Categories: Kerala

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണം, ഓൾ പാസ് ഒഴിവാക്കും

Published by

തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതി മാറ്റുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ വിഷയത്തിനും ജയിക്കാൻ 12 മാർക്ക് മിനിമം വേണമെന്ന രീതിയിലാവും അടുത്ത വർഷം മുതലുള്ള പരീക്ഷാ രീതി. മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നിരന്തര മൂല്യനിര്‍ണ്ണയം, എഴുത്തു പരീക്ഷ എന്നിവ രണ്ടും ചേര്‍ത്ത് ആകെ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. അതായത് 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ വിദ്യാര്‍ത്ഥി ജയിക്കുവാന്‍ നിരന്തര മൂല്യ നിര്‍ണ്ണയത്തിന്റെ 20 മാര്‍ക്കിനൊപ്പം കേവലം 10 മാര്‍ക്ക് നേടിയാല്‍ വിജയിക്കാനാവും. അടുത്ത എസ്എസ്എൽസി പരീക്ഷ നിലവിലെ ഹയര്‍ സെക്കൻഡറി പരീക്ഷ പോലെ പരിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഓരോ വിഷയത്തിനും എഴുത്തു പരീക്ഷയ്‌ക്ക് മാത്രം 30 ശതമാനം നേടിയിരിക്കണം. 40 മാർക്കിന്റെ പരീക്ഷ വിജയിക്കാന്‍ 12 മാര്‍ക്കും 80 മാര്‍ക്കിന്റെ വിജയിക്കാന്‍ 24 മാര്‍ക്കും നേടിയിരിക്കണം ഇതിനൊപ്പം നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്ക് കൂടി പരിഗണിച്ചാണ് ഫലം നിര്‍ണ്ണയിക്കുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ഇത്തരം നടപടി.

എട്ടാം ക്ലാസ് വരെ ഓൾ പാസ് നൽകുന്നത് പുനഃപരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 2023-24 അധ്യായന വർഷത്തെ പരീക്ഷാ ഫലപ്രഖ്യാപനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 99.69 ശതമാനം വിജയമാണ് 23-24 അധ്യായന വർഷത്തിൽ രേഖപ്പെടുത്തിയത്. 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. ഇത്തവണ വാരിക്കോരിയല്ല മാർക്ക് നൽകിയതെന്നും കുട്ടികൾ എഴുതിയ ഉത്തരത്തിന് തന്നെയാണ് മാർക്ക് നൽകിയതെന്നും മന്ത്രി പറഞ്ഞു. ജൂൺ ആദ്യവാരം തന്നെ സർട്ടിഫിക്കറ്റുകൾ പ്ലസ് വണ്ണിന് ഈ മാസം 16 മുതൽ പ്ലസ് വണ്ണിന് അപേക്ഷിച്ചു തുടങ്ങാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by