ദ്വം നിലനില്ക്കുന്നു. അതായത് അഹംബോധവും പിന്നെ അനുഭവവേദ്യമാകുന്ന വിഷയവും എന്നിങ്ങനെയുള്ള ദ്വന്ദ്വാവസ്ഥ. ഈ ദ്വന്ദ്വാവസ്ഥയാണ് മനുഷ്യന്റെ എല്ലാ അനുഭവങ്ങള്‍ക്കും ആധാരം. ഈ അവസ്ഥകളിലെല്ലാം അഹമാണ് ഭോക്താവ്, ഇത് ഭഗവദ്ശക്തിയില്‍ നിന്നു ജന്മംകൊണ്ട തത്ത്വം തന്നെയാണ്. ആനന്ദമയകോശത്തിലെത്തിയ ജീവാത്മാവ് ബ്രഹ്മാനന്ദം അനുഭവിക്കുമ്പോഴും ഈ ദ്വന്ദ്വം നിലനില്ക്കുന്നു. അനുഭവത്തിന്റെ ഈ അവസ്ഥയെ ‘സുഷുപ്തി’ എന്നു വിളിക്കുന്നു. ഇതിനെയും ജയിച്ചുനില്‍ക്കുന്ന അവസ്ഥയെ ‘തുരീയം’ എന്നാണ് വിശേഷിപ്പിക്കുന്നത്-
ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളെയും കടന്നുനില്‍ക്കുന്ന ആത്മാവിന്റെ തനതായ നാലാമത്തെ അവസ്ഥ. ഈ അവസ്ഥയില്‍ ബോധവും ആനന്ദവും ദ്വന്ദ്വം വിട്ട് ഒരുമിക്കുന്നു, ഇതാണ് അദൈ്വതത്തിന്റെ പൊരുള്‍.
ഇതാണ് ജീവാത്മാവിന്റെ മോക്ഷസ്ഥിതി. വ്യഷ്ടിതലത്തിലെ ഈ സ്ഥിതിയാണ് സൃഷ്ടിയെ പിന്‍വലിച്ചു കഴിഞ്ഞാലുള്ള സമഷ്ടിയുടെയും സ്ഥിതി. ചിത്സ്വരൂപവുമായി ശക്തി ലയിച്ചുനില്‍ക്കുന്ന പ്രളയാവസ്ഥയാണിത്. സൃഷ്ടി തുടങ്ങുമ്പോള്‍ വീണ്ടും ശക്തി ഉണര്‍ന്ന് പരിണമിക്കുന്നു, ലോകങ്ങളും ജീവജാലങ്ങളുമുണ്ടാകുന്നു. ഇതാണ് ഭാഗവതത്തിലെ തത്ത്വജ്ഞാനത്തിന്റെ ചുരുക്കം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഫിലോസഫി വിഭാഗം മുന്‍മേധാവിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: