കൊച്ചി മഹാനഗരത്തിലെ സംഘപ്രവര്‍ത്തനത്തിന് 1960കളിലും 1970 കളുടെ ആദ്യ പകുതിയിലും നേതൃത്വംനല്‍കിയ മഹാരഥന്മാരില് ഒരാളായിരുന്നു അന്തരിച്ച ഡി. അനന്തപ്രഭു (92). അഡ്വ. ടി.വി. അനന്തേട്ടന്, വി.രാധാകൃഷ്ണ ഭട്ട്ജി, അഡ്വ. ആര്. ധനഞ്ജയന് (ഹരിയേട്ടന്റെ ഇളയ സഹോദരന്), ജയപ്രകാശ് (ജെപി), പരേതന്റെ ഇളയ സഹോദരന് ഡി. സജ്ജന്‍ എന്നിവരായിരുന്നു ആ ഗണത്തിലെ മറ്റ് ഉന്നതശീര്ഷര്. 1969കളില്‍ അനന്ത പ്രഭുജി ആര്‍എസ്എസ് കാര്യവാഹ് ആയി കൊച്ചി കോര്പ്പറേഷന് എന്ന സംഘടനാ സംവിധാനം നിലവില്‍ വന്നു. മേല്‍പ്പറഞ്ഞ അഞ്ചു പേര് തമ്മിലുള്ള അദ്ഭുതകരമായ സാഹോദര്യവും സഹവര്‍ത്തിത്വവും മാനസിക ഐക്യവും കൊച്ചി കോര്‍പ്പറേഷനില്‍ സംഘപ്രവര്‍ത്തനത്തിനു നല്കിയ ശോഭ 1970 മുതല്‍ എറണാകുളത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീര്‍ന്ന ഈ ലേഖകന്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്നു. അതുവരെയും എന്റെ വ്യക്തിജീവിതവും സംഘജീവിതവും തൃശ്ശൂരില്‍ ആയിരുന്നു. 1972 ല്‍ കൊച്ചി കോര്പ്പറേഷന് സംഘദൃഷ്ടിയില്‍ കൊച്ചി ജില്ലയായി ഉയര്‍ത്തപ്പെട്ടു. അതോടെ അനന്തപ്രഭുജി കൊച്ചി ജില്ല കാര്യവാഹ് ആയി. കൊച്ചി കോര്‍പ്പറേഷനും ചേരാനെല്ലൂര്‍ പഞ്ചായത്തും ചേര്‍ന്ന പ്രദേശം ഒഴിച്ചുള്ള എറണാകുളം ജില്ലയുടെ ഭാഗങ്ങള്‍ ആലുവ ജില്ലയായി. കൊച്ചി ജില്ലയും ആലുവ ജില്ലയും കോട്ടയം-ഇടുക്കി റവന്യൂ ജില്ലകളും ചേര്‍ന്ന് എറണാകുളം വിഭാഗ് രൂപീകരിക്കപ്പെട്ടു. അതുവരെയും എറണാകുളം റവന്യൂ ജില്ലയുടെ കാര്യവാഹ് ആയിരുന്ന ഭട്ട്ജി അതോടെ എറണാകുളം വിഭാഗ് കാര്യവാഹ് ആയി. കുറെ വര്‍ഷത്തെ പ്രചാരക ജീവിതം കഴിഞ്ഞു കുടുംബജീവിതത്തിലേക്ക് വന്ന ഭട്ട്ജി, കാര്യവാഹ് ആയി പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ (ജില്ല, വിഭാഗ്) പ്രചാരക് ഉണ്ടാകാറില്ല. വൈകാതെ തൃക്കാക്കര പഞ്ചായത്തും കൊച്ചി ജില്ലയുടെ ഭാഗമായി.
അടിയന്തരാവസ്ഥയെ തുടര്‍ന്നു അറസ്റ്റ് ചെയ്യപ്പെട്ടു ജയിലില്‍ കഴിയുന്നതുവരെ അനന്ത പ്രഭുജി കൊച്ചി ജില്ല കാര്യവാഹ് ആയി തുടര്‍ന്നു. അടിയന്തരാവസ്ഥക്കു ശേഷം വര്‍ഷങ്ങളോളം അദ്ദേഹം നിഷ്ഠാവാനായ സ്വയംസേവകനായി സംഘ ജീവിതം തുടര്‍ന്നു. രാവിലെ ആറുമണിക്കുള്ള ശാഖയില്‍ പങ്കെടുക്കാനുള്ള യുവാക്കളെ ഉറക്കത്തില്‍ നിന്നു ഉണര്‍ത്താന്‍ വീടുകളില്‍ നിന്നു വീടുകളിലേക്ക് സഞ്ചരിക്കുന്ന, ഒരു “സാധാരണ സ്വയംസേവകനായ’ അനന്തപ്രഭുജിയെ, ആ കാലത്ത് കൊച്ചി ജില്ല സഹകാര്യവാഹായിരുന്ന ഈ ലേഖകന്‍ കൗതുകത്തോടെയും അഭിമാനത്തോടെയും നോക്കി നിന്നിട്ടുണ്ട്.
1970 കാലത്താണ് ഈ ലേഖകന്‍ എറണാകുളത്ത് സ്ഥിര താമസക്കാരനായതെന്നു സൂചിപ്പിച്ചുവല്ലോ. ആ ദിവസങ്ങളില്‍ (ഏപ്രില്‍ 1970) എറണാകുളത്ത് ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു. ഞാന്‍ എറണാകുളത്ത് വന്നിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം. മുഖ്യ ശിക്ഷക് എം. ശിവദാസേട്ടന് ശാഖ കഴിഞ്ഞു വെറും ടീനേജ് പയ്യനായ എന്നെയും കൂട്ടി സമ്മേളന നഗരിയായ സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് (ഇന്നത്തെ അംബേദ്കര്‍ സ്റ്റേഡിയം)പോയി. എന്നെ കണ്ട ഉടനെ ചിരിച്ചു കൊണ്ട് ഒരു ചോദ്യം ‘തൃശ്ശൂര്‍ നിന്നു വന്ന സതീശന്, പരമാര ശാഖ, അല്ലേ’. മുണ്ടും മടക്കിക്കുത്തി തറവാട്ടിലെ ഒരു വലിയ ചടങ്ങ് നടക്കുമ്പോള്‍ എവിടേയും കണ്ണ് ചെന്നെത്തുന്ന ഒരു തറവാട് കാരണവരെ പോലെ നില്ക്കുന്ന കോര്പ്പറേഷന് കാര്യവാഹിനെ അദ്ഭുതത്തോടെ കണ്ടു. ചെറിയ കാര്യങ്ങള്‍ക്കുപോലും നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. ഏതാനും ദിവസം മുന്‍പുവരെ എന്റെ ജില്ല കാര്യവാഹായിരുന്ന തൃശ്ശൂരിലെ ജി. മഹാദേവ്ജിയെ ഓര്‍മ്മ വന്നു. രണ്ടു പേരും ചിരിച്ചു കൊണ്ട് സംസാരിക്കുന്നവരാണ്. രണ്ടു പേര്‍ക്കും ദ്വേഷ്യം വരുന്നത് കാണാന്‍ അവസരം കിട്ടിയിട്ടില്ല.
പിന്നീട് അഞ്ചു വര്‍ഷത്തോളം അദ്ദേഹത്തിന്റെ കീഴില്‍ ശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല് കാര്യവഹ്, ഖണ്ഡ് കാര്യവഹ് എന്നിങ്ങനെയുള്ള പല ചുമതലകളും വഹിച്ചു. എന്തു പ്രശ്നം ഉണ്ടായാലും ചിരിച്ചു കൊണ്ട് നേരിടുന്ന മാന്ത്രികവിദ്യ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഏത് പ്രശ്നവും സങ്കടവും കൊണ്ട് ചിറ്റൂര്‍ റോഡിലെ, കെഎസ്ആര്‍ടിസിക്കു സമീപമുള്ള വീട്ടില്‍ ചെല്ലാം. ആശ്വാസവാക്കുകളും ചിരിയും കൊണ്ട് അതെല്ലാം ഐസ് പോലെ ഉരുക്കിക്കളയുന്ന ഇന്ദ്രജാലം അപ്പോഴെല്ലാം കണ്ടു. 1950 കളില്‍ അനന്ത പ്രഭുജിയും ഇളയ സഹോദരന് സജ്ജന്‍ജിയും സംഘ ശാഖയില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്റെ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. പിന്നീട് അച്ഛനെ കബളിപ്പിക്കാന്‍, പാര്‍ക്കില്‍ പോകുന്നു എന്ന വ്യാജേന ജ്യേഷ്ഠന് ശാഖയില്‍ പോകാന്‍ തുടങ്ങി. അദ്ദേഹം പോകുന്നത് പാര്‍ക്കില്‍ തന്നെ ആണോ എന്ന് കണ്ടുപിടിച്ചു വരാം എന്ന പേരില്‍ അനുജനും ശാഖയില്‍ പോകാന്‍ തുടങ്ങി. ആ കാലത്ത് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന രാ. വേണുവേട്ടന്റെ ശ്രമഫലമായി അച്ഛനും നല്ല സംഘ അനുഭാവിയായി തീര്‍ന്നു. അതോടെ ആ വീട് എറണാകുളത്തെ സംഘ പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമായി. ദ്വിദീയ സര്‍സംഘചാലക് പരമ പൂജനീയ ഗുരുജിയുടെ എറണാകുളം സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റെ സ്ഥിരം ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യവും ആ കുടുംബത്തിനു കിട്ടി. വൈകിയ 1950കള്‍ മുതല്‍ എറണാകുളം സന്ദര്‍ശനത്തില്‍ തന്റെ വീട്ടില്‍ ഗുരുജി താമസിക്കാന്‍ തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനം വരെ രണ്ടു പ്രാവശ്യം ഒഴികെ എല്ലാ തവണയും തന്റെ വീട്ടില്‍ മാത്രമേ താമസിച്ചിട്ടുള്ളൂ എന്ന് ഈയിടെ, ഹരിയെട്ടനെ സംബന്ധിച്ച ഒരു ഇന്റര്‍വ്യൂയിനിടക്ക്, കലൂര്‍ ഷാജിയോട് അദ്ദേഹം പറഞിരുന്നു.
അതില്‍ സുപ്രധാനമായ ചില സന്ദര്‍ശനങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. അനന്ത പ്രഭുജി വിവാഹിതനായത് 1958 ജൂലായ് 13നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം മൂലം പൂജനീയ ഗുരുജി, വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ആ വര്‍ഷത്തെ കേരള പരിപാടി ആസൂത്രണം ചെയ്തു. പങ്കെടുക്കുകയും ചെയ്തു. വിവാഹപ്പിറ്റെന്നു ഗുരുജിയോടോത്ത് ഒരു ഫോട്ടോ എടുക്കുന്ന കാര്യം അച്ഛന് സൂചിപ്പിച്ചു. (ആ കാലത്ത് വിവാഹ പരിപാടി ക്യാമറയില്‍ പകര്‍ത്തുന്ന ശൈലിയൊന്നും നിലവിലില്ലായിരുന്നു). ഇനിയുള്ളത് അച്ഛന് ഈ ലേഖകനോട് നേരിട്ട് പറഞ്ഞതാണ്: ക്യാമറയ്ക്ക്പോസ് ചെയ്യുന്ന കാര്യത്തില്‍ സ്വതവേ വിമുഖനായ ഗുരുജി സ്വാഭാവികമായും നിരസിച്ചു. അച്ഛന്റെ നിര്‍ബന്ധം തുടര്‍ന്നു. ഗുരുജി തന്റെ നിലപാടില്‍ നിന്ന് കടുകിട മാറിയില്ല. അവസാനം അച്ഛന് അവസാനത്തെ ആയുധം പുറത്തെടുത്തു “Guruji, we cannot come up to your level, os, please kindly come down to our level’ (ഗുരുജീ, ഞങ്ങള്‍ക്ക് അങ്ങയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു വരാന്‍ കഴിവില്ല. അതിനാല്‍ ദയവായി ഞങ്ങളുടെ താഴ്ന്ന നിലവാരത്തിലേക്ക് ഇറങ്ങി വന്നാലും). ഇത് ഗുരുജിയുടെ ഹൃദയത്തെ സ്പര്‍ശിച്ചു, അദ്ദേഹം പറഞ്ഞു “Ok, get a photographer’. (ശരി, ഫോട്ടോഗ്രാഫറെ കണ്ടുപിടിക്കൂ). പിന്നെ സജ്ജന്‍ജി സൈക്കിളുമായി ഇറങ്ങുന്നു. ക്യാമറക്കാരനെ കൂട്ടിക്കൊണ്ടു വരുന്നു. അന്ന് എടുത്ത ചിത്രമാണ് ഇതോടോപ്പമുള്ളത്. ഗുരുജിയുടെ അത്യപൂര്‍വ്വമായ ചിത്രം.
