കൂടല്‍: പ്രകൃതി സൗന്ദര്യത്തിന്റെ കാഴ്ചയായി ഏവരേയും ആകര്‍ഷിച്ചിരുന്ന കൂടല്‍ രാജഗിരി വെള്ളച്ചാട്ടം കടുത്ത വേനല്‍ച്ചൂടില്‍ പൂര്‍ണമായും നിലച്ചത് സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും നിരാശരാക്കുന്നു. കൂടല്‍ ജങ്ഷനില്‍ നിന്ന് രാജഗിരി റോഡില്‍ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന പുന്നമൂട് വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന രാജഗിരി വെള്ളച്ചാട്ടം കോളജ് വിദ്യാര്‍ത്ഥികളുടെയും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരുടെയും പ്രിയ ഇടമായിരുന്നു.
വെള്ളച്ചാട്ടത്തിന് ചുറ്റും പടര്‍ന്നു കിടക്കുന്ന കാട്ടുവള്ളികളും വനത്തിന്റെ തണുപ്പ് തരുന്ന മരങ്ങളും നിറഞ്ഞ ഇവിടം വെള്ളച്ചാട്ടം നിലച്ചതോടെ ആര്‍ക്കും വേണ്ടാത്ത ഇടമായി മാറി. പാറക്കെട്ടുകളില്‍ പ്രവഹിച്ചിരുന്ന ജലകണങ്ങള്‍ ഇപ്പോള്‍ ഇവിടെയില്ല. പാറകള്‍ക്കിടയില്‍ നിന്നും ഊറിവരുന്ന നേര്‍ത്ത നീര്ച്ചാല് മാത്രമാണ് ഇപ്പോള്‍ ഉള്ളത്.
കള്ളിപ്പാറയില്‍ നിന്ന് ഉത്ഭവിച്ചു പത്തനാപുരത്തു കല്ലടയാറ്റില്‍ ചേരുന്ന രാജഗിരിതോട്ടിലാണ് ഈ വെള്ളച്ചാട്ടമുണ്ടായിരുന്നത്. എരപ്പന്‍കുഴി വെള്ളച്ചാട്ടമെന്നും ഇത് അറിയപ്പെട്ടിരുന്നു. വ്ളോഗര്‍മാരുടെയും വിവാഹ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്നവരുടെയും ഇഷ്ടകേന്ദ്രമായിരുന്നു രാജഗിരി വെള്ളച്ചാട്ടം.
കോന്നിയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ കൃത്യമായ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തിയ രാജഗിരി വെള്ളച്ചാട്ടം പഴയ നിലയിലേക്ക് മടങ്ങിയെത്തുന്നതു കാണാന്‍ മഴക്കാലം കാത്തിരിക്കുകയാണ് സഞ്ചാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: