Categories: News

ലഹരിക്കായി വയനാടന്‍ പനങ്കുരു ഇതര സംസ്ഥാനങ്ങളിലേക്ക്

Published by

ബത്തേരി: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വര്‍ധിച്ചതോടെ ജില്ലയില്‍ നിന്ന് പനങ്കുരു ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നു. സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ഹാന്‍സ് അടക്കമുള്ളവയില്‍ ഉപയോഗിക്കാനായാണ് പനങ്കുരു കൊണ്ടുപോകുന്നത്. കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്.

കിലോയക്ക് 45 രൂപ തോതിലാണ് കര്‍ഷകരില്‍ നിന്ന് പനങ്കുരു ശേഖരിക്കുന്നത്. മാനന്തവാടി കേന്ദ്രീകരിച്ചുള്ള ഏജന്‍സിയാണ് കര്‍ഷകരില്‍ നിന്ന് ഇവ വാഹനങ്ങളിലെത്തി ശേഖരിക്കുന്നത്. പനയില്‍ പഴുത്തുനില്‍ക്കുന്ന കുരു നിറഞ്ഞ വലിയ കുലകള്‍ വെട്ടിയെടുക്കും. പിന്നീട് ഇവ ചണച്ചാക്കില്‍ കെട്ടിവയ്‌ക്കും. രണ്ട് ദിവസം കഴിയുന്നതോടെ ഈ കായകള്‍ കൊഴിയും. ഇത് പുറത്തെടുത്ത് കളത്തില്‍ നിരത്തി ട്രാക്ടര്‍ ഉപയോഗിച്ച് മെതിച്ച് പരിപ്പെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് തൊണ്ടും പരിപ്പും തരംതിരിച്ചാണ് ഏജന്‍സികള്‍ നല്കുക. സാധാരണ ഒരു കുലയില്‍ നിന്ന് 200 മുതല്‍ 250 കിലോവരെ കുരു ലഭിക്കും.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പനങ്കുരു ലഭിക്കുന്ന ഇടം പൊഴുതനയാണ്. സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളായ പാന്‍പരാഗ്, ഹാന്‍സ് ഉള്‍പ്പടെയുള്ളവ നിരോധിക്കുന്നതിനു
മുമ്പ് പനങ്കുരു കിലോയ്‌ക്ക് 90 രൂപവരെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. നിലവില്‍ കര്‍ഷകര്‍ക്ക് പനങ്കുരുവിന്റെ യഥാര്‍ത്ഥത്തില്‍ എത്രവില ലഭിക്കുമെന്ന് അറിയില്ല.

പനങ്കുരുവിന് പൊതുവിപണിയില്ലാത്തതാണ് ഇതിനുകാരണം. അതിനാല്‍ തങ്ങളെ സമീപിക്കുന്ന ഏജന്റുമാര്‍ പറയുന്ന വിലയ്‌ക്ക് ഇവ വില്‍ക്കേണ്ട് അവസ്ഥയിലാണ് കര്‍ഷകര്‍.
മുന്‍കാലങ്ങളില്‍ ജില്ലയിലെ കൃഷിയിടങ്ങളില്‍ ധാരാളമായി പനകള്‍ ഉണ്ടായിരുന്നു. മൂത്ത പനകള്‍ വെട്ടി കന്നുകാലി തൊഴുത്തില്‍ നിലത്ത് പാത്തിയായി വിരിക്കാനും ഉപയോഗിച്ചിരുന്നു. കാലം മാറി തൊഴുത്തുകളില്‍ വിരിക്കാന്‍ റബ്ബര്‍ മാറ്റുകള്‍ എത്തിയതോടെ പനയും പനംപാത്തികളും അപ്രത്യക്ഷമായി. നിലവില്‍ ജില്ലയില്‍ വനാതിര്‍ത്തികളടക്കമുള്ള പ്രദേശങ്ങളില്‍ വിരളമായേ പനകള്‍ കാണാനുള്ളു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by