മറ്റൊന്ന് മന്നത്ത് പദ്മനാഭനും ഗുരുജിയും എല്ലാം ഉള്‍പ്പെട്ട സംഭവമാണ്. 1957 ഒക്ടോബര്‍ 13. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം ആര്‍എസ്എസ് സാംഘിക്കും അതിനു മുന്‍പ് തൊട്ടടുത്ത ടിഡിഎം ഹാളില്‍ പൗരപ്രമുഖരുടെ യോഗവും. ഇരു പരിപാടികളിലും പൂജനീയ ഗുരുജിയുടെ പ്രസംഗം. മുഖ്യാതിഥി മന്നവും. അന്ന് സമയക്കുറവു മൂലം വിമാനമാര്‍ഗമാണ് മന്നം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിയത്. അന്ന് ഇരുവരും താമസിച്ചത് അനന്തപ്രഭുജിയുടെ വീട്ടില്‍. മന്നം അതിനെ കുറിച്ച് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
പിന്നീടു ത്രിതീയ സര്‍സംഘചാലക് ബാലാ സാഹെബ് ദേവറസ്ജിയും പലതവണ അനന്ത പ്രഭുജിയുടെ വീട്ടില്‍ അതിഥിയായി. മുന്‍ സര്‍കാര്യവാഹും കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകത്തിന്റെ കാരണഭൂതനുമായ ഏക്നാഥ് റാനഡെയുടെ ഒരു സ്വകാര്യ പരിപാടിയില്‍ ഈ ലേഖകന്‍ പങ്കെടുത്തതും അതെ ഭവനത്തില്‍.
കൊച്ചിയുടെ പഴയ കാല സംഘചരിത്രം ഈ ലേഖകന്‍ കുറെയേറെ മനസ്സിലാക്കിയത് പ്രായത്തെ വെല്ലുന്ന ഓര്‍മ്മശക്തിയോടെ സംസാരിക്കുന്ന പ്രഭുജിയില്‍ നിന്നാണ്. ഭാസ്ക്കര്‍ റാവുജി, ഹരിയേട്ടന്, പരമേശ്വര്‍ജി, ആര്. വേണുവേട്ടന്, ടി.വി. അനന്തേട്ടന്, രാധാകൃഷ്ണഭട്ട്ജി, സേതുഎട്ടന്‍ എന്നിവരുമായി അദ്ദേഹത്തിന് ഉറ്റ ബന്ധമാണ് ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥക്ക് തൊട്ടു മുന്‍പു ഭാസ്ക്കര്‍ റാവുജിക്കു ഹൃദയസംബന്ധമായ അസുഖം ബാധിച്ചു. ആശുപത്രിയില്‍ നിന്ന് കാര്യാലയത്തില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് കുറച്ചു ദിവസത്തേക്ക് കിടക്കാന്‍ പ്രഭുജിയുടെ വീട്ടില്‍ നിന്ന് കട്ടില് കൊണ്ടുവന്നത് ഓര്‍ക്കുന്നു. അതിനു മുന്‍പും പിന്‍പും പ്രാന്തപ്രചാരക് ഭാസ്ക്കര്‍ റാവുജിയുടെ ഉറക്കം കട്ടില് ഇല്ലാതെയായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹം മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചു. ആ കുടുംബം മൊത്തമായും സംഘമയമായിരുന്നു. അനുജന് സജ്ജന്‍ജി 1970 കളില്‍ എറണാകുളം കായലിന്റെ കിഴക്കുഭാഗത്തുള്ള കൊച്ചി കോര്‍പ്പറേഷന്റെ ഖണ്ഡ് കാര്യവാഹായിരുന്നു. സഹോദരിമാരുടെ ജീവിത പങ്കാളികളായ വി. ലക്ഷ്മണ പ്രഭു പഴയ കാല സംഘപ്രവര്‍ത്തകനും വിശ്വഹിന്ദു പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. കൃഷ്ണ ഷേണായ് എറണാകുളം നഗര്‍ സംഘചാലക് ആയിരുന്നു. ഒരു കാലത്ത് എറണാകുളത്ത് ആര്‍എസ്എസ്സിന്റെ മുഖമായിരുന്നു പ്രഭുജി. അനന്ത പ്രഭുജിയുടെ ഓര്മക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: